തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക. ജയിലിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റി.
പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രിക്ക് ഇന്ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയർന്നതിനാലും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കാർഡിയോളജി, മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ ശുപാർശ പ്രകാരമാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്.
ഉയർന്ന രക്തസമ്മർദ്ദത്തിന് പുറമെ പ്രമേഹവും കാലിൽ നീരും അദ്ദേഹത്തെ അലട്ടുന്നുണ്ട്. വിശദമായ രക്തപരിശോധന ഫലങ്ങളും ഇസിജി റിപ്പോർട്ടും വന്ന ശേഷം മാത്രമേ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമാകൂ.
പുതിയ കേസിൽ പ്രതിചേർക്കാൻ എസ്ഐടി
അറസ്റ്റിലായ തന്ത്രിക്കെതിരെ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ് പ്രത്യേക അന്വേഷണ സംഘം (SIT).ശ്രീകോവിലിലെ സ്വർണ പാളികൾക്ക് പുറമെ, ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ പാളികൾ കടത്തിയ കേസിലും തന്ത്രിയെ പ്രതിചേർക്കും.സ്വർണ പാളി മാറ്റി ചെമ്പാക്കിയതുമായി ബന്ധപ്പെട്ട മഹസ്സറിൽ ഒപ്പിട്ടത് വഴി തന്ത്രിക്കും കവർച്ചയിൽ പങ്കുണ്ടെന്നാണ് പൊലിസിന്റെ വാദം.
ദേവസ്വം മാനുവൽ പ്രകാരം അസിസ്റ്റന്റ് കമ്മീഷണറുടെ അതേ ഉത്തരവാദിത്തം തന്ത്രിക്കുമുണ്ടെന്നും ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ക്ഷേത്രത്തിന് പുറത്തേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."