വൈഭവിന്റെ വെടിക്കെട്ട് തുടക്കം,വിഹാൻ മൽഹോത്രയുടെ സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ റൺമഴ പെയ്യിച്ച് ഇന്ത്യ
ബുലവായോ: അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്‌സ് പോരാട്ടത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ റൺമഴ പെയ്യിച്ച് ഇന്ത്യ. വിഹാൻ മൽഹോത്രയുടെ തകർപ്പൻ സെഞ്ചുറിയുടെയും വൈഭവ് സൂര്യവംശിയുടെ ഇടിമിന്നൽ അർധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. സിംബാബ്‌വെയുടെ വിജയലക്ഷ്യം 353 റൺസാണ്.
ബാറ്റിംഗ് വെടിക്കെട്ടുമായി വൈഭവ്; കരുത്തായി വിഹാൻ
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ വൈഭവ് സൂര്യവംശി തകർപ്പൻ തുടക്കമാണ് നൽകിയത്. വെറും 30 പന്തിൽ 4 സിക്സറുകളും 4 ഫോറുകളുമടക്കം 52 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മലയാളി താരം ആരോൺ ജോർജ് (23), ക്യാപ്റ്റൻ ആയുഷ് മാത്രെ (21) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്ക് എത്താനായില്ല.
ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിൽ ചെറിയ തകർച്ച നേരിട്ട ഇന്ത്യയെ വിഹാൻ മൽഹോത്രയും അഭിഗ്യാൻ കുണ്ടുവും ചേർന്നാണ് രക്ഷിച്ചത്.വിഹാൻ മൽഹോത്ര:107 പന്തിൽ പുറത്താകാതെ 109 റൺസ് (7 ഫോറുകൾ).അഭിഗ്യാൻ കുണ്ടു 62 പന്തിൽ 61 റൺസും നേടി ടീമിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു.
ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അവസാന ഓവറുകളിൽ ഖിളൻ പട്ടേൽ (12 പന്തിൽ 30) നടത്തിയ കടന്നാക്രമണം ഇന്ത്യൻ സ്കോർ 352-ൽ എത്തിച്ചു.
സിംബാബ്‌വെ ബൗളിംഗ്
സിംബാബ്‌വെയ്ക്ക് വേണ്ടി തദേന്ദ ചിമുഗോരോ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പനാഷെ മാസൈ, സിംബരാഷെ മുഡ്സെൻഗെരെരെ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."