ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍
മൊഗാദിശു: സൊമാലിയക്ക് സമീപത്തെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ സൊമാലി ലാൻഡിനെ രാഷ്ട്രമായി അംഗീകരിച്ച് ഇസ്‌റാഈൽ. ലോകത്ത് സൊമാലി ലാൻഡിനെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന ഏക രാജ്യവും ഇസ്‌റാഈലാണ്. ഹൂതികളെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ലോകത്ത് ആരും അംഗീകരിക്കാത്ത രാജ്യവുമായി ഇസ്‌റാഈൽ കൂട്ടുകെട്ടുണ്ടാക്കുന്നതിന് പിന്നിൽ.
സൊമാലി ലാൻഡുമായി ഇസ്‌റാഈൽ നയതന്ത്ര ബന്ധം തുടങ്ങി. സൊമാലി ലാൻഡ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹിയുമായി വിഡിയോ കോൺഫറൻസിൽ സംസാരിച്ചാണ് നെതന്യാഹു ഇസ്‌റാഈലിന്റെ അംഗീകാരം കഴിഞ്ഞ ദിവസം അറിയിച്ചത്.
അതിനിടെ, ഇസ്‌റാഈൽ സൊമാലി ലാൻഡിന് നൽകിയ പിന്തുണ പിൻവലിക്കണമെന്ന് സൊമാലിയ ആവശ്യപ്പെട്ടു. കിഴക്ക് സൊമാലിയ, തെക്ക് എത്യോപ്യ, പടിഞ്ഞാറ് ജിബൂത്തി രാജ്യങ്ങളുമായാണ് സൊമാലി ലാൻഡ് അതിർത്തി പങ്കിടുന്നത്. വടക്കു പടിഞ്ഞാറ് ഏദൻ കടലിടുക്കാണ്.
യമനുമായി അടുത്തു കിടക്കുന്ന മേഖലയാണ് സൊമാലി ലാൻഡ്. ഏദൻ കടലിടുക്കിന്റെ അപ്പുറം യമനാണ്. സൊമാലി ലാൻഡിൽ നിന്ന് യമൻ തലസ്ഥാനമായ സൻആയിലേക്കും അൽ മുകല്ല തുറമുഖത്തേക്കും വലിയ ദൂരമില്ല. യമനിലെ ഹൂതികളെ നേരിടാനാണ് ഇസ്‌റാഈൽ സൊമാലി ലാൻഡിനോട് സൗഹൃദം സ്ഥാപിക്കുന്നത്.
ഇസ്‌റാഈലിലേക്കുള്ള കപ്പലുകളെ ഏദൻ കടലിടുക്കിൽ നേരിട്ടത് ഹൂതികളായിരുന്നു. ഈ മേഖലയിൽ ഇസ്‌റാഈലിന് താവളം നിർമിക്കാനും മറ്റും സൊമാലി ലാൻഡിനെ ഉപയോഗിക്കാനാകും. ലോകത്ത് മറ്റൊരു രാജ്യവും തങ്ങളെ അംഗീകരിക്കാത്തതും സൊമാലിയയിൽ നിന്ന് കടുത്ത ഭീഷണി നേരിടുന്നതുമായ സാഹചര്യംത്തിൽ ഇസ്‌റാഈൽ ബന്ധം സൊമാലി ലാൻഡിനും സഹായമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."