അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം
ഇന്ത്യൻ ടീമിനൊപ്പമുള്ള ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ്. ഇന്ത്യക്ക് എല്ലാ ഫോർമാറ്റിലും ഒറ്റ ക്യാപ്റ്റനെ മാത്രം ആവശ്യമില്ലെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. ടി-20യിലും ഗില്ലിനെ ക്യാപ്റ്റനാക്കിയാൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും അഭിനവ് മുകുന്ദ് പറഞ്ഞു.
''മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനായി വരാനുള്ള എല്ലാ കഴിവുകളും ശുഭ്മൻ ഗില്ലിനുണ്ടെന്ന് ഞാൻ കരുതുന്നു. എന്നാൽ നമുക്ക് ഒരു ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. സ്പ്ലിറ്റ് ക്യാപ്റ്റൻസി വളരെ ബുദ്ധിപരമായ നീക്കമാണ്. ടെസ്റ്റ് ടീമിന്റെ ഉത്തരവാദിത്വം ഗില്ലിന് നൽകിയിരിക്കുകയാണ്. അവൻ വലിയ സമ്മർദ്ദത്തിൽ ആയിരിക്കും'' അഭിനവ് മുകുന്ദ് പറഞ്ഞു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 93 റൺസിന് പുറത്താവുകയായിരുന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് സൗത്ത് ആഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
പരമ്പരയിലെ അവസാന മത്സരം നവംബർ 22ന് ഗുഹാഹത്തിയിലാണ് നടക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ കളിക്കില്ല. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് ഗില്ലിന് പരുക്കേറ്റത്. മത്സരത്തിന്റെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റ ഗിൽ റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. നാല് റൺസ് നേടി ക്രീസിൽ തുടരവെയാണ് ഗില്ലിന് പരുക്ക് പറ്റിയത്. താരം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. അവവസാന ടെസ്റ്റിൽ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ റിഷബ് പന്ത് ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."