അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും
തിരുവനന്തപുരം: വിവിധ തരത്തിൽ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന സ്ത്രീകൾ പതറേണ്ടതില്ല. പകരം ധൈര്യത്തോടെ വിളിക്കാം മിത്രയുടെ 181 എന്ന ഹെൽപ് ലൈനിലേക്ക്. സഹായവുമായി സേവന നിരതരായിരിക്കുന്നവരുണ്ടാകും 24 മണിക്കൂറും.
ആരും തുണയില്ലെന്നു കരുതി പ്രതികരിക്കാനാവാത്ത സ്ത്രീകളെ ശാക്തികരിക്കുന്നതിന്റെ ഭാഗം കൂടിയാണ് മിത്ര പദ്ധതി. ഇപ്പോൾ കൂടുതൽ സ്ത്രീകൾക്ക് സഹായകരമാകുന്ന രീതിയിൽ സേവനം വിപുലപ്പെടുത്തിയിട്ടുണ്ട്.
181 എന്ന ടോൾ ഫ്രീ നമ്പരിലൂടെ വനിതകൾക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കുന്നു. 2017ൽ ആണ് മിത്ര ഹെൽപ്പ് ലൈൻ ആരംഭിച്ചത്. തുടങ്ങിയതു മുതൽ ഇതുവരെ 5,66,412 കോളുകൾ ആണ് സ്വീകരിക്കപ്പെട്ടത്. രണ്ടുലക്ഷത്തോളം കേസുകളിൽ പൂർണ സഹായമെത്തിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് ഇത്രയധികം പേർ സംസ്ഥാനത്ത് അതിക്രമത്തിന് ഇരയാകുന്നുണ്ടോ എന്ന് നെടുവീർപ്പിടേണ്ടിവരുന്നത്. എന്നാൽ ഇതിനേക്കാൾ എത്രയോ പേർ ഇപ്പോഴും പരാതിപ്പെടാനാകാതെ നിൽക്കുന്നു എന്ന തിരിച്ചറിവാണ് മിത്രയുടെ വിവരം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നത്.
എല്ലാ സ്ത്രീകളും മിത്ര 181നമ്പർ ഓർത്ത് വയ്ക്കണമെന്നും അത്യാവശ്യഘട്ടങ്ങളിൽ സേവനം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ പലവട്ടം നിർദേശിച്ചിട്ടുണ്ട്. സേവനം തേടുന്നവർക്ക് സഹായം ലഭിക്കാറുമുണ്ട്. സ്വകാര്യത നിലനിർത്തി തന്നെ നീതി ലഭിക്കാൻ, പ്രതിസന്ധികളെ അതിജീവിക്കാൻ, സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ മടികൂടാതെ മിത്രയിലേക്ക് ബന്ധപ്പെടാമെന്നതാണ് നേട്ടം. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും ഹെൽപ്പ് ലൈൻ പ്രവർത്തിക്കുന്നുണ്ട്.
വിളിക്കുന്നവർക്ക് പൊലിസ്, ആശുപത്രി, ആംബുലൻസ് സേവനങ്ങൾ, മറ്റ് സംവിധാനങ്ങൾ പോലുള്ള ഉചിതമായ ഏജൻസികളിലേക്കുള്ള റഫറലുകൾ വഴിയാണ് സേവനം ഉറപ്പാക്കുന്നത്. കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗാർഹിക പീഡനം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ എന്നിവർക്കും സേവനങ്ങൾ പ്രയോജനപ്പെടുത്താം.
ദിനേന 300 കോൾ, സഹായത്തിന് 12 വനിതകൾ
സ്ത്രീകൾക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്താൻ കർമനിരതമാണ് മിത്ര 181. ശരാശരി 300 കോളുകളാണ് പ്രതിദിനം 181 എന്ന ഹെൽപ് ലൈനിൽ എത്തുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ വിളിക്കുന്ന കോളുകളും വിവരാന്വേഷണത്തിനായി വിളിക്കുന്ന കോളുകളുമാണ് അധികവും. മൂന്ന് ഷിഫ്റ്റുകളിലായി 12 വനിതകളാണ് സേവനമനുഷ്ഠിക്കുന്നത്. നിയമം അല്ലെങ്കിൽ സോഷ്യൽവർക്ക് മേഖലയിൽ ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്. വിദഗ്ധ പരിശീലനവും തുടർ പരിശീലനവും ഇവർക്ക് ഉറപ്പ് വരുത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."