ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും
കൊണ്ടോട്ടി: കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം തീർഥാടനത്തിന് പോകുന്നവർക്കുള്ള വിമാന ഷെഡ്യൂൾ വിമാന കമ്പനികൾ പുറത്തിറക്കി. കരിപ്പൂരിൽ നിന്ന് ആകാശ എയറും കൊച്ചിയിൽ നിന്ന് ഫ്ളൈ നാസും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഫ്ളൈ അദീൽ വിമാന കമ്പനിയുമാണ് ഹജ്ജ് സർവിസ് നടത്തുക.
ആദ്യ സർവിസ് കൊച്ചിയിൽ നിന്ന് ഏപ്രിൽ 30ന് ഉച്ചക്ക് 2.10ന് പുറപ്പെടും. 20 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ മെയ് 17, 18, 19 തീയതികളിലെ സർവിസുകൾ കുറഞ്ഞ ദിവസത്തെ തീർഥാടനം (ഷോർട്ട് ഹജ്ജ്) തിരഞ്ഞെടുത്തവർക്കുള്ളതാണ്. ഏപ്രിൽ 30,ഏഴ് തീയതികളിൽ ഓരോ സർവിസും മെയ് ഒന്ന്, മൂന്ന്, നാല്, എട്ട് തീയതികളിൽ രണ്ട് സർവിസും ഉണ്ടാകും. മെയ് രണ്ട്, അഞ്ച് തീയതികളിൽ മൂന്ന് വിമാനങ്ങളും പുറപ്പെടും. മെയ് 19നാണ് കൊച്ചിയിൽ നിന്നുള്ള ഇൗ വർഷത്തെ അവസാന ഹജ്ജ് വിമാനം യാത്രപുറപ്പെടുക.
കണ്ണൂരിൽ നിന്നുള്ള ആദ്യ സർവിസ് മെയ് 5ന് രാത്രി 11.30നാണ് പുറപ്പെടുക. മെയ് 6,8,9,11,13,14 തീയതികളിൽ ഓരോ സർവിസും 7,10,12 തീയതികളിൽ രണ്ട് സർവിസുമായി 13 വിമാനങ്ങളാണ് കണ്ണൂരിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓരോ വിമാനത്തിലും 348 തീർഥാടകർ യാത്രയാകും.
കരിപ്പൂരിൽ നിന്നുള്ള ആകാശ എയർ സർവിസ് ഷെഡ്യൂൾ ക്രമീകരിച്ചു വരികയാണ്. കേരളത്തിലെ മൂന്ന് എംബാർക്കേഷനിൽ നിന്നും ജിദ്ദയിലേക്കാണ് സർവിസ് നടത്തുക. ഹജ്ജ് കർമം പൂർത്തീകരിച്ച് മദീന വഴിയാണ് മടക്ക യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
തീർഥാടകർക്ക് തിരഞ്ഞെടുക്കാം യാത്രാ തീയതിയും വിമാനവും
ഈ വർഷം മുതൽ ഹജ്ജ് തീർഥാടകർക്ക്, സ്വന്തം നിലയിൽ യാത്രാ തീയതിയും വിമാനവും തിരഞ്ഞെടുക്കാവുന്ന ഓൺലൈൻ ഫ്ളൈറ്റ് ബുക്കിങ് സൗകര്യവും വിമാന കമ്പനികൾ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പിൽഗ്രിം ലോഗിൻ ചെയ്താണ് തീയതിയും വിമാനവും ബുക്ക് ചെയ്യേണ്ടത്. സുവിധ ആപ്പ് വഴിയും ഇൗ സൗകര്യമുണ്ട്. കവർ ലീഡർക്കാണ് ഇതിന് സാധ്യമാവുക.
ഇന്നും നാളെയും മറ്റന്നാളുമാണ് ഇതിന് അനുവദിച്ച സമയം. ഒരു തവണ ഒരു വിമാനം തിരഞ്ഞെടുത്തവർക്ക് പിന്നീട് മാറ്റാനാകില്ല. ഒരു കുടുംബത്തിലെ തീർഥാടകർ രണ്ട് കവർ നമ്പറിലാണങ്കിലും ഓൺലൈൻ ബുക്ക് ചെയ്യുന്നത് വഴി ഒരു വിമാനത്തിൽ യാത്രക്ക് അവസരം ഒരുങ്ങും. ഹജ്ജിന് ആദ്യ ദിവസങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ സൗകര്യം ഏറെ പ്രയോജനപ്പെടും.
സീറ്റ് ലഭ്യത അനുസരിച്ചായിരിക്കും ഓൺലൈൻ അപേക്ഷകർക്ക് ഹജ്ജ് യാത്ര തീയതിയും വിമാനവും അനുവദിക്കുക. ആവശ്യമുള്ളവർ മാത്രം ഇൗ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."