sabarimala gold robbery case sees unnikrishnan potti granted bail as court reviews evidence and ongoing crime investigation.
HOME
DETAILS
MAL
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷണൻ പോറ്റിക്ക് ജാമ്യം
Web Desk
January 20, 2026 | 11:34 AM
പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ദ്വാരപാലക സ്വര്‍ണപ്പാളികളുടെ കേസിലാണ് പോറ്റിക്ക് ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പോറ്റി ജയിലില്‍ തുടരും.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ മുഴുവൻ പ്രതികളുടെ വീട്ടിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 21 ഇടങ്ങളിലായായിരുന്നു ഇഡി റെയ്ഡ്. എൻ.വാസു, മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി, എ.പത്മകുമാർ എന്നിവരുടെ വീടുകളിൽ ഉൾപ്പെടെയായിരുന്നു ഇഡി റെയ്ഡ്. ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ടെന്നാണ് സൂചന. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും പരിശോധന നടക്കുന്നുണ്ട്.
എ.പത്മകുമാറിന്റെ ആറന്മുള വീട്, എൻ.വാസുവിന്റെ തിരുവനന്തപുരം പേട്ടയിലുള്ള വീട് തുടങ്ങി പ്രതികളുടെ വീടുകളിലെല്ലാം ഒരേ സമയമാണ് ഇഡി റെയ്ഡ് നടന്നത്. വ്യക്തമായ ആസൂത്രണത്തോടെ ഇഡി ഇടപെടൽ. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയാണ് ഉദ്ദേശം. 15-ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുടമക്കമാണ് ഇഡി റെയ്ഡ് നടന്നത്. കേരളം, കർണാടക, തമിഴ്‌നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധനയെന്നും റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടൽ നടപടികളിലേക്കും വരും ദിവസങ്ങളിൽ ഇഡി കടന്നേക്കുമെന്നും സൂചനയുണ്ട്.
കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് സന്നിധാനത്തെത്തുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണപാളികളിൽ പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ കണ്ടേക്കും. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇവരെ കാണുന്നത്.
എസ്.ഐ.ടി അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇഡിയുടെ ഇന്റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്.ഐ.ടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിർണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.
സ്വർണക്കൊള്ളയിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. കഴിഞ്ഞ വർഷം മെയ് 17, 18 തീയതികളിൽ ആയിരുന്നു സന്നിധാനത്ത് എസ്.ഐ.ടി പാളികളിലെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. 1998 ലെ സ്വർണ്ണ പാളികളും പിന്നീട് പ്ലേറ്റിംഗ് നടത്തിയതിനുശേഷമുള്ള പാളികളും തമ്മിൽ പ്രകടമായ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഏതുതരത്തിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് സംഘം പരിശോധിക്കുന്നത്.
കേസിൽ പ്രതികളുടെ മൊഴിയും എഫ്.ഐ.ആറും അടക്കമുള്ള രേഖകൾ നേരത്തെ കൊല്ലം വിജിലൻസ് കോടതി ഇഡിക്ക് കൈമാറിയിട്ടുണ്ട്. ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി, വാജിവാഹനം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണത്തെ പിണറായി സർക്കാരുകൾ അതിന് മുന്നേയുള്ള വിഎസ്, ഉമ്മൻ ചാണ്ടി സർക്കാർ എന്നിങ്ങനെ നാല് സർക്കാരുകളുടെ കാലയളവിലുള്ള ഭരണസമിതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വിപുലീകരിക്കാനും അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
1998ലാണ് വിജയ് മല്ല്യയുടെ നേതൃത്വത്തിലുള്ള യുപി ഗ്രൂപ് ഇതിൽ സ്വർണം പൂശിയത്. 2019ലാണ് ആദ്യമായി ഇവ പുറത്ത് കൊണ്ടുപോകുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ കൊണ്ടുവന്ന സ്വർണം 2025ൽ വീണ്ടും പുറത്തുകൊണ്ടുപോയി. രണ്ട് തവണകളായാണ് ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും പുറത്തുകൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."