ശംസുൽ ഉലമയും നന്തി ദാറുസ്സലാമും ; ചരിത്രത്തിലെ സുവർണ നിമിഷങ്ങൾ
| വർഷം | പ്രധാന സംഭവം |
| 1914 | ജനനം |
| 1914-1922 | ശൈശവ കാലം |
| 1922-1940 | വിദ്യാർത്ഥി ജീവിതം |
| 1940-1948 | ബാഖിയാത്തിലെ അദ്ധ്യാപന കാലം, മുഫ്തി |
| 1950 | വിവാഹം |
| 1950-1966 | സുപ്രധാന പ്രഭാഷണ പരമ്പരകൾ |
| 1950-1963 | ദർസുകളിൽ മുദരിസ് |
| 1957 | സമസ്ത ജനറൽ സെക്രട്ടറി ആയി സ്ഥാനമേറ്റു |
| 1963-1996 | കോളേജുകളിൽ പ്രിൻസിപ്പൾ, വിവിധ മഹല്ലുകളിൽ ഖാസി |
| 1961 | ഒന്നാമത്തെ ഹജ്ജ് |
| 1989 | പ്രസിദ്ധമായ യു.എ.ഇ. പര്യടനം |
നന്തി ദാറുസ്സലാം എന്ന് കേട്ടാല്‍ പ്രസ്തുത സ്ഥാപനവുമായി ബന്ധപ്പെട്ട ആരുടെ മനസ്സിലും ആദ്യം തെളിഞ്ഞു വരിക രണ്ടുപേരുടെ ചിത്രങ്ങളാണ്. ഒന്ന്: മര്‍ഹൂം നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാര്‍(ന.മ). രണ്ട്: മര്‍ഹൂം ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍(ന.മ.). ദാറുസ്സലാമിന്റെ സാരഥികളായി ഇനി ആരെല്ലാം വന്നാലും പോയാലും 'ഖിയാമത്' നാളുവരെ ദാറുസ്സലാമിനോടൊപ്പം കൂട്ടി വായിക്കുന്ന നാമങ്ങള്‍ പ്രസ്തുത മഹാന്മാരുടെതായിരിക്കും. കാരണം, ഒരു ഉന്നത മതവിജ്ഞാന സൗധം പടുത്തുയര്‍ത്താന്‍ 'മാദ്ദിയും'' ''മഅ്‌നവിയും'' അഥവാ സാമ്പത്തിക ഭരണപരവും വൈജ്ഞാനിക ധിഷണപരവുമായ രണ്ടു നെടുംതൂണുകള്‍ വേണമല്ലോ. അവര്‍ രണ്ടുപേരും അത് രുണ്ടായിരുന്നു.
ദാറുസ്സലാമിന്റെ ഉത്ഭവം മുതല്‍ തന്നെ ശംസുല്‍ ഉലമ ഈ സ്ഥാപനത്തിന്റെ ഉറ്റ ബന്ധുവായിരുന്നു. ഇന്‌ന കാണുന്ന സ്ഥലത്ത് അത് പടുത്തുയര്‍ത്താന്‍ തന്നെ കാരണക്കാരന്‍ ശംസുല്‍ ഉലമയായിരുന്നു. ബില്‍ഡിംഗ് കമ്മിറ്റിയുടെ തീരുമാനം ഇപ്പോഴുള്ള സ്ഥലത്തിന്റെ എതിര്‍വശത്ത് റെയിലിനും റോഡിനും മദ്ധ്യെ കെട്ടിടം പണിയാനായിരുന്നു. അതിന്ന് വേണ്ടി സ്ഥലം ശരിപ്പെടുത്തികൊണ്ടിരിക്കുന്നതിനിടക്കാണ് ശംസുല്‍ ഉലമ അത് വഴി നടക്കോട്ട് ഏതോ പ്രസംഗ പരിപാടിക്ക് പോകുന്നത്. കാറ് നിര്‍ത്തി കാര്യം അന്വേഷിച്ചപ്പോള്‍ താന്‍ ഊഹിച്ചത് പോലെ തറക്കല്ലിടാന്‍ വേണ്ടി സ്ഥലം ശരിപ്പെടുത്തുകയാണെന്ന് മനസ്സിലായി. പിന്നെ കാറില്‍ നിന്നിറങ്ങി നന്തി മുഹ്‌യുദ്ദീന്‍ പള്ളയില്‍ കയറി വരികയും പള്ളികമ്മിറ്റി ഭാരവാഹികളേയും ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളേയും വിളിപ്പിച്ച് അവരോട് ശൈഖുനാ ഇപ്രകാരം പറഞ്ഞു:. ''നിങ്ങള്‍ ഈ ശരിപ്പെടുത്തുന്ന സ്ഥലത്ത് കോളേജിന് വേണ്ടി തറക്കല്ലിടാനാണുദ്ദേശമെങ്കില്‍ ഞാന്‍ പ്രസ്തുത ചടങ്ങില്‍ സംബന്ധിക്കുന്നതല്ല. മുസ്‌ലിയാരോട് കാര്യം പറഞ്ഞേക്കുക. വിവരം അറിഞ്ഞ നന്തിയില്‍ മുസ്‌ലിയാരും പള്ളി, കോളേജ് ഭാരവാഹികളും ഒരുമിച്ച് കൂടി കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഒടുവില്‍ ശംസുല്‍ ഉലമായെ സമീപിച്ച് അവിടുത്തെ നിര്‍ദ്ദേശം അനുസരിച്ച് ചെയ്യാമെന് തീരുമാനിക്കുകയും ചെയ്തു. പള്ളി കോമ്പൊണ്ടിനകത്ത് കോളേജ് കമ്മിറ്റിയുടെ അധീനതയില്‍ ബില്‍ഡിംഗ് എടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശൈഖുന വിവരിച്ചു കൊടുക്കുകയും അങ്ങിനെ പ്രസ്തുത സ്ഥലത്ത് ശംസുല്‍ ഉലമായുടെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട ശിഹാബ് തങ്ങള്‍ തറക്കല്ലിടുകയും ചെയ്തു. ദീര്‍ഘദൃഷ്ടിയോടെ അന്ന് അങ്ങനെ ചെയ്തിരുന്നില്ലായെങ്കില്‍ പുറമെ സ്ഥാപനത്തിന്റെ ആശയത്തിനും അസ്ഥിത്വത്തിന് തന്നെയും ഭീഷണിയുണ്ടാകുമായിരുന്നുവെന്ന് പില്‍കാല സംഭവങ്ങള്‍ തെളിയിക്കുകയുണ്ടായി.
1976-ല്‍ ദാറുസ്സലാം തുടങ്ങിയപ്പോള്‍ ബഹു. മര്‍ഹൂം ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍(ന.മ.)യെയാണ് പ്രിന്‍സിപ്പാളായി ശംസുല്‍ ഉലമ നിശ്ചയിച്ചു തന്നത്. ഇവര്‍ രണ്ട് പേരുടെയും വനീത ശിഷ്യനായ ഈ ലേഖകനേയും കോട്ടുമല ഉസ്താദിന്റെ കൂടെ ഈ സ്ഥാപനത്തില്‍ നിയോഗിക്കപ്പെട്ടിരുന്നു. 1978-ല്‍ ജാമിഅഃ നൂരിയ്യയില്‍ നിന്നും ശൈഖുനാ വിരമിച്ചപ്പോള്‍ തന്നെ അവരെ നന്തിയിലേക്ക് ക്ഷണിക്കാന്‍ പലരും മുസ്‌ലിയാരോട് ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിയാര്‍ അവരോട് പറഞ്ഞത്: ''ജാമിഅ നൂരിയയില്‍ നിന്ന് വിട്ട ഉടനെ നമ്മള്‍ അദ്ദേഹത്തെ ക്ഷണിച്ചാല്‍ പലരും തെറ്റിദ്ധരിക്കും. ഒരു വര്‍ഷം കഴിഞ്ഞതിന് ശേഷം നാം ക്ഷണിക്കുന്നതാകും ഭംഗി'' എന്നായിരുന്നു. പൂച്ചക്കാട് (കാഞ്ഞങ്ങാടടുത്ത്) ദര്‍സ്സില്‍ ശൈഖുനാ മുദരിസ്സായി ഒരു വര്‍ഷം സേവനമനുഷ്ഠിക്കുകയും യാത്രാ ക്ലേശം കാരണം അവിടെ നിന്ന് സ്വയം പിരിയുകയും ചെയ്തതിന് ശേഷമാണ് ശൈഖുനാ ദാറുസ്സലാമിലേക്ക് ക്ഷണിക്കപ്പെട്ടത്. ശൈഖുനാ സന്തോഷപൂര്‍വ്വം ക്ഷണം സ്വീകരിക്കുകയും 1979-ല്‍ ദാറുസ്സലാമിന്റെ പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുക്കുകയും ചെയ്തു.
ദാറുസ്സലാമിന്റെയും ശംസുല്‍ ഉലമായുടെയും ചരിത്രത്തില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു സുദിനമാണ് 1980 ഒക്ടോബര്‍ 30. അന്നാണ് ദാറുസ്സലാമില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ദാരിമികളുടെ പ്രഥമ ബാച്ചിന ശംസുല്‍ഉലമ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തികൊണ്ട് സമുദായ സേവനരംഗത്ത് സമര്‍പ്പിച്ചത്. 1976-ല്‍ കോളേജ് കമ്മിറ്റിയുടെ ഭരണ ഘടന രജിസ്തര്‍ ചെയ്യുമ്പോള്‍ തന്നെ മുതവ്വല്‍ ബിരുദദാനം നല്‍കുന്ന ഉന്നത് മത കലാലയം എന്ന് ഭരണഘടനയില്‍ എഴുതിയിരുന്നു. ശൈഖുനാ ജാമിഅഃയില്‍ നിന്ന് വിട്ടത് കൊണ്ടാണ് മറ്റൊരു കേന്ദ്രത്തില്‍ സനദ് നല്‍കാന്‍ കാരണമായത് എന്ന പ്രചാരം ശരിയായിരുന്നില്ല. ശൈഖുനാ സാരാഥ്യം ഏറ്റെടുത്തതിന് ശേഷം ദാറുസ്സലാമിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. വളര്‍ച്ചയുടെ ശക്തി സ്രോതസ്സ് ശംസുല്‍ഉലമ തന്നെയായിരുന്നു.
അധ്യാപന രംഗത്തെ അതുല്യ മാതൃക
അദ്ധ്യാപനത്തിന് നേതൃത്വം നല്‍കുന്ന കേവലം ഒരു പ്രിന്‍സിപ്പാളായി ശംസുല്‍ ഉലമാ ഒതുങ്ങിനില്‍ക്കാതെ ദാറുസ്സലാമിന്റെ വളര്‍ച്ചയുടെ നിഖില മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. ദാറുസ്സലാം തന്റെ സ്വന്തം സ്ഥാപനമായി കരുതി അതിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വിശ്രമമന്യേ അവിടുന്ന് പ്രവര്‍ത്തിച്ചു. ശംസുല്‍ ഉലമാ രണ്ട് തവണ മാത്രമേ സംഴാവന സ്വീകരിക്കാന്‍ വേണ്ടി വിദേശയാത്ര ചെയ്തിരുന്നുള്ളൂ. യു.എ.ഇ.യിലും മലേഷ്യയിലും. അത് രണ്ടും ദാറുസ്സലാമിന് വേണ്ടിയായിരുന്നു. ദാറുസ്സലാമിന്റെ വാര്‍ഷിക സമദ്ദാന സമ്മേളനങ്ങളുടെ പിരിവിനും പ്രചാരണത്തിനും വേണ്ടി ഒരു യുവ ഭടന്റെ ആവേശത്തോടെ ശൈഖുനാ മുന്‍പന്തിയിലുണ്ടായിരുന്നു. അക്കാലങ്ങളില്‍ 'സ്വഹീഹുല്‍ ബുഖാരി', 'തുഹ്ഫതുല്‍ മുഹ്താജ്', 'തഫ്‌സീര്‍ അബുസ്സുഊദ്', 'ഖാളി', ഖുതുബി, 'മൈബദി' തുടങ്ങിയ പ്രധാന കിതാബുകളെല്ലാം ശൈഖുനാ തന്നെയായിരുന്നു തദ്‌രീസ് ചെയ്തിരുന്നത്.
അടുത്ത കാലത്തായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ 'സ്വഹീഹുല്‍ ബുഖാരിയും തഹ്ഫ'യും പിന്നീട് സ്വഹീഹുല്‍ ബുഖാരി മാത്രവും ആയിരുന്നു അവിടുന്നു ക്ലാസ്സ് എടുത്തിരുന്നത്. വഫാതാകുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ സ്വഹീഹുല്‍ ബുഖാരി ക്ലാസ്സ് എടുത്തിരുന്നു. ഏറ്റവും ഒടുവില്‍ അവിടുന്ന് ഓതി കൊടുത്തത്. 'കിതാബുല്‍ ഇഫ്കി'ലെ ഹദീസുകളായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ)യെകുറിച്ചുള്ള അപവാദം കെട്ടിച്ചമച്ചതാണെന്ന് വിവരിക്കുന്നതും അപവാദം പ്രചരിപ്പിച്ചവര്‍ ഖേദിക്കുകയും വിലപിക്കുകയും ചെയ്തതുമാണ് ഉള്ളടക്കം. ശൈഖുനായുടെ വഫാതോടെ അത്തരക്കാര്‍ ദുഃഖിച്ചതും ശൈഖുനാ ആരോപണ വിമുക്തനാണെന്ന് സമ്മതിക്കേണ്ടി വന്നതും നാം കണ്ടതാണല്ലോ.
ശൈഖുനായുടെ സബ്ഖ് ഒരെണ്ണം മാത്രമായാലും വിദ്യാര്‍ത്ഥികള്‍ക്ക് അത് ധാരാളം മതിയായിരുന്നു.
എക്കാലവും ശൈഖുനായുടെ സബ്ഖുകള്‍ ഒന്നിനൊന്ന് മാറ്റുകൂടിയതായിരുന്നു. ക്ലാസ്സില്‍ പോകുന്നതിന് മുമ്പ് എടുക്കേണ്ട പാഠഭാഗങ്ങള്‍ നേരത്തെ 'മുത്വാലഅ' ചെയ്യുകയെന്നത് ശൈഖുനാ പണ്ടു മുതലേ നിര്‍ബന്ധമായും പാലിച്ചു പോന്ന സ്വഭാവമായിരുന്നു. അങ്ങിനെ ചെയ്യാന്‍ തന്റെ കാഴിലുള്ള മുദരിസ്സുമാരോട് പലതവണ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശൈഖുനാക്ക് അടുത്ത കാലത്തായി കാഴ്ചകുറഞ്ഞപ്പോള്‍ ക്ലാസ്സിലേക്ക് പോകുന്നതിന് മുമ്പ് പാഠഭാഗങ്ങള്‍ മുഴന്‍ തന്റെ 'ഖാദിമി'നെകൊണ്ട് വായിപ്പിക്കുക പതിവായിരുന്നു. ശൈഖുനായുടെ മുഥ്വവ്വല്‍ ക്ലാസ്സില്‍ എല്ലാവര്‍ഷവും ഇരുനൂറോളവും ചില വര്‍ഷങ്ങളില്‍ അതിലധികവും വിദ്യാര്‍ത്ഥികള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് വരെ മൈക്ക് ഉപയോഗിച്ചിരുന്നില്ല. തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന സ്വതസിദ്ധമായ ശൈലിയില്‍ അളന്ന് മുറിച്ചെടുത്ത വാക്കുകളിലൂടെയുള്ള അവിടുത്തെ ക്ലാസ്സുകള്‍ അനിതരസാധാരണവും അതുല്യവും ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മുദരിസ്സുമാരും ശൈഖുനായുടെ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു. ഇവിടെ മുദരിസ്സായി ജോലി ചെയ്ത നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്‌ലിയാര്‍ പ്രസ്തുത കാലഘട്ടത്തിനിടയില്‍ ശൈഖുനായുടെ സ്വഹീഹുല്‍ബുഖാരിയുടെ ഒരൊറ്റ സബ്ഖ് ഒഴിവാക്കാതെ ഹാജരാവുകയും ശാഖുനായുടെ തഹ്ഖീഖുകള്‍ എഴുതിയെടുക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് പിരിഞ്ഞതിന് ശേഷം ഒരു മര്‍ക്കസില്‍ അദ്ദേഹം 'ശൈഖുല്‍ ഹദീസാ'യി നിയമിക്കപ്പെട്ട വിവരം പത്രത്തില്‍ വായിക്കുമ്പോള്‍ തന്റെ ശിഷ്യന് ലഭിച്ച സ്ഥാനലബ്ധിയില്‍ ഉള്ള സന്തോഷം കൊണ്ടോ എന്തോ ശൈഖുനാ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. തഹ്ഖീഖുകള്‍ എഴുതിയെടുത്തതിന് ശേഷം ബന്ധം വിടുന്നവര്‍ക്ക് ചില അക്കിടിപറ്റാറുണ്ട്. കാരണം അടുത്ത ക്ലാസ്സുകളില്‍ പ്രസ്തുത വിഷയത്തെ കുറിച്ചുള്ള തഹ്ഖീഖും വ്യാഖ്യാനവും ഒന്നുകൂടി മാറ്റുകൂടിയതായിരിക്കും. ഏറ്റവും അവസാനം ശൈഖുന പറയുന്നതായിരിക്കും കൂടുതല്‍ അനുയോജ്യമെന്ന് ഏതൊരു ബുദ്ധിക്കും മനസ്സിലാവുകയും ചെയ്യും.
വിശ്വാസപരമായ കാര്യങ്ങളെ കുറിച്ച് ശൈഖുനായുടെ വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും അടങ്ങിയ കുറിപ്പുകളുടെ സഹായത്തോടെ മലയാളത്തില്‍ പുസ്തകമെഴുതിയുണ്ടാക്കി സ്വന്തം പേരില്‍ അച്ചടിച്ചവരും മേല്‍ഗണത്തില്‍ പെട്ടവരില്‍ ഉണ്ട്. അത്തരമൊരു പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ ആശംസാ പ്രസംഗം ചെയ്യേണ്ടിവന്ന ഈ ലേഖകന്‍ മൗദൂദിയുടെ ഖുത്തുബയും പ്രസംഗവും അഭിപ്രായങ്ങളുമൊക്കെ അദ്ദേഹത്തിന്റെ അനുയായികള്‍ എഴുതിയുണ്ടാക്കി ഗ്രന്ഥര്‍കര്‍ത്താവ് ''മൗലാനാ മൗദൂദി'' എന്ന് വെണ്ടക്കയില്‍ എഴുതുമ്പോള്‍ ശംസുല്‍ ഉലമയുടെ ന്യായങ്ങളും വ്യാഖ്യാനങ്ങളും സമാഹരിച്ച് അതിന്റെ പുറത്ത് നമ്മുടെ സ്വന്തം പേര് വെയ്ക്കുന്നത് നാം എല്ലാ വിഷയത്തിലും അവരോട് എതിരാവാനായിരിക്കും എന്ന് ഞാന്‍ രസമായി പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നു. ഇക്കാര്യത്തില്‍ ചിലര്‍ക്ക് എന്നോട് നീരസം തോന്നിയത് ഞാന്‍ കാര്യമാക്കിയില്ല.
ദാറുസ്സലാമില്‍ വെച്ച് ശൈഖുന നടത്തിയ മതതാരതമ്യ പഠനക്ലാസ്സുകള്‍ അവിടുത്തെ അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ധ്യാപന ചരിത്രത്തിലെ അതുല്യവും അഭിമാനകരവുമായ വിജ്ഞാന സദസ്സായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയെ സ്ഥാപിക്കുന്നതും ബൈബിളാദി മതഗ്രന്ഥങ്ങളിലെ തിരുത്തലുകളും കൈകടത്തലുകളും അനാവരണം ചെയ്യുന്നതുമായിരുന്നു അത്. യുക്തിവാദികളുടേയും നിരീശ്വര നിര്‍മിത പ്രസ്ഥാനക്കാരുടേയും ജല്‍പനങ്ങളേയും വാദഗതികളേയും ഖണ്ഡിക്കുന്നത് കൂടിയായിരുന്നു പ്രസ്തുത ക്ലാസ്സുകള്‍. ശിഷ്യഗണങ്ങള്‍ അത് അമൂല്യ നിധിയെന്നോണം എഴുതി സൂക്ഷിക്കുകയും തദ്വാര പലരും പൗരോഹിത്യ നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളെ നേരിടാന്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്.
സ്നേഹം നിറഞ്ഞ അധ്യാപകൻ
ശൈഖുനായുടെ മനസ് അതിലോലവും കരുണാര്‍ദ്രവുമായിരുന്നു. ഗൗരവത്തിന്റെ ആവരണം അണിഞ്ഞ് വിദ്യാര്‍ത്ഥികളില്‍ നിന്നുമത് മറച്ചുപിടിക്കാന്‍ ശൈഖുന ശ്രദ്ധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ശിക്ഷണരീതിയില്‍ ശൈഖുനാ കൈകൊണ്ട മനഃശാസ്ത്രപരമായ സമീപനം മാത്രമായിരുന്നു അത്.
തന്റെ ശിഷ്യഗണങ്ങളില്‍ പലരും ശൈഖുനായുടെ പ്രീതി ലഭിക്കാനും മറ്റും കാണിക്കകള്‍ കൊണ്ടുപോയി കൊടുക്കാറുണ്ട്. അവ സ്വീകരിച്ചതിന്റെ പേരില്‍ പ്രത്യേകമായ കൃതജ്ഞതയോ. വിധേയത്വമോ ഒന്നും ശൈഖുനാ പ്രകടിപ്പിക്കാറില്ല. ജാമിഅഃ നൂരിയ്യയില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു അനുഭവം ഇവിടെ കുറിക്കട്ടെ. എന്റെ പിതാവിന്റെ കലശലായ അസുഖം കാരണം സദാസമയവും രോഗ ശുശ്രൂഷക്കും പരിചരണത്തിനും എന്റെ സാന്നിദ്ധ്യം ആവശ്യമായത് കൊണ്ട് മൂന്നു മാസം തുടര്‍ച്ചയായി കോളേജില്‍ പോകാന്‍ സാധിച്ചില്ല. രോഗശമനം വന്നതിന് ശേഷവും ശൈഖുനായെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ടു പോകാതെയായി. വടകരയിലെ എന്റെ ഉസ്താദുമാരായ ബഹു. മര്‍ഹൂം അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാരും ബഹു. അബൂബക്കര്‍ മുസ്‌ലിയാര്‍ നിസാമിയും ശൈഖുനാ യുടെ വീട്ടില്‍ പോയി സങ്കടം പറയാന്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പോയി കൈയില്‍ ഒരു പൊതിയുമുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ ശൈഖുനാ വരാന്തയിലിരിക്കുന്നു. ഞാന്‍ നല്‍കിയ ഗുരുദക്ഷിണ ശൈഖുനാ എറിയാന്‍ ഭാവിച്ചപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി. എന്റെ മുഖഭാവം കണ്ടിട്ട് കനിവ് തോന്നിയത് കൊണ്ടോ എന്തോ ഏറ് കലാശിച്ചത് വീടിന്റെ അകത്തേക്കായിരുന്നു. ഞാന്‍ പോയകാര്യം വളരെ വിനയത്തോടെ അവതരിപ്പിച്ചപ്പോള്‍ ശൈഖുനാ 'ഉം' എന്നൊന്ന് മൂളുക മാത്രം ചെയ്തു. പിറ്റെദിവസം കോളേജില്‍ ഞാന്‍ ശൈഖുനായുടെ മുറിയുടെ മുമ്പില്‍ നില്‍ക്കുമ്പോഴും എന്‍ളെ കാലിന്റെ വിറയില്‍ മാറിയിരുന്നില്ല. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞിട്ടേ എന്റെ മുഖത്ത് നോക്കിയുള്ളൂ. ''നീ തല്‍ക്കാലം ക്ലാസ്സില്‍ ഇരുന്നോ. പരീക്ഷ കഴിഞ്ഞു ഞാന്‍ നോക്കട്ടെ. ജയിച്ചെങ്കില്‍....'' ശൈഖുനായുടെ ഉറച്ച സ്വരത്തിലുള്ള സമ്മതം കേട്ടു ഞാന്‍ സമാധാനത്തോടെ ക്ലാസ്സിലേക്ക് പോയി.
അദ്ധ്യാപന നേതൃ രംഗങ്ങളില്‍ ശൈഖുന കൈകൊണ്ട് സമീപനത്തിന്റെ മുമ്പിൽ പ്രശസ്തരായ മനഃശാസ്ത്രജ്ഞന്മാര്‍ പോലും തോറ്റുപോകുമായിരുന്നു. വ്യക്തിയെയേ, കുടുംബത്തേയോ, മഹല്ലത്തിനേയോ ബാധിക്കുന്ന കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങളുടെ നൂലാമാലകളുടെ കുരുക്കഴിക്കുന്നതിന് ശൈഖുനാക്കുള്ള പാടവം അതുല്യമായിരുന്നു. ഫുഖഹാക്കള്‍ ആധികാരിക ഗ്രന്ഥങ്ങളില്‍ കൂടി പറഞ്ഞ പഴുതുകളിലൂടെ മാത്രമേ പ്രതിസന്ധികളില്‍ പെട്ട് തകര്‍ന്നുപോകുമായിരുന്ന വ്യക്തിയേയും, കുടുംബത്തേയും മഹല്ലത്തിനേയും ശൈഖുന രക്ഷിച്ചിരുന്നുള്ളൂ.
ആത്മീയ ശിക്ഷണം
ദാറുസ്സലാമില്‍ ശൈഖുന രാത്രി താമസിക്കുന്ന കാലത്തെല്ലാം ഹദ്ദാദിന്റെ ഹല്‍ഖകളില്‍ അവര്‍ സംബന്ധിച്ചിരുന്നു. ഇവിടുത്തെ ഹദ്ദാദില്‍ ശൈഖുനായുടെ നിര്‍ദ്ദേശ പ്രകാരം 313 വട്ടം തഹ്‌ലീല്‍ നിന്നുകൊണ്ടാണ് ചൊല്ലുന്നത്. ശൈഖുനായും നിന്നുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളോടൊപ്പം തഹ്‌ലീല്‍ ചൊല്ലുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ കാണിച്ചിരുന്നു. ദാറുസ്സലാമിലേക്ക് സംഭാവന നല്‍കുന്നവര്‍ക്കും മറ്റും വേണ്ടി പ്രസ്തുത ഹല്‍ഖകളില്‍ വെച്ച് ദൂആ ചെയ്യുക നിമിത്തം പെട്ടെന്ന് ഫലസിദ്ധി ലഭിക്കാറുണ്ട്.
ദാറുസ്സലാമില്‍ തന്റെ കൂടെയുള്ള ഉസ്താദുമാരോട് വളരെ അനുനയത്തിലും സ്‌നേഹപൂര്‍വ്വവുമാണ് ശൈഖുന വര്‍ത്തിച്ചത്. ശൈഖുനായോടൊപ്പം ഒത്തുപോകാത്തതിന്റെ പേരില്‍ ഒരൊറ്റ മുദരിസ്സും ഇവിടെ നിന്ന് ഒഴിയായിട്ടില്ല. തന്റെ കീഴില്‍ ഒരു പുതിയ മുദരിസ് ചാര്‍ജ്ജെടുക്കുമ്പോള്‍ അദ്ദേഹത്തിന് വലിയ ആശങ്കയും ഭയവും ഉണ്ടാകുക പതിവായിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിയുന്നതിന് മുമ്പ് തന്നെ ശൈഖുനായുടെ സ്‌നേഹമസൃണമായ തലക്കനമില്ലാത്ത പെരുമാറ്റത്തിലൂടെയും പിതൃതുല്യമായ വാത്സല്യത്തിലൂടെയും അവര്‍ നേരത്തെ ഊഹിച്ചതില്‍ നിന്നും വ്യത്യസ്തനായ ശംസുല്‍ ഉലമായെയായിരുന്നു കണ്ടിരുന്നത്. ദാറുസ്സലാമില്‍ ശൈഖുനായോടൊപ്പം സഹവസിച്ച രണ്ടു പതിറ്റാണ്ടിനിടയ്ക്ക് ഒരിക്കല്‍ മാത്രമേ എന്നോട് ദേഷ്യപ്പെട്ടിട്ടുള്ളൂ. അത് അബൂദാബി എസ്.എസ്.സി.യുടെ ക്ഷണപ്രകാരം ശൈഖുനാ യു.എ.ഇ.യില്‍ പോകാന്‍ തീര്‍ച്ചപ്പെടുത്തിയപ്പോഴായിരുന്നു. ഒപ്പം പോകാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ എന്നോട് കല്‍പിച്ചു. ചില കാരണങ്ങളാല്‍ ഞാനത് ചെയ്യാതെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ ശൈഖുന ദേഷ്യപ്പെടുകയും ''അവന്ന് വരുന്നതാണ് നല്ലത്'' എന്ന് ഓഫീസില്‍ വിളിച്ചു പറയുകയും ചെയ്തു. ഞാന്‍ പേടിച്ചു പോയി. പെട്ടെന്ന് ടിക്കറ്റ് എടുത്ത് ഒപ്പം പോയി.
അനുഗൃഹീത ഗുണം
ശൈഖുനായുടെ ഏറ്റവും വലിയ രണ്ടു ഗുണങ്ങള്‍ അന്യരുടെ അനുഗ്രഹലബ്ധിയില്‍ ഒരിക്കലും അവര്‍ അസൂയാലുവായിരുന്നില്ല എന്നതും തന്റെ കീഴിലുള്ളവര്‍ക്ക് വളരാനുള്ള അവസരം സൃഷ്ടിച്ചു കൊടുത്തിരുന്നു എന്നതുമാണ്. തന്റെ കീഴിലുള്ള മുദരിസ്സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചുകൊടുക്കാനും സൗകര്യങ്ങള്‍ ഉണ്ടാക്കികൊടുക്കാനും ശൈഖുനാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ കാര്യങ്ങള്‍ പറയുമ്പോഴൊക്കെ തനിക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു കൊള്ളണമെന്നില്ല എന്‌ന പറയാനും മറന്നിരുന്നില്ല. തന്റെ അദ്ധ്യാപന കാലത്തൊരിക്കലും ശമ്പളം നേരത്തെ പറഞ്ഞു നിശ്ചയിച്ചിരുന്നില്ല എന്നും വര്‍ദ്ധനവിന് വേണ്ടി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശൈഖുനാ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ബഹു. കെസി.ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ ദാറുസ്സലാമില്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സൗകര്യങ്ങള്‍ ശൈഖുന ശ്രദ്ധിച്ചിരുന്നു. വേണ്ടതൊക്കെ ചെയ്തു കൊടുക്കാന്‍ എന്നോട് ആവര്‍ത്തിച്ചു കല്‍പിക്കാറുണ്ടായിരുന്നു. അദ്ദേഹം പിരിയുന്നതിന് തൊട്ടുമുമ്പുള്ള റമളാന്‍ മാസത്തില്‍ ഒരു ദിവസം എന്നെ വീട്ടിലേക്ക് വിളിപ്പിച്ച് ശൈഖുനാ പറഞ്ഞു. ''നീ ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ വീട്ടിലേക്ക് പോകണം. സുഖവിവരങ്ങളൊക്കെ അന്വേഷിക്കണം. അടുത്ത അദ്ധ്യായനവര്‍ഷം നാട്ടിലേക്ക് പോകാന്‍ വാഹനം സൗകര്യപ്പെടുത്തും എന്നും പറയണം.'' ഇത് തന്നെ എന്നോട് ആവര്‍ത്തിച്ചുപറഞ്ഞു. ഞാന്‍ അത് പ്രകാരം കെ.സി. ഉസ്താദിന്റെ വീട്ടിലേക്ക് പോകുകയും അന്ന് അവിടെ വെച്ച് നോമ്പു തുറക്കുകയും ശൈഖുന ഏല്‍പിച്ച പ്രകാരം കാര്യങ്ങളൊക്കെ പറയുകയും ചെയ്തു. ശൈഖുന വീണ്ടും എന്നെ വിളിച്ച് ഞാന്‍ പറഞ്ഞതൊക്കെ എന്നോട് വിസ്തരിച്ച് ചോദിച്ചു ഉറപ്പുവരുത്തുകയുണ്ടായി.
ദാറുസ്സലാമില്‍ അഞ്ച് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചതിന് ശേഷം ഒരു റബീഉല്‍അവ്വലിന്റെ ലീവില്‍ കെ.സി. ഉസ്താദ് ഇവിടെനിന്നും പിരിഞ്ഞു പോയത്. അവരും ശൈഖുനായും തമ്മിലുള്ള വിരോധം കൊണ്ടല്ല അങ്ങിനെ ചിലരൊക്കെ അതിനെ വ്യാഖ്യാനിച്ച് കൊണ്ടാണ് പ്രസ്തുത സംഭവം സാന്ദര്‍ഭികമായി ഇവിടെ എഴുതേണ്ടിവന്നത്. തന്നോട് വളരെ അടുത്ത വിദ്യാര്‍ത്ഥികളില്‍ ഉണ്ടായ ചേരിതിരിവില്‍ മനം നൊന്ത്, താന്‍ പിരിയുന്നതാണ് മസ്‌ലഹത് എന്നു കരുതി, മാനേജര്‍ നന്തിയില്‍ മുസ്‌ലിയാരുടെ സമ്മതപ്രകാരം സ്വയം പിരിഞ്ഞതല്ലാതെ ആരും അദ്ദേഹത്തെ പിരിച്ചയച്ചതല്ല. പിന്നീട് ബഹു. കെ.സി. ഉസ്താദ് നന്തിയില്‍ വന്നു ശൈഖുനായുമായി ദീര്‍ഘനേരം സംസാരിച്ച് മസ്അല പരമായും സംഘടനാപരമായും ചര്‍ച്ചകള്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. ശൈഖുനാ വഫാതാകുന്നതിന് മുമ്പ് എന്നോട് ചോദിച്ചു. ''ഏ.വീ! ജമാലുദ്ദീന്‍ മുസ്‌ലിയാരെ നമുക്ക് ഇങ്ങോട്ട് തന്നെ വിളിച്ചാലോ?'' ഞാന്‍ പറഞ്ഞു ''ശൈഖുനായുടെ ഇഷ്ടംപോലെ....''
ശൈഖുനായും നന്തിയില്‍ മുസ്‌ലിയാരും തമ്മില്‍ അഭേദ്യമായ ബന്ധമായിരുന്നു. പ്രസ്തുത ബന്ധം ദാറുസ്സലാമിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും മാത്രമായിരുന്നു. സ്വാര്‍ത്ഥ ലാഭമോ, സ്വന്തം താല്‍പര്യമോ അശേഷം അതില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ന്യായമായും ആഗ്രഹിക്കാവുന്ന ബന്ധങ്ങളും നേട്ടങ്ങളും ദാറുസ്സലാമിന്ന് കോട്ടമായേക്കുമോ എന്ന് ഭയന്ന് അവര്‍ ത്യജിച്ചിരുന്നു. മക്കളേയും മരുമക്കളേയും സ്ഥാപനത്തിന്റേയും പ്രസ്ഥാനത്തിന്റേയും ഉന്നതങ്ങളില്‍ പ്രതിഷ്ഠിച്ച് അനാഥസംരക്ഷണത്തിന്റേയും വിജ്ഞാന വിതരണത്തിന്റേയും സാരഥ്യം അനന്തരാവകാശപ്രക്രിയയാക്കി അധഃപതിപ്പിച്ച ഇക്കാലത്ത് മേല്‍പറഞ്ഞ രണ്ട് മഹാത്മാക്കള്‍ അതിന്നപവാദമായിരുന്നു. ഇത് തെളിയിക്കുന്ന ഒരു സംഭവം ഇവിടെ വിവരിക്കട്ടെ. മര്‍ഹൂം നന്തിയില്‍ മുസ്‌ലിയാരുടെ മകളെ ശൈഖുനായുടെ മകന്‍ വിവാഹമാലോചിച്ചു. ഞാനും എന്റെ സുഹൃത്ത് അഹമ്മദ് കടലൂര്‍ ഫൈസിയും ഞങ്ങള്‍ക്ക് കൂടി താല്‍പര്യമുള്ള ഈ വിഷയം ശൈഖുനായെ ധരിപ്പിച്ചു. ശൈഖുനാ അടുത്ത ദിവസം തന്നെ മുസ്‌ലിയാരുടെ വീട്ടില്‍ വന്നു. ഈ ബന്ധം ആവാം എന്ന നിലയില്‍ കാര്യങ്ങള്‍ നീക്കി. പിന്നെ ഏതാനും ദിവസം മുസ്‌ലിയാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. ഈ ബന്ധം ഒരു പക്ഷെ കോളേജിനെ ബാധിക്കുമോ എന്ന ഭയം. മുസ്‌ലിയാര്‍ ഒരു ദിവസം എ#്‌നനെ വിളിപ്പിച്ചു പറഞ്ഞു.
''ശൈഖുനായുടെ അടുക്കല്‍ പോയി എന്റെ ഭയം അറിയിക്കണം. ഞാന്‍ മക്കളെക്കാളും സ്‌നേഹിക്കുന്നത് ദാറുസ്സലാമിനെയാണ്. ശൈഖുനായും അപ്രകാരമായിരിക്കും എന്നാണ് എന്റെ വിശ്വാസം.'' മടിച്ചാണെങ്കിലും ഞാന്‍ പോയി മുസ്‌ലിയാരുടെ ഭയം അറിയിച്ചു. ശൈഖുന ഉടനെ പറഞ്ഞ. ''അതെ. എനിക്കും അങ്ങനെ ഭയം ഉണ്ട്.''
എന്റെ അത്ഭുതം ഇതിങ്ങനെ കലാശിച്ചതിലല്ല. മറിച്ച് ഈ സംഭവത്തിന് ശേഷം ഈ മഹാത്മാക്കള്‍ തമ്മിലുള്ള ബന്ധം പൂര്‍വ്വോപരി സുദൃഢമായതിനാലാണ്. സംഭവം കഴിഞ്ഞ് വീണ്ടും ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം ബഹുമാനിച്ചും ആദരിച്ചും ഇവര്‍ കഴിഞ്ഞുകൂടി. എതെങ്കിലും ഒരു ഘട്ടത്തില്‍ ശൈഖുനായുടെ മനോമുകുരത്തില്‍ പ്രസ്തുത സംഭവം തികട്ടി വന്നില്ല. സാധാരണ മനുഷ്യര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യം നേരത്തെ സംഭവിക്കാത്തതുപോലെ ശൈഖുന മറന്നുപോയി.
ശൈഖുനായുടെ സ്‌നേഹം മാത്രം സൂക്ഷിക്കുന്ന മനസ്സ് കരുണാപിയൂഷം കൂടുതല്‍ തൂവിയത് മര്‍ഹൂം നന്തിയില്‍ മുസ്‌ലിയാര്‍ 'മൗതാ'യ ദിവസത്തിലാണ്. മുസ്‌ലിയാരുടെ മരണം പെട്ടെന്നായിരുന്നു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരണം സംഭവിച്ചു. ഉടനെ അപ്പോള്‍ ദാറുസ്സലാമില്‍ ആയിരുന്ന ശൈഖുനാക്ക് ഞാന്‍ ഫോണ്‍ ചെയ്തു. മയ്യിത്ത് വേഗം കൊണ്ടുചെല്ലണമെന്നും ശൈഖുന അവിടെ കാത്തിരിക്കാമെന്നും എന്നോട് പറഞ്ഞു. സന്ധ്യയാകുന്നതിന് മുമ്പ് ഞങ്ങള്‍ മയ്യിത്തുമായി നന്തിയില്‍ എത്തിയ മുസ്‌ലിയാരുടെ വീട്ടില്‍ നിന്ന് നിറകണ്ണുകളോടെ ഇറ്ങ്ങിയ ശൈഖുന പള്ളികമ്മിറ്റി ഭാരവാഹികളേയും വിളിച്ച് നന്തി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലേക്ക് പോയി. പള്ളിയില്‍ താന്‍ താമസിക്കുന്ന മുറിയുടെ അടുത്ത് പള്ളിയുടെ മിനാരത്തോട് ചേര്‍ന്ന സ്ഥലം ചൂണ്ടിക്കാണിച്ച് ശൈഖുനാ പറഞ്ഞു: ''ഇതാ, ഇവിടെയായിരിക്കണം മുസ്‌ലിയാരുടെ ഖബര്‍. എനിക്ക് എപ്പോഴും മുസ്‌ലിയാരെ കണ്ടുകൊണ്ടിരിക്കണം.'' കേട്ടവരുടെയൊക്കെ കണ്ണുനിറഞ്ഞു. അങ്ങനെ ദാറുസ്സലാമിന്റെയും പള്ളിയുടെയും മദ്ധ്യെ ശൈഖുനായുടെ മുറിയുടെ തൊട്ടടുത്ത് മുസ്‌ലിയാരുടെ ഖബര്‍ ഒരുങ്ങി.
പ്രസ്തുത ദുഃഖം കെട്ടടങ്ങുന്നതിന് മുമ്പിതാ മുസ്‌ലിയാരുടെ കൂടി ഉത്തരവാദിത്വമേറ്റെടുത്ത് ദാറുസ്സലാമിനെ നയിച്ച ശൈഖുനായും നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ശൈഖുനയുടെ ഖബര്‍ ദാറുസ്സലാമില്‍ നിന്നും അല്‍പമകലെയാണെങ്കിലും അവിടുത്തെ ആത്മാവും ശരീരവും ദാറുസ്സലാമില്‍ എന്നും ഉണ്ടാകും. ഇത് ഞാന്‍ ആലങ്കാരികമായി പറയുകയല്ല. ഇതിന് ഉപോല്‍ബലകമായ ഒരു സംഭവം. വിവരിക്കട്ടെ: കേളേജിലെ ക്ലീനിംഗ് സ്റ്റാഫ് മുഹമ്മദ്ക്ക ശൈഖുന വഫാത്തായ 40-ാം രാവ് (വെള്ളിയാഴ്ച രാവ്) ഏകദേശം 9 മണിക്ക് എന്തോ ആവശ്യത്തിന് മുഥവ്വല്‍ ക്ലാസ് നടത്തുന്ന കോളേജ് ഹാളിലേക്ക് പോയതായിരുന്നു. അപ്പോഴതാ അരണ്ടവെളിച്ചത്തില്‍ ഒരു കയ്യില്‍ വടിയും മറുകൈകൊണ്ട് ഗ്രില്‍സും പിടിച്ചു ശൈഖുനാ ഇറങ്ങി വരുന്നു. നിശ്ചലനായ മുഹമ്മദ്ക്ക ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി. അതെ ശൈഖുന തന്നെ. തൂവെള്ള വസ്ത്രം. കള്ളിത്തുണി, പ്രകാശം സ്ഫുരിക്കുന്ന മുഖം. രോമഹര്‍ഷമണിഞ്ഞ് ഏതാനും നിമിഷം സംതബ്ധനായ മുഹമ്മദ്ക്കായുടെ കണ്ണില്‍ നിന്നും ശൈഖുനാ മറഞ്ഞു. പിന്നീട് എം.ടി. ഉസ്താദിനോട് പ്രസ്തുത സംഭവം വിവരിച്ചു കൊടുത്ത മുഹമ്മദ്ക്കാനെ ഉസ്താദ് സമാധാനിപ്പിക്കുകയും ശൈഖുനെ ഇവിടെതന്നെ ഉണ്ടാകും. നിങ്ങള്‍ പലവട്ടം കണ്ടെന്നും വരും. ഭയപ്പെടേണ്ട എന്നുപറയുകയും ചെയ്തു.
ശൈഖുനായും മുസ്‌ലിയാരും തങ്ങളുടെ ജീവിതാവസാനം വരെ കാത്തു സൂക്ഷിച്ച ദാറുസ്സലാമിനെ പരിരക്ഷിക്കേണ്ടത് ഇനി സമുദായത്തിന്റെ ബാധ്യതയാണ്. സര്‍വ്വശക്തനായ റബ്ബ് അവരുടെ പാതിയില്‍ സഞ്ചരിച്ച് വിജയം വരിക്കാന്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.
( നന്തി സ്മരണിക)
the life and profound contributions of Shamsul Ulama E.K. Abubacker Musliyar (1914-1996). Learn about his pivotal role as the Samastha Kerala Jem'iyyathul Ulama General Secretary and his visionary leadership at Nanthi Darussalam Arabic College, alongside Nanthiyil Muhammad Musliyar. A must-read on Islamic scholarship and institution building in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."