ഭര്‍ത്താവ് തീ കൊളുത്തിയതാണെന്നു പൊള്ളലേറ്റ യുവതിയുടെ മൊഴി
കാസര്‍കോട്: കഴിഞ്ഞ ദിവസം തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി കുടുംബ പ്രശ്നത്തിന്റ പേരില്‍ തന്നെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്നു മജിസ്ട്രേറ്റിനു മൊഴി നല്കി. വിദ്യാനഗര്‍ ചാല സി.എം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നഫീസിന്റെ ഭാര്യ അസ്റീന (22)യാണ് പൊള്ളലേറ്റതിനെ തുടര്‍ന്നു മംഗളൂരു ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. അസ്റീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഫീസിനെതിരേ കാസര്‍കോട് ടൗണ്‍ പൊലിസ് വധശ്രമത്തിനു കേസെടുത്തു. നഫീസ് ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്.
വിദ്യാനഗര്‍ പൊലിസിന്റെ അപേക്ഷ പ്രകാരം കാസര്‍കോട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മംഗളുരുവിലെ ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശികളാണ് നഫീസും അസ്റീനയും. ഇവര്‍ ആറു മാസം മുമ്പാണ് വിവാഹിതരായത്. ഒരു മാസം മുമ്പാണ് വിദ്യാനഗര്‍ ചാലയിലെത്തി വാടക ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.
തയ്യല്‍ക്കാരനായ നഫീസ് അസ്റീനയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പരിസരവാസികള്‍ പൊലിസിനോട് പറഞ്ഞു. തന്നെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതാണെന്ന് അസ്റീന ഡോക്ടറോട് പറഞ്ഞിരുന്നു.
ആശുപത്രിയിലുണ്ടായിരുന്ന നഫീസിനെ ഇതിനെ തുടര്‍ന്നു പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."