മോഷണസംഘം പൊലിസ് പിടിയില്‍
കോഴിക്കോട്: ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മൊബൈല്‍ ഷോപ്പുകളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘം പൊലിസ് പിടിയില്‍. അടിവാരം നടുവിലക്കണ്ടി സൈഫുല്ല (26), അടിവാരെ വാക്കത്ത് ഷമീല്‍ (18), 18 വയസ് തികയാത്ത ഒരാളും ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങവെയാണ് ചേവായൂര്‍ പൊലിസും നടക്കാവ് സി.ഐ അഷ്‌റഫ് തെങ്ങിലക്കടവിന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് ഷാഡോ പോലിസും ചേര്‍ന്ന് ഇവരെ പിടികൂടിയത്.
പിടികൂടുമ്പോള്‍ കൈവശമുണ്ടായിരുന്ന പള്‍സര്‍ ബൈക്ക് പൂനൂരിലെ ഒരു കടയുടെ മുന്‍വശത്തും നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു. താമരശ്ശേരി പുല്ലാഞ്ഞിമേട്ടില്‍ നിന്ന് ആക്‌സസ് സ്‌കൂട്ടറും സംഘം മോഷ്ടിച്ചിട്ടുണ്ട്.
എന്‍.ഐ.ടിക്കടുത്ത കട്ടാങ്ങലിലെ ടീസ് പ്ലസ് മൊബൈല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് പത്തോളം മൊബൈല്‍ ഫോണുകളും റീചാര്‍ജ് കൂപ്പണുകളും പെന്‍ഡ്രൈവുകളും മോഷ്ടിച്ചതും ഉള്ള്യേരി തെരുവത്ത് കടവിലെ ഷാഹിദ് എന്നയാളുടെ മൊബൈല്‍ ഷോപ്പ് പൊളിച്ച് ആറു മൊബൈല്‍ ഫോണുകളും ഒരു ടാബ്‌ലെറ്റും 9000 രൂപയും മോഷ്ടിച്ചതും ബാലുശ്ശേരിക്കടുത്ത കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫിസ് പൊളിച്ച് ലാപ്‌ടോപ്പും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിച്ചതും വടകര തിരുവള്ളൂരിലെ ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് ലാപ്‌ടോപ്പും ടാബ്‌ലെറ്റും മോഷ്ടിച്ചതും ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കോഴിക്കോട് സൈബര്‍ സെല്ലിലെ ധീരജ്, രഞ്ജിത്ത്, നോര്‍ത്ത് ഷാഡോ പൊലിസിലെ ഇ. മനോജ്, മുഹമ്മദ് ഷാഫി, സജി, അബ്ദുറഹ്മാന്‍, പ്രമോദ്, സുനില്‍കുമാര്‍, അഖിലേഷ്, ആഷിഖ് റഹ്മാന്‍, ചേവായൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ അരവിന്ദാക്ഷന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."