കെര്‍ബര്‍- പ്ലിസ്‌കോവ ഫൈനല്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ അഞ്ജലീക്ക കെര്‍ബറും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയും ഏറ്റുമുട്ടും. ഫൈനലില്‍ എത്തിയതോടെ ലോക രണ്ടാം റാങ്കില്‍ നിന്നു കെര്‍ബര്‍ക്ക് ഒന്നാം റാങ്കിലേക്ക് സ്ഥാനം കയറ്റം ലഭിക്കും. ഫൈനലില്‍ ആരു കിരീടം നേടിയാലും വനിതകളില്‍ യു.എസ് ഓപണില്‍ പുതിയ വിജയിയെ ലഭിക്കും. ഈ സീസണില്‍ മികച്ച ഫോമിലാണ് കെര്‍ബര്‍. ഈ വര്‍ഷം തുടക്കത്തില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടി കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമില്‍ മുത്തമിട്ട കെര്‍ബര്‍ വിംബിള്‍ഡണ്‍ ഫൈനലിലും എത്തിയിരുന്നു. നാളെയാണ് വനിതാ ഫൈനല്‍.
പ്ലിസ്‌കോവ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്കാണ് മുന്നേറിയത്. 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടി റെക്കോര്‍ഡിടാനുള്ള ലോക ഒന്നാം നമ്പര്‍ വനിതാ താരം സെറീന വില്ല്യംസിന്റെ മോഹം തല്ലിക്കെടുത്തിയാണ് പ്ലിസ്‌കോവയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ പ്ലിസ്‌കോവ സെറീനയെ അട്ടിമറിച്ച് നടാടെ ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്ലിസ്‌കോവയുടെ ജയം. സ്‌കോര്‍: 6-2, 7-6 (7-5).
സെമിയില്‍ പരാജയപ്പെട്ടതോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനവും സെറീനയ്ക്ക് നഷ്ടമാകും. തുടര്‍ച്ചയായി 187 ആഴ്ച ഒന്നാം സ്ഥാനത്തിരിക്കാമെന്ന സെറീനയുടെ സ്വപ്നവും ഇതോടെ അവസാനിച്ചു.
ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാകിയെ സെമിയില്‍ കീഴടക്കിയാണ് കെര്‍ബര്‍ കിരീട പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാക്കിയത്. 6-4, 6-3നായിരുന്നു ജര്‍മന്‍ താരത്തിന്റെ ജയം.
പുരുഷ വിഭാഗം സെമി ഫൈനലുകള്‍ ഇന്നു നടക്കും. ആദ്യ സെമിയേില്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും കെയ് നിഷികോരിയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ നൊവാക് ദ്യോക്കോവിചും മോണ്‍ഫില്‍സും നേര്‍ക്കുനേര്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."