കുറവിലങ്ങാട് മുത്തിയമ്മയ്ക്കരുകില്‍ ഒത്തുചേര്‍ന്നത് 2722 മേരിമാര്‍
കുറവിലങ്ങാട്: പേരിന്റെ പേരിലൊരു സംഗമം. കുറവിലങ്ങാട്ട് മുത്തിയമ്മയുടെ സന്നിധിയിലാണ് ഇന്നലെ ഇത്തരത്തിലൊരു സംഗമം നടന്നത്.
മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മാതാവിന്റെ തിരുനാളിന്റെ ഭാഗമായാണ് മേരിനാമധാരികളുടെ സംഗമം നടത്തിയത്. ആഴ്ചകള്‍ മാത്രം പിന്നിട്ട മേരിമാര്‍ മുതല്‍ നാലുതലമുറകള്‍ കണ്ടറിഞ്ഞ മേരിമാര്‍വരെ സംഗമത്തില്‍ കണ്ണികളായി. മേരി, മറിയം, അമല, നിര്‍മ്മല, വിമല, മരിയ എന്നിങ്ങനെ പേര് സ്വീകരിച്ചവരാണ് സംഗമത്തില്‍ പങ്കെടുത്തത്. പ്രായവും ഭാഷയും ദേശവും മറന്നുള്ള സംഗമം തലമുറകളുടെ സംഗമമായി മാറിയെന്നത് ആതിഥേയര്‍ക്ക് ഏറെ ആഹ്ലാദത്തിനും വകനല്‍കി. 2722 മേരിമാരാണ് ഇന്നലെ സംഗമിച്ചത്. എണ്ണത്തിനപ്പുറം ഭക്തിയുടെയും വിശ്വാസത്തിന്റെയും നേരനുഭവത്തിലാണ് മേരിനാമസംഗമത്തില്‍ വ്യക്തമായത്.
മുത്തശിമാരിലൂടെ മാതാവിന്റെ പേര് സ്വീകരിച്ചവര്‍ മുതല്‍ മാതാവിനോടുള്ള ഭക്തിയാല്‍ മാതാവിന്റെ പേര് സ്വീകരിച്ചവര്‍ സംഗമത്തിനെത്തിയിരുന്നു. ജീവിതായോധനത്തിന്റെ ഭാഗമായി വിദേശങ്ങളിലെത്തിയവര്‍ അവധി ക്രമീകരിച്ച് സംഗമത്തിനെത്തിയിരുന്നു.
എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് 2009-ലാണ് മേരിനാമധാരി സംഗമം ആരംഭിച്ചത്. ആയിരത്തില്‍ താഴെ മേരിമാര്‍ എത്തിയിരുന്ന ആദ്യ സാഹചര്യങ്ങളില്‍ നിന്നുമാറി ഇന്ന് എണ്ണം രണ്ടായിരത്തി അഞ്ഞൂറ് പിന്നിട്ടിരിക്കുന്നുവെന്നതും സംഗമത്തിന്റെ വിജയം വിളിച്ചോതുന്നു.
മേരിനാമധാരികള്‍ക്കായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തില്‍, സഹവികാരാമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, ടിഒആര്‍ സന്യസസഭാംഗം ഫാ. രാജീവ് തെന്നാട്ടില്‍ എന്നിവരും സംഗമത്തില്‍ പങ്കാളികളായി. അസി.വികാരി ഫാ. പോള്‍പാറപ്ലാക്കിലിന്റെ കാര്‍മികത്വത്തില്‍ പൊതുമാമ്മോദീസായും നടന്നു. ജപമാലപ്രദക്ഷിണത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. നോമ്പ് വീടല്‍ സദ്യയും ഭക്തിയുടെ രൂചിക്കൂട്ടില്‍ മികവുറ്റതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."