'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ
അബൂദബി: രാജ്യത്തിന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ച് യുഎഇ രാഷ്ട്ര നേതാക്കൾ. രാജ്യത്തിന്റെ പുരോഗതി ജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് യുവതലമുറയിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വ്യക്തമാക്കി.
രാഷ്ട്രസ്ഥാപനത്തിന്റെ ആത്മാവ് ഓരോ ഇമാറാത്തി കുടുംബത്തിലും, രാജ്യത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഓരോ യുവാവിലും നിലനിൽക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
"സഹോദരന്മാരേ, സഹോദരിമാരേ, പുത്രന്മാരേ, പുത്രിമാരേ" എന്ന് അഭിസംബോധന ചെയ്ത ഷെയ്ഖ് മുഹമ്മദ്, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പൗരന്മാരെ ശാക്തീകരിക്കുക എന്നത് ഒരു അടിസ്ഥാന മുൻഗണനയായി തുടരുമെന്നും വ്യക്തമാക്കി.
ശാസ്‌ത്ര-സാങ്കേതികവിദ്യകളിലെ മുന്നേറ്റങ്ങൾ സ്വീകരിക്കുമ്പോഴും, ദേശീയ സ്വത്വം, അറബി ഭാഷ, ധാർമ്മിക മൂല്യങ്ങൾ എന്നിവ ഭാവി തലമുറകളെ നയിക്കണം. സ്വത്വമില്ലാത്ത ഒരു രാജ്യത്തിന് വർത്തമാനമോ ഭാവിയോ ഇല്ല, എന്ന് പറഞ്ഞ പ്രസിഡന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ യുവാക്കൾ മുന്നിട്ടുനിൽക്കുമ്പോഴും അവരുടെ വേരുകളിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ ജനസംഖ്യാപരമായ ഭാവി സുരക്ഷിതമാക്കുന്നതിലും കുടുംബത്തിനുള്ള പങ്ക് അദ്ദേഹം വിശദീകരിച്ചു. കുടുംബമാണ് ആദ്യത്തെ വിദ്യാലയം, ആദ്യ പ്രതിരോധ നിര എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
യുഎഇ കെട്ടിപ്പടുത്ത സാമൂഹിക ഘടന സംരക്ഷിക്കുന്നതിനുള്ള ദീർഘകാല ശ്രമങ്ങളുടെ ഭാഗമായി, സാമൂഹിക വർഷം (2025), കുടുംബ വർഷം (2026) എന്നിവയുൾപ്പെടെയുള്ള പ്രധാന ദേശീയ മാറ്റങ്ങളെക്കുറിച്ചും ഫെർട്ടിലിറ്റി നിരക്കുകളും സമൂഹ ഐക്യവും ശക്തിപ്പെടുത്തുന്നതിലുള്ള ശ്രദ്ധയെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
അഭിമാനം, കൃതജ്ഞത, എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സന്ദേശം. യുഎഇയുടെ സ്ഥാപനം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു അത്ഭുതകരമായ യാത്രയായി തുടരുന്നുവെന്നും യൂണിയൻ മൂല്യങ്ങൾ അടുത്ത തലമുറയിലൂടെ നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
"യുഎഇയിലെ യുവാക്കൾ നമ്മുടെ അഭിമാനവും ഭാവിയുടെ വാഗ്ദാനവുമാണ്," പഠനം, സേവനം, നവീകരണം എന്നിവയോടുള്ള അവരുടെ പ്രതിബദ്ധതയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"ഈദുൽ ഇത്തിഹാദ് ആഘോഷിക്കുന്നത് നമ്മുടെ തത്വങ്ങളും മൂല്യങ്ങളും പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കാനും അവ അടുത്ത തലമുറയ്ക്ക് കൈമാറാനും വേണ്ടിയാണ്. നമ്മുടെ നേട്ടങ്ങൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
uae national day messages emphasize that youth are the future of the nation, inspiring progress and development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."