അറഫാ ദിനത്തില്‍ കഅ്ബക്ക് പുതിയ കിസ്വ
മക്ക: അറഫാ ദിന സംഗമമായ ഇന്ന് വിശുദ്ധ കഅ്ബയെ പുതിയ കിസ്വ അണിയിക്കും. ഇന്ന് സുബ്ഹിനു ശേഷം നടക്കുന്ന ചടങ്ങിലാണ് കിസ്വ അണിയിക്കുക. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ചടങ്ങ് നടക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ കിസ്വ ഫാക്ടറിയില്‍ നിന്നും മക്കയിലെത്തിച്ചു. കിസ്വ പൂര്‍ണമായും അഴിച്ച ശേഷമായിരിക്കും പുതിയത് അണിയിക്കുക. ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദിവസം മക്കയില്‍ തീരെ തിരക്കുണ്ടാവില്ലെന്നത് കിസ്വ മാറ്റത്തിന് ഏറെ സഹായകരമാകും.
ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബുദുറഹ്മാന്‍ സുദൈസിന്റെ നേതൃത്വത്തില്‍ കിസ്വ ഫാക്ടറി ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ചടങ്ങില്‍ പങ്കാളികളാവുക.
ഹജ്ജ് മാസം തുടങ്ങിയ ശേഷം കിസ്വ കൂടുതല്‍ മുകളിലേക്ക് ഉയര്ത്തികെട്ടിയിരുന്നു. ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് കിസ്വ ഉയര്‍ത്തിയത്. തറ നിരപ്പില്‍ നിന്നും മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കെട്ടിയത്. ഉയര്‍ത്തി കെട്ടിയ കഅ്ബയുടെ ഭാഗം രണ്ടു മീറ്റര്‍ ഉയരത്തില്‍ തൂവെള്ള പട്ടു തുണി കൊണ്ട് മറച്ചിട്ടുമുണ്ട്.
തിരക്ക് കൂടുമ്പോള്‍ ഹാജിമാര്‍ പിടിച്ചു വലിച്ചു കിസ്വക്കു കേടുപാടുകള്‍ സംഭവിക്കുമെന്ന് കണക്കാക്കിയാണ് ഇങ്ങനെ ഉയര്‍ത്തുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സമ്മേളിക്കുന്ന ഇന്ന് പുതിയ കിസ്വ അണിയിക്കുമെങ്കിലും താല്‍ക്കാലികമായി ഉയര്‍ത്തിവെക്കും. മുഹറം പകുതിക്കു ശേഷമേ താഴ്ത്തിയിടൂ. 700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സില്‍ക്ക്, 120 കിലോഗ്രാം തൂക്കത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചരടുകള്‍, 14 മീറ്റര്‍ നീളവും 101 സെന്റീമീറ്റര്‍ വീതിയുമുള്ള പതിനാലു കഷ്ണം തുണികള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കഅ്ബയുടെ നാലു ഭാഗത്തും തറയിലുമായി കോപ്പര്‍ റിങുകള്‍ ഉപയോഗിച്ചാണ് ഇത് വലിച്ചു കെട്ടുന്നത്. 16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍വല്‍കൃത നെയ്ത്ത് മെഷീന് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."