മാരകരോഗം പരത്തുന്ന പാലും, പാലുല്‍പന്നങ്ങളും നിരോധിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: മനുഷ്യരില്‍ വന്ധ്യത, ഹൃദയാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വൈറസ് ബാധയേറ്റ പശുക്കളുടെ പാലും, പാലുല്‍പ്പന്നങ്ങളും നിരോധിക്കാതെ സര്‍ക്കാര്‍.
പാലക്കാട് തിരുവിഴാംകുന്നിലെ കന്നുകാലി ഫാമിലെ 84 പശുക്കള്‍ക്കാണ് ബ്രുസിലോസിസ്-എ എന്ന ബാക്ടീരിയ വഴിയുള്ള മാരകരോഗം സ്ഥിരീകരിച്ചത്.
രണ്ടുവര്‍ഷം മുന്‍പ് കേരളാ വെറ്ററിനറി സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് രോഗബാധയേറ്റ പശുക്കളെ ദയാവധം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച് വെറ്ററിനറി സര്‍വകലാശാല തന്നെ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദയാവധം നടത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, രണ്ടു വര്‍ഷമായി ഒരു നടപടിയുമെടുക്കാതെ രോഗ വാഹകരായ പശുക്കളില്‍ നിന്നും പാലും, പാലുല്‍പന്നങ്ങളും ശേഖരിച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് അധികൃതര്‍.
രോഗബാധയേറ്റ പശുക്കളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ, പശുക്കളില്‍ നിന്നുള്ള ആദായം എടുക്കുകയോ, ചെയ്യരുതെന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രോഗവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ച്്, ഫാം സ്ഥിതിചെയ്യുന്ന സ്ഥലം നോട്ടിഫൈ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
സ്ഥലം നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സര്‍ക്കാരും, സര്‍വകലാശാലയും ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് മെമ്പര്‍ എം.എന്‍ ജയചന്ദ്രന്‍ സുപ്രഭാതത്തോടു പറഞ്ഞു. പരിചരണം, പാല്‍, വെണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കുന്നതിലൂടെ നേരിട്ടുപടരാന്‍ സാധ്യതയുള്ള ഈ രോഗം ഫാമിലെ ജീവനക്കാര്‍ക്ക് പിടിപെട്ടിട്ടുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
രോഗവാഹകരായ പശുക്കളെ എങ്ങനെ ദയാവധം നടത്തുമെന്ന ആശയക്കുഴപ്പത്തിലാണ് വെറ്ററിനറി സര്‍വകലാശാലാ അധികൃതര്‍. പാലക്കാടു നിന്നും മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനത്ത് പശുക്കളെ എത്തിച്ച് ദയാവധം നടത്താനാണ് ഇപ്പോഴുള്ള തീരുമാനം. എന്നാല്‍, ഇത് ഏറെ അപകടമുണ്ടാക്കുന്നതാണ്. ബാക്ടീരിയ മറ്റിടങ്ങളലും പടരാന്‍ ഇത് കാരണമാകും. ഈ നടപടി തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കത്തു നല്‍കിയിട്ടുണ്ട്.
പശുക്കളില്‍ പിടിപെട്ടിരിക്കുന്ന രോഗത്തിന്റെ ഗൗരവം മനസ്സിലാക്കി പാലും, പാലുല്‍പന്നങ്ങളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണമെന്നും, ആവശ്യമെങ്കില്‍ നിരോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ജനങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ ക്യാംപുകള്‍ സംഘടിപ്പിച്ച് രോഗം പിടിപെട്ടിട്ടുണ്ടോയെന്നു കണ്ടെത്തണം. രോഗബാധയുള്ള പശുക്കളുടെ പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് വന്ധ്യത പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് മെമ്പര്‍ പറയുന്നു.
മറ്റു ഫാമുകളിലെ പശുക്കള്‍ക്കും ബ്രുസിലോസിസ്-എ പിടിപെട്ടിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. രണ്ടുവര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും വെറ്ററിനറി സര്‍വകലാശാലയും, സംസ്ഥാന സര്‍ക്കാരും നടപടികളെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണ നിയമങ്ങളും, മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിനായി ലോകാരോഗ്യ സംഘന പോലും മുന്നോട്ടുവയ്ക്കുന്ന നയങ്ങളും പാലിക്കാത്തതാണ് സര്‍ക്കാര്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."