നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ
മുംബൈ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129ാമത് ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്ന് ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി മകൾ അനിത ബോസ് ഫാഫ്. നിലവിൽ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് വിവരം. ഇത് തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന് നേരത്തെയും കുടുംബം ആവശ്യപ്പെട്ടിരുന്നു.
രാജ്യം സ്വതന്ത്രമായിട്ട് 80 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം വിദേശ മണ്ണിൽ തന്നെ തുടരുന്നത് ഏറെ വേദനയുണ്ടാക്കുന്നു. ഉചിതമായ അന്തിമ ചടങ്ങുകൾക്കായി ഭൗതികാവശിഷ്ടം ഇന്ത്യയിലെത്തിക്കുന്നതിനെ പിന്തുണക്കണമെന്ന് ഇന്ത്യക്കാരോട് അവർ അഭ്യർത്ഥിച്ചു. നിലവിൽ ജർമ്മനിയിലുള്ള അനിത ബോസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അഭ്യർഥിച്ചത്.
1945 ഓഗസ്റ്റിൽ ജപ്പാന്റെ കീഴടങ്ങലിനു പിന്നാലെ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്ക് പോയി. തായ്‌പേയിൽ വെച്ച് ഓഗസ്റ്റ് 18നാണ് വിമാനാപകടം ഉണ്ടാകുന്നത്. ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നുവെന്നാണ് അനിത ബോസ് പറയുന്നത്. തായ്‌പേയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യചടങ്ങുകൾ. ചിതാഭസ്മം ജപ്പാനിലേക്ക് മാറ്റിയതായും മകൾ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."