ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ചുമതലയേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ രാവിലെ 9.15ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും അതിഥികളായി പങ്കെടുക്കുന്നുണ്ട്.
ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായി ഇന്നലെ വിരമിച്ചതോടെയാണ് ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന് 15 മാസത്തോളം കാലാവധിയുണ്ട്. 2027 ഫെബ്രുവരി 9 ന് അദ്ദേഹം പദവി ഒഴിയും. 1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഇടത്തരം കുടുംബത്തിലാണ് ജസ്റ്റിസ് സൂര്യകാന്ത് ജനിച്ചത്. 1984 ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ഹിസാര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. 1985ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടന, സിവില്‍ നിയമങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം, 2000ത്തില്‍ അഡ്വക്കേറ്റ് ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."