Sabarimala Gold Theft Case; the High Court will deliver its verdict today on the bail pleas of three accused, including M. Padmakumar.
HOME
DETAILS
MAL
സ്വർണ്ണക്കൊള്ള; എം. പത്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
January 21, 2026 | 3:12 AM
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർ നൽകിയ ഹരജികളിലാണ് കോടതി വിധി ഉണ്ടാവുക. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്.
അതേസമയം, കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ ജാമ്യം ലഭിച്ചിരുന്നു. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടെന്നു കാണിച്ചാണ് ജാമ്യഹരജി നൽകിയത്. എന്നാൽ സ്വർണക്കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിട്ടില്ല എന്നതിനാൽ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാൻ കഴിഞ്ഞിട്ടില്ല.
ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ഒരേ സമയം മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ സുപ്രധാനരേഖകൾ പിടിച്ചെടുത്തു. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിൽ പ്രതികളുമായി ബന്ധപ്പെട്ട വീടുകളിലും ഓഫിസുകളിലും ഉൾപ്പെടെയായിരുന്നു പരിശോധന. ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്.
ഇ.ഡിയുടെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനും തെളിവുകൾ പിടിച്ചെടുക്കാനുമാണ് റെയ്ഡ് നടത്തിയത്. സ്വർണക്കൊള്ള, ആസൂത്രകർ, ഒത്താശ ചെയ്തവർ, സാമ്പത്തികനേട്ടമുണ്ടായവർ എന്നിവരെ തിരിച്ചറിയാനും ഡിജിറ്റൽ തെളിവുകൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുക്കാനുമായിരുന്നു റെയ്ഡ്. 2019 മുതൽ 2025 വരെ നടന്ന ക്രമക്കേടുകൾ സംബന്ധിച്ചാണ് പരിശോധനകൾ.
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ.പത്മകുമാർ, എൻ.വാസു, തന്ത്രി കണ്ഠര് രാജീവര് എന്നിവരുടെ വീടുകളിലും ഇവരുടെ ബന്ധുക്കളുടെ വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. മുൻ മന്ത്രിയുടെ പി.എ, ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ, സന്നിധാനത്തെ ദേവസ്വം ഓഫിസുകൾ, തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വീട്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന്റെ ചങ്ങനാശേരിയിലെ വീട്, ദേവസ്വം ബോർഡ് മുൻ ചെയർമാനും കമ്മിഷണറുമായ എൻ. വാസുവിന്റെ തിരുവനന്തപുരത്തെ വീട്, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ കാക്കനാട്ടുള്ള വീട്, ദേവസ്വം മുൻ ഉദ്യോഗസ്ഥൻ രാജേന്ദ്രപ്രസാദിന്റെ അങ്കമാലിയിലെ വീട് എന്നിവിടങ്ങളിലാണ് കേരളത്തിലെ പരിശോധന.
സ്വർണപ്പാളി പുതുക്കിപ്പണിത ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫിസ്, ഉടമ പങ്കജ് ഭണ്ഡാരിയുടെ വീട്, കർണാടകത്തിലെ ബെല്ലാരി സ്വദേശിയായ സ്വർണവ്യാപാരി ഗോവർധന്റെ വീട് എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.
ശബരിമലയിൽ ദേവസ്വം ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയാണ് റെയ്ഡ്. സാങ്കേതിക വിദഗ്ധർ, സ്വർണനിർമാണ വിദഗ്ധർ തുടങ്ങിയവരുടെ സഹായത്തോടെയാണ് റെയ്ഡുകൾ നടത്തിയത്.
കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിലും പരിശോധന നടത്തി. ശബരിമലയിലെ സ്വർണം നഷ്ടമായതുമായി ബന്ധപ്പെട്ട തെളിവുകളും പണമിടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുത്തു.
ശബരിമല സ്വർണക്കൊള്ളയിൽ പ്രമുഖർ ഉൾപ്പെടെ അഞ്ച് പേർ കൂടി ഉടൻ അറസ്റ്റിലായേക്കുമെന്നാണ് സൂചന. ദ്വാരപാലക ശിൽപ പാളികളിലെ സ്വർണം മോഷ്ടിച്ച കേസിൽ മൂന്നു പേരും കട്ടിളപ്പാളി കേസിൽ രണ്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്. ദ്വാരപാലക ശിൽപ പാളികൾ 2025 ലും വിറ്റതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."