സൊമാറ്റോ, സ്വിഗ്ഗി പുതുവത്സര ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പുതുവത്സര രാവില്‍ കൂടുതല്‍ ഇന്‍സെന്റീവുകളും ഉയര്‍ന്ന ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഭക്ഷ്യ ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും. മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സംരക്ഷണവും ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമിലെ ജീവനക്കാരായ ഗിഗ് തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കെയാണ് കമ്പനികളുടെ നടപടി. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഓര്‍ഡര്‍ ദിനമായ പുതുവത്സര രാവില്‍ സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സീറ്റോ തുടങ്ങിയ ഭക്ഷ്യ ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളെ പണിമുടക്ക് ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.
സൊമാറ്റോ ഡിസംബര്‍ 31ന് വൈകിട്ട് ആറു മുതല്‍ രാത്രി 12 വരെയുള്ള തിരക്കേറിയ മണിക്കൂറുകളില്‍ ഒരു ഓര്‍ഡറിന് 120 മുതല്‍ 150 രൂപ വരെയാണ് കമ്മീഷന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓര്‍ഡര്‍ അളവിനനുസരിച്ച് പ്രതിദിനം 3,000 രൂപ വരെ സമ്പാദിക്കാമെന്നും കമ്പനി അറിയിച്ചു. ഓര്‍ഡര്‍ നിരസിക്കലിനും റദ്ദാക്കലിനും പിഴ ഒഴിവാക്കിയിട്ടുമുണ്ട്. സമാനമാണ് മറ്റ് കമ്പനികളുടെ ആനുകൂല്യങ്ങളും. ഉത്സവകാലങ്ങളിലെ തിരക്ക് കണക്കിലെടുത്തുള്ള സാധാരണ നടപടിയാണിതെന്ന് കമ്പനികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."