ഫോൺ തട്ടിപ്പിലൂടെ സ്വദേശി വനിതയിൽ നിന്ന് പണം തട്ടിയെടുത്തു; പ്രതികളോട് പണം തിരികെ നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
അബൂദബി: സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിലൂടെ വിളിച്ച് ഇമാറാത്തി സ്വദേശിനിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾക്ക് കനത്ത തിരിച്ചടി. ഇരയിൽ നിന്നും ഇവർ തട്ടിയെടുത്ത 40,900 ദിർഹം തിരികെ നൽകാൻ അബൂദബിയിലെ അൽ ദഫ്ര കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ഉത്തരവിട്ടു.
സർക്കാർ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ച് ഫോണിലൂടെ യുവതിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ, ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവതി ആകെ 40,900 ദിർഹം കൈമാറി. പണം കൈമാറിയ ശേഷമാണ് താൻ വഞ്ചിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞതും പരാതി നൽകിയതും.
രണ്ട് പ്രതികളിൽ ഒരാൾ 22,500 ദിർഹവും രണ്ടാമൻ 18,409 ദിർഹവുമാണ് യുവതിയിൽ നിന്ന് കൈക്കലാക്കിയത്. ഈ തുക മുഴുവനായി ഇരയ്ക്ക് തിരികെ നൽകണം. കൂടാതെ, സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് കോടതി പ്രതികൾക്ക് പിഴയും വിധിച്ചിട്ടുണ്ട്. എന്നാൽ, യുവതി ആവശ്യപ്പെട്ട ധാർമ്മികമായ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി നിരസിച്ചു.
പ്രതികളെ അസാന്നിധ്യത്തിൽ വിചാരണ ചെയ്ത കോടതി, മൂന്ന് മാസത്തെ തടവിനും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികൾ അപ്പീൽ നൽകാത്തതിനാൽ വിധി അന്തിമമായി. പ്രതികൾ നിലവിൽ മറ്റ് കേസുകളിലെ ശിക്ഷയുമായി ബന്ധപ്പെട്ട് ദുബൈയിലെ ബർ ദുബൈ, അൽ ഖുസൈസ് തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുകയാണ്.
കേസ് നടപടികളിൽ യുവതി സ്വന്തമായി വാദിച്ചതിനാൽ അഭിഭാഷക ഫീസിനുള്ള അപേക്ഷയും കോടതി തള്ളിയിരുന്നു. എന്നാൽ കോടതി ചെലവുകൾ പ്രതികൾ വഹിക്കണമെന്ന് വാദം കോടതി അംഗീകരിച്ചു.
abu dhabi court directed accused in phone scam case to return money taken from a local woman. judges stressed accountability, digital fraud awareness, and strict action against cybercrime to protect residents and uphold trust in financial and communication systems nationwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."