പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ സമസ്തയുടെ സ്ഥാപന ചിന്തക്ക് അടിത്തറപാകിയ പണ്ഡിതൻ
സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ. 1933 മുതൽ 1945 വരെ അദ്ദേഹം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രസിഡന്റ് സ്ഥാനമലങ്കരിച്ചു. മുസ്ലിം കേരളത്തിന്റെ ഈമാനിനെ സംരക്ഷിക്കാനും പാരമ്പര്യതനിമയെ ഊട്ടിയുറപ്പിക്കാനും വേണ്ടി രൂപംകൊണ്ട സമസ്തയുടെ വളർച്ചയിലും വ്യാപനത്തിലും കഠിന പ്രയത്നം നടത്തിയ പ്രഗത്ഭ പണ്ഡിതനും സൂഫീവര്യനും എല്ലാമേഖലകളിലും ജ്വലിച്ച് നിന്ന വ്യക്തിത്വവുമായിരുന്നു പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ. പ്രമുഖ സ്വഹാബി വര്യൻ മുഹമ്മദ് ബിൻ മാലിക്കുബിൻ ഹബീബിൽ അൻസ്വാരി(റ)ന്റെ സന്താന പരമ്പരയിൽപ്പെട്ട നൂറുദ്ദീൻ എന്നവരുടെ പുത്രനായി ഹിജ്റ 1305 ശവ്വാൽ 11- നാണ് അദ്ദേഹം ജനിക്കുന്നത്. മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പാങ്ങ് എന്ന ഗ്രാമത്തിലായിരുന്നു ജനനം.
മഹാനവർകളുടെ പിതാമഹൻ കമ്മുമൊല്ല എന്ന പേരിൽ പ്രസിദ്ധനായ മുഹമ്മദ് അബ്ദുൽ ബാരി എന്നവർ മമ്പുറം തറമ്മൽ എന്ന സ്ഥലത്തുനിന്നും പാങ്ങിലെ ആറംകോട്ട് എന്ന സ്ഥലത്തേക്ക് സ്ഥലം മാറിയതോടെയാണ് പാങ്ങിൽ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായത്. പഴേടത്ത് വയോട്ടൽ പോക്കുഹാജിയുടെ പുത്രി തിത്തുവായിരുന്നു മാതാവ്.
പണ്ഡിത കുടുംബമായത് കൊണ്ട് മാതാപിതാക്കളിൽ നിന്നായിരുന്നു പ്രാഥമിക പഠനം. ഏഴാം വയസ്സിൽ ഖുർആൻ പഠനം പൂർത്തിയാക്കിയ മഹാൻ പതിനെട്ടു വയസ്സുവരെ സ്വന്തം നാടായ പാങ്ങിൽ തന്നെ പഠനം. തുടർന്നു പിന്നീട് കട്ടിലശ്ശേരി ആലിമുസ് ലിയാരെന്ന അശൈഖ് അലിയ്യുത്തൂരി(റ) കരിമ്പനക്കൽ അഹ്മദ് മുസ്ലിയാർ, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്ലിയാർ പണ്ഡിത വരേണ്യരുടെ ശിക്ഷണത്തിൽ ജ്ഞാനം കരഗതമാക്കി.
ഉപരി പഠനത്തിന് വേണ്ടി വെല്ലൂർ ബാഖിയാത്തിൽ ചേർന്ന അദ്ദേഹം മൗലാനാ അബ്ദുൽ വഹാബ് ഹസ്രത്ത്, അബ്ദുൽ ജബ്ബാർ ഹസ്രത്ത്, ഹസ്രത്ത് ഖാദിർ ശാഹ് ബാദുഷാ തുടങ്ങിയ മഹാപണ്ഡിത പ്രമുഖരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം തുടർന്നു. ജ്ഞാനദാഹം തീരാത്തമഹാനവറുകൾ വെല്ലുർ ലത്വീഫിയ്യയിൽ വരുകയും കിത്താബുകളിൽ അവഗാഹം നേടുകയും ചെയ്തു. ഫാരിസ് ഖാൻ എന്ന പേരിൽ പ്രസിദ്ധനായ മുഹമ്മദ് ഹുസൈൻ ഖാൻ,ശൈഖ് അബ്ദു റഹീം ഹസ്രത്ത് എന്നിവരായിരുന്നു ഉസ്താദുമാർ. ദർസ് വിദ്യാഭ്യാസത്തിനു ശേഷം അറബി, ഉറുദു, പേർഷ്യൻ ഭാഷകളിൽ അവഗാഹം നേടിയശേഷം സ്വദേശമായ പാങ്ങിൽ ജുമുഅ പള്ളിയിൽ ദർസ് നടത്തുകയും ശേഷം മണ്ണാർക്കാട് മുദരിസ്സായി തുടരുകയും ചെയ്തു. തികഞ്ഞ പണ്ഡിതൻ, അനുഗ്രഹീത പ്രഭാഷകൻ, എഴുത്തുകാരൻ, ഗ്രന്ഥകാരൻ, സംഘാടകൻ എന്നീ നിലയിലെല്ലാം പ്രശോഭിച്ചു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പാക്കപ്പുറം കൊറ്റോത്ത് വീട്ടിൽ സൈദാലി ഹാജിയുടെ മകൾ ഖദീജയായിരുന്നു മഹാനായവരുടെ ഭാര്യ. അതിനുശേഷം വല്ലപ്പുഴ ബീരാൻകുട്ടി മുസ് ലിയാരുടെ മകൾ ഫാത്തിമ്മയെ വിവാഹം ചെയ്തു. പിന്നീട് പൊന്നാനിയിൽ നിന്നും വിവാഹംചെയ്തിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന മൗലവി മുഹമ്മദ് ബാഖവി ആദ്യ ഭാര്യയിലെ ഏക പുത്രനാണ്. രണ്ടാമത്തെ ഭാര്യയിൽ നാല് മക്കളുണ്ടായിരുന്നു.
മണ്ണാർക്കാട് ദർസ് നടത്തിയതിന് ശേഷം താനൂരിൽ വലിയ കുളങ്ങര പള്ളിയിലേക്കുമാറി. നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന ദർസിന്റെ ചുമതലയായിരുന്നു അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നത്. പ്രസ്തുത ദർസിനെ ഉന്നതങ്ങളിലെത്തിക്കാനുള്ള കഠിന ശ്രമങ്ങൾ തന്നെ അദ്ദേഹം നടത്തുകയുണ്ടായി. അക്കാരണം കൊണ്ട്തന്നെ ദർസിനെ അറബിക് കോളേജായി രൂപമാറ്റം വരുത്താൻ അദ്ദേഹത്തിന് സാധിച്ചു.
മഹാനവർകൾ ദർസാരംഭിച്ചതോടെ നാനാഭാഗങ്ങളിൽനിന്നും മുതഅല്ലിമുകൾ വന്നുതുടങ്ങി.വിദ്യാർത്ഥികളുടെ ആധിക്യം കാരണം താമസ-ഭക്ഷണ സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് അസാസുൽ ഇസ്ലാം എന്ന സഭ രൂപീകരിക്കുകയും ദർസിന്റെ പുരോഗതിക്കുള്ള വഴികൾ കണ്ടെത്തുകയും ചെയ്തു. മാത്രമല്ല പ്രസ്തുത ദർസിന് ഇസ്ലാഹുൽ ഉലൂം മദ്രസ എന്ന് നാമകരണം ചെയ്യുകയുംചെയ്തു. മദ്രസയുടെ മാനേജറും പ്രൻസിപ്പലും മഹാനവർകൾത്തന്നെയായിരുന്നു. കുട്ടികളുടെ സൗകര്യാർത്ഥം വലിയ ബിൽഡിംഗ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുകയും അതിനുള്ള നടപടികൾ കൈകൊള്ളുകയും ചെയ്തു. താനൂരിൽ നടന്ന ഒന്നാം വാർഷിക സമ്മേളനത്തിൽ വലിയ കെട്ടിടം നിർമിക്കാനുള്ള തീരുമാനമായി. കെട്ടിട നിർമ്മാണത്തിനു ശേഷം ദർസ്സ് അതിലേക്കുമാറ്റുകയും ഉൗർജ്ജ സ്വലമായി ആറ് വർഷത്തോളം തുടർന്ന് പോകുകയും ചെയ്തു.
താനൂരിൽ നിന്നും ദർസവസാനിപ്പിച്ച് മഹാൻ പിന്നീട് അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ വീഥികളിൽ ഗർജ്ജിക്കുന്ന സിംഹമയി മാറുകയായിരുന്നു. പുത്തൻ വാദികളുടെ വികലാശയങ്ങൾക്ക് അക്കമിട്ടു മറുപടി പറയുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം ജനങ്ങൾക്കിടയിൽ വലിയ മതിപ്പുളവാക്കുകയും ഓരോ പ്രഭാഷണവും കേൾക്കാൻ ആയിരങ്ങൾ തടിച്ചുകൂടുകയും ചെയ്തിരുന്നു. കേരള മുസ്ലിംകളുടെ ആദർശ ബോധത്തെ ഇല്ലായ്മ ചെയ്യാനും ബിദ്അത്തിന്റെ കപട ആശയങ്ങളെ പ്രചരിപ്പിക്കുവാനുമായി ഇറക്കുമതി ചെയ്ത നാഗപ്പള്ളി യൂസുഫ് ഇസ്സുദ്ധീൻ തന്റെ ദൗത്യം നിർവഹിക്കാൻ തുടങ്ങിയപ്പോൾ അതിനെതിരെ ശക്തമായി പ്രതിരോധിക്കാനും അദ്ദേഹത്തിന്റെ ഓരോ വാചകങ്ങളും അക്കമിട്ട് മറുപടി പറയാനും മഹാനവർകൾക്ക് സാധിച്ചു.
ഒരിക്കൽ ആദർശ പ്രചരണാർത്ഥം തുരുവനന്തപുരത്ത് ഒരു സമ്മേളനം നടത്താൻ തീരുമാനമയി. ഇതറിഞ്ഞ് ഭയചകിതരായ വഹാബികൾ ദിവാന് ഒരു ഹർജി സമർപ്പിക്കുകയുണ്ടായി. മത വിദ്വേഷം ഉണ്ടാക്കുന്നവരും വിദ്യാഭ്യാസത്തെ എതിർക്കുന്നവരുമാണെന്നും സമ്മേളനം നടത്തുകയാണെങ്കൽ ഹിന്ദു- മുസ്‌ലിം കലാപം പൊട്ടിപ്പുറപ്പെടുമെന്നുള്ള രീതിയിലായിരുന്നു ഹരജി സമർപ്പിച്ചിരുന്നത്. ഇതിനെ തുടർന്ന് സമ്മേളന നഗരിയിലെത്തിയ മഹാനവർകളെയും സംഘത്തെയും പോലീസുകാർ വളഞ്ഞ് അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. വിചാരണ ദിവസം പാങ്ങിൽ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ സന്തത സഹചാരിയും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഒ. മാമുക്കോയ സാഹിബ് കോടതിയിൽ ഹാജരായി വല്ലതും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ മാമുക്കോയ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു. ഇവിടെ ഞങ്ങൾ പ്രസംഗിക്കാനുദ്ധേശിച്ചത് കോഴിക്കോട് നിന്നും അച്ചടിച്ചു കൊണ്ടുവന്ന ഈ പ്രസംഗമാണ്. ഇത് കോടതി വായിച്ചാലും... മറ്റു മതസ്ഥരുമായി മുസ്‌ലിംകൾ ഇടപെടേണ്ട വിതവും മത സൗഹാർദ്ധത്തിന്റെ ആവശ്യകതയും വിദ്യാഭ്യാസ രംഗത്ത് എങ്ങനെ മുന്നോട്ട് കുതിക്കാമെന്നതിനെ കുറിച്ചെല്ലാമായിരുന്നു പ്രസ്തുത അദ്ധ്യായം പ്രസംഗത്തിൽ ഉണ്ടായിരുന്നത്. ഭരണ വർഗത്തോട് നല്ല രീതിയിൽ വർത്തിക്കേണ്ടതിനെക്കുറിച്ചും പ്രസംഗത്തിൽ ഉൾക്കൊണ്ടിരുന്നു.
പ്രസംഗം വായിച്ച ശേഷം കോടതി മാമുക്കോയയോട് ചോദിച്ചു. ഈ പണ്ഡിതൻമാർ ഇംഗ്ലീഷ് ഭാഷയെ എതിർക്കുന്നവരാണോ മാമുക്കോയ മറുപടി നൽകി: ഇവിടെ പങ്കെടുക്കുന്നവരിൽ ഏറ്റവും പ്രധാനി എന്റെ നേതാവായ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരാണ്. അദ്ദേഹം ഇംഗ്ലീഷ് ഭാഷയെ എതിർക്കുന്നവനാണെങ്കിൽ ഞാൻ എങ്ങനെയാണ് നിങ്ങൾക്ക് മുമ്പിൽ ഇംഗ്ലീഷ് സംസാരിക്കുക? ഇത് കേട്ട കോടതി ഉടനെ പാങ്ങിൽ അഹ് മദ് കുട്ടി മുസ്‌ലിയാർക്കെതിരെ നൽകിയ ഹർജി പിൻവലിക്കുകയും സമ്മേളനം നടത്താൻ അനുവദിക്കുകയും ചെയ്തു.
.png)
നല്ലൊരു സാഹിത്യകാരൻ കൂടിയായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അൽ ബയാനു ശാഫീ ഫീ ഇൽമിൽ അറൂളി വൽ ഖവാഫീ, അന്നഹ്ജുൽ ഖവീം, തൻഖീഹിൽ മൻതിഖി ഫീ ശറഹി തസ്‌രീഹിൽ മൻതിഖി,തുഹ്ഫത്തുൽ അഹ്ബാബ്, ഇസാഹമതിൽ ഹംസ,ഇസ്‌ലത്തുൽ ഖുറാഫാത്ത്, നജ്മു അലാഖാതിൽ മജാസിൽ മുർസൽ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സമസ്തയുടെ നിർമിതിയിൽ ജീവൻ മന്ന് പ്രയത്‌നിച്ചു എന്നത് കൊണ്ട് ആദ്യം പ്രസിഡന്റായി പണ്ഡിതന്മാർ അഭിപ്രയാപ്പെട്ടിരുന്നുത് പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരെ യായിരുന്നു. പക്ഷേ സയ്യിദന്മാരെ പരഗണിച്ച് കൊണ്ട് വരക്കൽ മുല്ലക്കോയ തങ്ങളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്. സമസ്തയുടെ ആദ്യകാല മുഖപത്രമായിരുന്ന അൽ ബയാൻ മാസിക ആരംഭിച്ചതും അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും മഹാനവർകൾ തന്നെയായിരുന്നു.
രോഗ ബാധിതനായി വിശ്രമത്തിലായിരുന്ന മഹാനവർകൾ 1365-ദുൽഹിജ്ജ 25ന് ഈ ലോകത്തോട് വിട പറഞ്ഞു. പള്ളിപ്പുറം അബ്ദുൽ ഖാദർ മുസ് ലിയാർ, അരിപ്ര മുഹമ്മദ് കുട്ടി മുസ്‌ലിയർ, തുതക്കൽ മുഹമ്മദ് മുസ്‌ലിയാർ, അലനെല്ലൂർ കുഞ്ഞലവി മുസ്‌ലിയാർ, വെല്ലൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, ഇരിമ്പിലാശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യന്മാരിൽ ചിലരാണ്. പാങ്ങിൽ ജുമാ മസ്ജിദിനു സമീപമാണ് ഖബറിടം.
( സമസ്ത 85-ാം വാർഷിക സ്മരണിക)
Pangil Ahmad Kutty Musliyar (H.1305) was one of the foremost founding leaders of Samastha Kerala Jamiyyathul Ulama and served as its President from 1933 to 1945. A renowned scholar, Sufi, educator, reformer, and fearless defender of Sunni tradition, he played a crucial role in preserving Kerala’s Islamic identity. His contributions to religious education, establishment of Arabic colleges, powerful public speeches, and numerous scholarly works left a lasting legacy in Kerala Muslim history.
Archive Note : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."