ഇറാനിലേക്കില്ല: വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബൈ; യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും; പുതിയ സമയം പിന്നീട് അറിയിക്കും
അബൂദബി: ഇറാനിൽ തുടരുന്ന കടുത്ത ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് വെള്ളിയാഴ്ച (ജനുവരി 9, 2026) നടത്തേണ്ടിയിരുന്ന എല്ലാ സർവിസുകളും റദ്ദാക്കിയാതായി ഫ്ലൈ ദുബൈ അറിയിച്ചു. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുമെന്നും സാഹചര്യം നിരീക്ഷിച്ച ശേഷം പുതിയ സമയക്രമം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സർവിസുകൾ നിർത്തിവെക്കാനുള്ള കൃത്യമായ കാരണം ഫ്ലൈദുബൈ പറഞ്ഞിട്ടില്ലെങ്കിലും ഇറാനിലെ സംഘർഷാവസ്ഥയാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന. ഡിസംബർ അവസാനം ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് പടർന്നിരിക്കുകയാണ്.
കടുത്ത വിലക്കയറ്റം, പണപ്പെരുപ്പം, ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികളാണ് ജനങ്ങളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. പലയിടങ്ങളിലും ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ഭരണകൂടം തടഞ്ഞിരിക്കുകയാണ്.
അതേസമയം, മേഖലയിലെ മറ്റ് പല വിമാനക്കമ്പനികളും സുരക്ഷ കണക്കിലെടുത്ത് ഇറാനിലേക്കുള്ള സർവിസുകളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഷാർജയിൽ നിന്ന് ഇറാനിലെ വിവിധ നഗരങ്ങളിലേക്ക് സർവിസ് നടത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ എയർ അറേബ്യ റദ്ദാക്കി. എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ഷാർജയിൽ നിന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ, കൂടാതെ ഷിറാസ്, ലാർ, മഷ്ഹദ് എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
ഷാർജയിൽ നിന്നും ടെഹ്‌റാനിലേക്കുള്ള G9201, ഷിറാസിലേക്കുള്ള G9213, ലാറിലേക്കുുള്ള G9217, മഷ്ഹദിലേക്കുള്ള G9205 തുടങ്ങിയ സർവിസുകളാണ് റദ്ദാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് തുർക്കിയിൽ നിന്നുമുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
ഇസ്താംബൂളിൽ നിന്ന് ടെഹ്‌റാനിലേക്ക് പോകേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ റദ്ദാക്കിയതായാണ് ടർക്കിഷ് എയർലൈൻസ് അറിയിച്ചത്. കൂടാതെ, ഇറാനിയൻ എയർലൈൻസുകൾ നടത്തേണ്ടിയിരുന്ന അഞ്ച് സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
flydubai has announced the cancellation of all scheduled flights to Iran for Friday, January 9, 2026, citing growing regional uncertainty. The airline is in direct communication with affected passengers regarding their travel plans and stated it will continue to monitor the situation closely before announcing a revised flight schedule.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."