സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി
ദമസ്‌കസ്: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്ന സിറിയയിലെ അഹമ്മദ് അല്‍ഷാറയുടെ (ജുലാനി) നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് കീഴിലെ സൈന്യവും കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്.ഡി.എഫ്) തമ്മില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സിറിയയിലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ്, രാജ്യത്ത് പുതിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി ഇരു വിഭാഗവും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. കരാര്‍ പ്രകാരം എസ്.ഡി.എഫ് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ നിന്ന് പിന്മാറുകയും ഈ പ്രദേശങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന് വിട്ടുകൊടുക്കുകയും ചെയ്യും. ഒപ്പം എസ്.ഡി.എഫ് സേനയെ സിറിയന്‍ സൈന്യത്തിന്റെ ഭാഗമായി ലയിപ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
കുര്‍ദിഷ് സേനയെ സിറിയന്‍ ഔദ്യോഗിക സൈന്യത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതോടെ, പ്രതിരോധ സഹമന്ത്രി സ്ഥാനത്തേക്ക് കുര്‍ദിഷ് പ്രതിനിധി എത്തും. സിറിയയിലെ പ്രധാന എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന കുര്‍ദിഷ് സ്വാധീനമേഖലകളായ റഖ, ദാറുസ്സൂര്‍ എന്നീ പ്രവിശ്യകളുടെ നിയന്ത്രണം സിറിയന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഐ.എസ് സായുധസേനാംഗങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന തന്ത്രപ്രധാനമായ അല്‍ഹോള്‍ ക്യാമ്പിന്റെ നിയന്ത്രണവും സിറിയന്‍ സൈന്യം ഏറ്റെടുത്തു. കുര്‍ദിഷ് സേന ഇവിടെ നിന്ന് പിന്‍വാങ്ങി. നേരത്തെ ഐ.എസിനെതിരായ സൈനികനടപടികള്‍ക്ക് എസ്.ഡി.എഫിനെയായിരുന്നു അമേരിക്ക പിന്തുണച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഐ.എസിനെ നേരിടുന്നതില്‍ സിറിയന്‍ സര്‍ക്കാരാണ് അമേരിക്കയുടെ പ്രധാന പങ്കാളിയെന്ന് സിറിയന്‍ കാര്യങ്ങള്‍ക്കായുള്ള യു.എസ് പ്രതിനിധി ടോം ബാരാക്ക് പറഞ്ഞു.
'ഹമയിലെ കശാപ്പുകാരന്‍' റിഫാത് അല്‍ അസദ് അന്തരിച്ചു
ദുബൈ: സിറിയന്‍ മുന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിന്റെ പിതൃസഹോദരന്‍ റിഫാത് അല്‍ അസദ് (88) അന്തരിച്ചു. യു.എ.ഇയില്‍വച്ച് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 'ഹമയിലെ കശാപ്പുകാരന്‍' എന്ന പേരില്‍ കുപ്രസിദ്ധനായ അദ്ദേഹം, ബശ്ശാറിന്റെ പിതാവും മുന്‍ ഏകാധിപതിയുമായ ഹാഫിസ് അസദിന്റെ സഹോദരനുമാണ്. എന്നാല്‍ സ്വന്തം സഹോദരനെതിരെ അട്ടിമറിക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് 1984ല്‍ അദ്ദേഹം നാടുകടത്തപ്പെട്ടു. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഫ്രാന്‍സിലും സ്‌പെയിനിലുമായിരുന്നു താമസം. ഫ്രാന്‍സില്‍ നിയമവിരുദ്ധമായി സ്വത്തുക്കള്‍ സമ്പാദിച്ചതിന് ഫ്രഞ്ച് കോടതി രിഫാത്തിനെ നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ 2021ല്‍ അദ്ദേഹം സിറിയയിലേക്ക് മടങ്ങി. എന്നാല്‍ 2024 ഡിസംബറില്‍ അസദ് കുടുംബത്തിന്റെ ഭരണം അവസാനിച്ചതോടെ രിഫാത് വീണ്ടും നാടുവിടുകയായിരുന്നു.
1982ല്‍ സിറിയയിലെ ഹമ നഗരത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഹാഫിസ് അസദ് ചുമതലപ്പെടുത്തിയത് രിഫാത്തിനെയായിരുന്നു. സൈനികനടപടിയില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് രിഫാത് ഹമയിലെ കശാപ്പുകാരന്‍ എന്നറിയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."