താമസ-തൊഴിൽ നിയമലംഘനം; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,975 പേർ, 14,000 പേരെ നാടുകടത്തി
റിയാദ്: സഊദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിയമലംഘനത്തിന് പിടിയിലായത് 19,975 പേർ. ജനുവരി 22 മുതൽ 28 വരെയുള്ള കാലയളവിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ താമസനിയമ ലംഘനത്തിന് 12,906 പേരും, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 3,918 പേരും, തൊഴിൽ നിയമലംഘനത്തിന് 3,151 പേരുമാണ് അറസ്റ്റിലായത്. യാത്രാ രേഖകൾ ശരിയാക്കുന്നതിനായി 16,595 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചു. 1,820 പേർക്ക് യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നിർദ്ദേശം നൽകി.
ഇതിനോടകം 14,867 പേരെ നാടുകടത്തിക്കഴിഞ്ഞു. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,716 പേർ പിടിയിലായിട്ടുണ്ട്. ഇതിൽ 60% എത്യോപ്യൻ സ്വദേശികളും, 39% യമനികളും, ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതേസമയം നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 48 പേരും അറസ്റ്റിലായി. നിയമലംഘകർക്ക് സഹായം നൽകുന്നതും കുറ്റകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും ഓർമപ്പെടുത്തി.
ഇത്തരത്തിൽ 11 പേരാണ് അറസ്റ്റിലായത്. 21,862 പുരുഷന്മാരും 1,610 സ്ത്രീകളും ഉൾപ്പെടെ 23,472 വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
Saudi authorities arrested 19,975 illegal residents in one week for residency, labor, and border violations. Over 14,000 deported; strict penalties of up to 15 years in prison announced for aiding violators.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."