അവസാനശ്വാസത്തിലും പറഞ്ഞത് 'ഞാന്‍ ഇന്ത്യക്കാരന്‍'; ചൈനക്കാരനെന്ന് പറഞ്ഞ് ഡെറാഡൂണില്‍ എം.ബി.എ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു
അഗര്‍ത്തല: ബംഗ്ലാദേശിയെന്നാരോപിച്ച് കേരളത്തിലുള്‍പ്പെടെ പൗരന്‍മാര്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ, ചൈനക്കാരന്‍ എന്നാരോപിച്ച് ത്രിപുര സ്വദേശികള്‍ക്ക് നേരെയും സംഘടിത വംശീയ ആക്രമണം. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ആക്രമണത്തിനിരയായ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. ത്രിപുര സ്വദേശിയായ എം.ബി.എ വിദ്യാര്‍ഥി ആഞ്ജല്‍ ചക്മയാണ് മരിച്ചത്. വംശീയ പരിഹാസത്തിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ആഞ്ജല്‍ ചക്മ കഴിഞ്ഞദിവസമാണ് മരിച്ചത്. ഈ മാസം ഒമ്പതിന് സെലാക്കി പ്രദേശത്ത് വച്ച് നടന്ന ആക്രമണത്തിന് ശേഷം രണ്ടാഴ്ചയിലേറെ ആഞ്ജല്‍ ചികിത്സയിലായിരുന്നു. ജിഗ്യാസ യൂനിവേഴ്സിറ്റിയില്‍ എം.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ആഞ്ജല്‍. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ജവാനാണ് ആഞ്ജലിന്റെ പിതാവ്.
സഹോദരന്‍ മൈക്കിള്‍ ചക്മയ്ക്കൊപ്പം വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഒരു സംഘം യുവാക്കള്‍ സഹോദരങ്ങളെ തടഞ്ഞുവയ്ക്കുകയും നേപ്പാളി, ചൈനീസ് എന്നിങ്ങനെ വംശീയ അധിക്ഷേപ പദങ്ങള്‍ ഉപയോഗിച്ച് പരിഹസിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ പ്രതികരിച്ച ആഞ്ജലിനെ അക്രമിസംഘം ക്രൂരമായി മര്‍ദിക്കുകയും കുത്തുകയുമായിരുന്നു. 'തങ്ങള്‍ ചൈനീസല്ല, ഇന്ത്യക്കാരാണ്. ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ എന്ത് സര്‍ട്ടിഫിക്കറ്റാണ് കാണിക്കേണ്ടത്?- എന്ന് ചോദിച്ചാണ് ഇരുവരും പ്രതികരിച്ചത്. 'ഞാന്‍ ഇന്ത്യക്കാരന്‍' ആണ് എന്ന ആഞ്ജല്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഇതുവകവയ്ക്കാതെ അക്രമികള്‍ ഇരുമ്പ് ദണ്ഡും കത്തിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. മൈക്കിളിന്റെ തലയില്‍ അക്രമികള്‍ ദണ്ഡ് കൊണ്ട് അടിച്ചപ്പോള്‍ രക്ഷിക്കാന്‍ ഇടപെട്ടപ്പോഴാണ് അഞ്ജലിന് കുത്തേറ്റത്. കഴുത്തിലും വയറ്റിലും അക്രമികള്‍ കത്തി കൊണ്ട് കുത്തി. ഗുരുതരമായി പരുക്കേറ്റ ആഞ്ജലിനെ രണ്ടാഴ്ചയോളം തീവ്രപരിചരണവിഭാഗത്തില്‍ (ഐ.സി.യു) പ്രവശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ മൈക്കിള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
മൈക്കിളിന്റെ പരാതിയില്‍ ഈ മാസം 12ന് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ് പ്രതികളില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതി യാഗ്യ അവസ്ഥി നേപ്പാളിലേക്ക് രക്ഷപ്പെട്ടതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. ആഞ്ജലിന്റെ മരണത്തോടെ കേസ് കൊലപാതകമാക്കി മാറ്റുകയും പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. മൃതദേഹം സ്വദേശമായ ത്രിപുരയിലേക്ക് കൊണ്ടുപോയി അന്ത്യകര്‍മങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."