ഷാർജയിൽ വൈദ്യുതി നിലച്ചതോടെ സിഗ്‌നലുകൾ പണിമുടക്കി; റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിച്ച് ഡെലിവറി ബോയ്സ്, കയ്യടിച്ച് ലോകം
ഷാർജ: വൈദ്യുതി തടസ്സങ്ങൾ അപൂർവമായ രാജ്യമാണ് യുഎഇ. അതിനാൽ തന്നെ വൈദ്യുതി മുടങ്ങുമ്പോൾ ജനങ്ങൾ പെട്ടെന്ന് ബുദ്ധിമുട്ടിലാകാറുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ വൈദ്യുതി വിതരണ തകരാറിനെ തുടർന്ന് ഷാർജയിൽ ഇന്നലെ വിവിധ സർവീസുകൾ താത്കാലികമായി പണിമുടക്കി. വീടുകളിലെയും ബിസിനസ് കേന്ദ്രങ്ങളിലെയും വൈദ്യുതി മുടങ്ങി. മാളുകളും മറ്റും ഇരുട്ടിലായി. ഇതോടൊപ്പം റോഡിലെ ട്രാഫിക് സിഗ്‌നലുകൾ കൂടി പണിമുടക്കിയതോടെ ഗതാഗതം നിലക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. എന്നാൽ ഈ ഘട്ടത്തിൽ തങ്ങളുടെ ജോലികൾ ഉപേക്ഷിച്ച് ട്രാഫിക് നിയന്ത്രിച്ച കുറച്ചുപേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
ഷാർജയിലെ ഒരു പ്രധാന ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ സഹായിക്കുന്ന കുറച്ച് ഡെലിവറി ബോയ്സിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ പ്രവർത്തി കാരണം വാഹനങ്ങൾക്ക് തെരുവുകളിൽ ആശയക്കുഴപ്പമോ അപകട സാധ്യതയോ ഇല്ലാതെ യാത്ര തുടരാൻ സാധിച്ചു. ഡെലിവറി യൂണിഫോം ധരിച്ച ഡ്രൈവർമാർ റോഡിന്റെ മധ്യത്തിൽ നാല് വശങ്ങളിൽ നിന്നും വാഹനങ്ങൾക്ക് സിഗ്നൽ നൽകുന്നതാണ് ദൃശ്യത്തിൽ ഉള്ളത്.
സ്‌മൈൽ, നൂൺ, കീറ്റ തുടങ്ങിയ കമ്പനികളിലെ ഡെലിവറി ബോയ്‌സാണ് ഗതാഗതം നിയന്ത്രിച്ചത് എന്ന് അവരുടെ യൂണിഫോമിൽ നിന്ന് മനസിലാക്കാം. വെയിൽ നിറഞ്ഞ ഉച്ചസമയത്ത് വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും വഴികാട്ടാൻ അവർ ജംഗ്ഷന് കുറുകെ നിലയുറപ്പിച്ചിരുന്നു. സ്‌കൂൾ ബസുകളും ടാക്സികളും ഈ സമയത്ത് സുഗമമായി കടന്നുപോയി.
സംഭവത്തിൽ, ഇവരുടെ ഇടപെടലിന് കയ്യടിക്കുകയാണ് ഷാർജയിലെയും യുഎഇയിലെയും സമൂഹം. എന്നാൽ ഇത്തരത്തിൽ സമൂഹത്തിന് വേണ്ടി ഇറങ്ങുന്നവർ ഇത് ആദ്യത്തെ സംഭവല്ല. 2024-ൽ, ദുബൈയിലെ അൽ വാസൽ സ്ട്രീറ്റിൽ തൂങ്ങിക്കിടക്കുന്ന ഒരു ട്രാഫിക് ലൈറ്റ് ശരിയാക്കുന്ന ഒരു തലാബത്ത് ഡെലിവറി റൈഡർ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അതേസമയം, ഷാർജയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിച്ചു. പ്രാദേശിക സാങ്കേതിക തകരാറാണ് തടസ്സത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."