കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത് 70 ഉദ്യോഗസ്ഥർ
തിരുവനന്തപുരം: വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത് 70 ഉദ്യോഗസ്ഥർ. പിടികൂടിയവരെയെല്ലാം ജയിലിലടച്ചു. കെണിവച്ച് കുടുക്കിയവരുടെ വിശദവിവരങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഇവർ ഏതൊക്കെ വകുപ്പിലാണ് തൊഴിലെടുക്കുന്നതെന്ന് കണ്ടെത്തി വകുപ്പ് അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചിട്ടുമുണ്ട്. 19 കേസുകളാണ് റവന്യൂവകുപ്പുമായി ബന്ധപ്പെട്ടുണ്ടായത്. ഭൂമിയുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം.
10 കേസുകളുള്ള തദ്ദേശസ്വയംഭരണ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. കൈക്കൂലിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ. മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന ആഭ്യന്തര വകുപ്പിൽ ആറു കേസുകളാണുള്ളത്. വിദ്യാഭ്യാസ വകുപ്പിലും കെ.എസ്.ഇ.ബിയിലും മൂന്ന് കേസുകൾ വീതമാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 11 കേസുകളുമാണുള്ളത്.
കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ വിശദമായ പട്ടിക വിജിലൻസ് തയാറാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് പ്രത്യേക നിരീക്ഷണത്തിലുൾപ്പെടുത്തിയിരുന്നു. വിജിലൻസ് അന്വേഷണപരിധിയിലും നിരീക്ഷണത്തിലും ഉണ്ടെന്ന് മനസിലായ ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി രീതി തന്നെ മാറ്റിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
കൈക്കൂലിക്കാരെ പിടികൂടാൻ വിജിലൻസിന്റെ എല്ലാ യൂനിറ്റുകൾക്കും നിർദേശം നൽകിയതായി ഡയരക്ടർ മനോജ് ഏബ്രഹാം പറഞ്ഞു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064ലോ 8592900900 എന്ന നമ്പറിലോ അറിയിക്കാം. വാട്‌സ് ആപ്പ് നമ്പർ: 9447789100.
കൈക്കൂലി കേസ് കൂടുതൽ റവന്യൂ വകുപ്പിൽ
തിരുവനന്തപുരം: കൈക്കൂലി കേസ് കൂടുതൽ റവന്യൂ വകുപ്പിൽ. നവംബർ 26, 28, 30 തീയതികളിൽ തുടർച്ചയായി മൂന്ന് ജീവനക്കാരെ കൈക്കൂലി കേസിൽ പിടികൂടി.
ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫിസറെയാണ് ഇന്നലെ കൈയോടെ പിടികൂടിയത്. ഭൂമി തരംമാറ്റാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫിസർ എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ് മോനെയാണ് വിജിലൻസ് കുടുക്കിയത്.
പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കാൻ നൽകിയ അപേക്ഷയിൽ കരംതീർപ്പാക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂർ സ്വദേശിയുമായ ജിബി മാത്യുവിനെ 28നും പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്ഗ്രൂപ്പ് ഓഫിസറും ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനെ 26നും വിജിലൻസ് പിടികൂടിയിരുന്നു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പരാതിക്കാരൻ തന്റെ ഉടമസ്ഥതയിലുള്ള 1.62 ഏക്കർ വസ്തു തരംമാറ്റാൻ അപേക്ഷിച്ചിരുന്നു.
ഇതിൽ തുടർനടപടി സ്വീകരിക്കാൻ വസ്തുവിന്റെ 2017 മുതലുള്ള നികുതിയൊടുക്കാൻ പരാതിക്കാരൻ ഒളവണ്ണ വില്ലേജ് ഓഫിസറെ സമീപിച്ചു. എന്നാൽ, വസ്തു ലോൺ ആവശ്യത്തിന് ഈടുവച്ചിട്ടുള്ളതിനാൽ നികുതി സ്വീകരിക്കുന്നതിന് തടസങ്ങളുണ്ടെന്ന് വില്ലേജ് ഓഫിസറായ ഉല്ലാസ് മോൻ പരാതിക്കാരനോട് പറയുകയും സെന്റിന് 10,000 രൂപ നിരക്കിൽ ആകെ 16,20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കൈക്കൂലിതുക എട്ട് ലക്ഷമാക്കി. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരൻ കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിനെ അറിയിക്കുകയും വിജിലൻസ് കെണിയൊരുക്കി പണം കൈപ്പറ്റുമ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."