HOME
DETAILS

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

  
സുരേഷ് മമ്പള്ളി
January 09, 2026 | 2:41 AM

madhav gadgil the green man who loved nature

കണ്ണൂര്‍: ലോകം ആദരവോടെ കാണുന്ന എണ്ണംപറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ ഒരാളെയാണ് മാധവ് ഗാഡ്ഗിലിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. പരിസ്ഥിതിയോട് അഗാധപ്രണയവും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരോട് നിരന്തരകലഹവും ബാക്കിയാക്കിയാണ് ഗാഡ്ഗിലിന്റെ മടക്കം. ശല്യക്കാരനായ പരിസ്ഥിതി തീവ്രവാദിയെന്നും മനുഷ്യവിരോധി എന്നും രാജ്യാന്തരസംഘടനകളില്‍നിന്ന് ഫണ്ട് കൈപ്പറ്റുന്നയാളെന്നും പല വിളിപ്പേരുകളും മാധവ് ഗാഡ്ഗിലിന് ചിലർ ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ലായിരുന്നുവെന്ന് കേരളം സാക്ഷ്യംവഹിച്ച ഉരുള്‍ദുരന്തങ്ങളും മഹാപ്രളയവുമൊക്കെ ബോധ്യപ്പെടുത്തി. 'പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും' എന്ന ഗാഡ്ഗിലിന്റെ പ്രവചനസ്വാഭാവമുള്ള വാക്കുകള്‍ 2013ലാണ് കേരളം കേട്ടത്. കൃത്യം അഞ്ചുവര്‍ഷത്തിനിപ്പുറം 2018ലെ മഹാപ്രളയത്തില്‍ നാട് മുങ്ങി. തൊട്ടടുത്തവര്‍ഷം ഒരു മലയാകെ വന്ന് മനുഷ്യരെ മൂടുന്ന കാഴ്ച മേപ്പാടി പുത്തുമലയിലും കവളപ്പാറയിലും കണ്ടു. ഗാഡ്ഗിലിന്റെ പ്രവചനത്തിന് പത്താണ്ട് പിന്നിടുമ്പോഴാണ് മറ്റൊരു മഹാദുരന്തത്തിനു കൂടി കേരളം സാക്ഷ്യംവഹിച്ചത്. 2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരല്‍മല ഗ്രാമങ്ങളെ കടപുഴക്കിയ ഉരുൾദുരന്തത്തില്‍ 403 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു ഗ്രാമങ്ങളെ കശക്കിയെറിഞ്ഞ ഉരുള്‍ മലയിറങ്ങി ചാലിയാറിലൂടെ കടലിലേക്കൊഴുകുന്നതു കണ്ട മലയാളി വീണ്ടും ഗാഡ്ഗിലിനെ ഓര്‍ത്തു. അതോടെ ധൃതിപ്പെട്ടുള്ള പരിഹാരമാര്‍ഗങ്ങളാരായാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം കേവലം പ്രകൃതിക്ഷോഭമല്ലെന്നും കേരളം ഇരന്നുവാങ്ങിയ മനുഷ്യനിര്‍മിത ദുരന്തമാണെന്നും മാധവ് ഗാഡ്ഗില്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.

വികസനത്തിന് ബദല്‍വഴികള്‍

കണ്ണുകെട്ടിയ വികസനം പരിസ്ഥിതി സന്തുലനത്തെ തകിടംമറിക്കുമെന്ന് നിരന്തരം ഓര്‍മിപ്പിക്കുക മാത്രമായിരുന്നില്ല ഗാഡ്ഗില്‍, കൃത്യമായ ബദലുകളും അദ്ദേഹം മുന്നോട്ടുവച്ചു. ഭൂമിയെ അതിദ്രുതം തുരന്നുതീര്‍ക്കുന്ന അമിതഖനനങ്ങള്‍ നിയന്ത്രിക്കണമെന്നും ഡാമുകളും താപനിലയങ്ങളും ഡി കമ്മിഷന്‍ ചെയ്യണമെന്നും ഗാഡ്ഗില്‍ ഓര്‍മിപ്പിച്ചു. ഭൂമിയുടെ സ്വഭാവവും ഘടനയും തിരിച്ചറിഞ്ഞു വേണം കൃഷിരീതികള്‍ അവലംബിക്കാനെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹം അടിവരയിട്ടു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരേ നാടെങ്ങു പ്രതിഷേധമിരമ്പി. വൈകാതെ വെള്ളംചേര്‍ത്തും വക്രീകരിച്ചും റിപ്പോര്‍ട്ടിനെ അധികാരികള്‍ ഇല്ലാതാക്കി.

ആരുകേള്‍ക്കാന്‍ ആ മുന്നറിയിപ്പുകള്‍ 

കനത്ത മഴയല്ല, മറിച്ച് മലഞ്ചെരിവുകളിലെ അശാസ്ത്രീയ നിര്‍മാണങ്ങളും പാറമടകളുമാണ് 2018ലെ പ്രളയത്തിനു കാരണമെന്ന് ഗാഡ്ഗില്‍ പറഞ്ഞപ്പോള്‍ പരിഹാസത്തോടെയായിരുന്നു പലരുടെയും പ്രതികരണം. 
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലും അധികാരികള്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഗാഡ്ഗില്‍ നടത്തിയത്. രാഷ്ട്രീയലാഭത്തിനു വേണ്ടി പരിസ്ഥിതിയെ ബലികൊടുത്തതിന്റെ ഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ തീര്‍ച്ചയായും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളെ തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍ദുരന്തങ്ങളുടെയുമൊക്കെ തീവ്രത ലഘൂകരിക്കപ്പെടുകയോ തടയുകയോ ചെയ്യാമായിരുന്നു. 

അടിത്തട്ടില്‍നിന്ന് ഉയിര്‍ത്ത പ്രകൃതിപാഠം

സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍നിന്ന് സ്വായത്തമാക്കിയ പ്രകൃതിപാഠങ്ങളായിരുന്നു ഗാഡ്ഗിലിന്റെ ഊര്‍ജം. കര്‍ഷകരും ആട്ടിടയരും പകര്‍ന്നുനല്‍കിയ അറിവുകളാണ് തന്റെ ശാസ്ത്രഗവേഷണങ്ങളുടെ രാസത്വരകമെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാരുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായുമുള്ള സംവാദങ്ങളും നിരന്തര പരിസരപഠനങ്ങളുമായിരുന്നു ഈ ഗവേഷണങ്ങളുടെ കാതല്‍. ഗുജറാത്ത് മുതല്‍ തമിഴ്‌നാട് വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടത്തിനു വേണ്ടി സമര്‍പ്പിതമായിരുന്നു ആ ജീവിതം. സന്തുലിത പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകിയ ഗാഡ്ഗിലെന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഇന്ത്യയുടെ പ്രകൃതിവൈവിധ്യത്തെ ഇത്രമേല്‍ അടുത്തറിഞ്ഞ മറ്റൊരാളുണ്ടാകില്ലെന്നും നിസംശയം പറയാം.

മൃഗങ്ങളല്ല, മനുഷ്യനാണ് മുഖ്യം

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മാധവ് ഗാഡ്ഗിലിനെതിരേ അതിരൂക്ഷ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് അലയടിച്ചത്. മലയോരമേഖലകളിലെ കുടിയേറ്റ ജനതയും കര്‍ഷകരും ക്രിസ്ത്യൻ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായിരുന്നു. മനുഷ്യവിരോധി എന്ന ലേബല്‍ ചാര്‍ത്തി പലയിടത്തും ഗാഡ്ഗിലിനെ പ്രതീകാത്മകമായി വിചാരണ ചെയ്തു. എന്നാല്‍ സമീപകാലത്ത് മലയോരജനത വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിത്തുടങ്ങിയപ്പോള്‍ അവര്‍ക്കായി ശബ്ദമുയര്‍ത്താനും ഗാഡ്ഗില്‍ മറന്നില്ല. സ്വയരക്ഷയ്ക്കുള്ള അവകാശം നിയമപരമായി ഉറപ്പുനൽകുന്ന രാജ്യത്ത് കാടുവിട്ടിറങ്ങുന്ന മൃഗങ്ങളെ ചെറുക്കാനും തുരത്താനും കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് ഗാഡ്ഗില്‍ വാദിച്ചു. വിരുദ്ധോക്തി എന്നുതോന്നുന്ന ഈ അഭിപ്രായപ്രകടനം പരിസ്ഥിതി തീവ്രവാദികളെ ചൊടിപ്പിച്ചെങ്കിലും കര്‍ഷകജനത ഗാഡ്ഗിലിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തു. മുമ്പ് വാളോങ്ങിയ കര്‍ഷകസംഘടനകള്‍ തന്നെ കേരളത്തില്‍ പലയിടത്തും ഗാഡ്ഗിലിനെ ഈ വിഷയത്തില്‍ പ്രസംഗിക്കാനെത്തിച്ചു. ഇത്തരത്തില്‍ മനുഷ്യനെയും പ്രകൃതിയേയും അത്രമേല്‍ പ്രണയിച്ച പച്ചമനുഷ്യനായിരുന്നു മാധവ് ഗാഡ്ഗില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  15 hours ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍, ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

Kerala
  •  15 hours ago
No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  15 hours ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  16 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  17 hours ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  17 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  17 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  17 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  17 hours ago