കണക്കുകൾ എല്ലാം മനഃപാഠമാണ്, ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ; സി.പി.എം നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: സി.പി.എമ്മിൽ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ധനരാജ് രക്തസാക്ഷി ഫണ്ട് വെളിപ്പെടുത്തലുമായി കൂടുതൽ വിവരങ്ങൾ പുറത്ത്. പയ്യന്നൂരിലെ സി.പി.എം നേതൃത്വത്തെ അഴിമതി ആരോപണങ്ങളിൽ കുരുക്കി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്തെത്തി. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് കെ.പി. മധു പണം തട്ടിയെടുത്തെന്നും ക്രമക്കേടുകൾ മൂടിവെക്കാൻ പാർട്ടി നേതൃത്വം അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക കെട്ടിട ഫണ്ടിലേക്ക് വകമാറ്റിയത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല എന്നും ഓഡിറ്റ് നടത്തിയപ്പോൾ കണ്ടെത്തിയ കണക്കുകൾ ഞെട്ടിക്കുന്നതായിരുന്നുവെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. ഈ കള്ളക്കണക്കുകൾ അംഗീകരിപ്പിക്കാനാണ് കെ.പി. മധുവിനെ ഏരിയ സെക്രട്ടറിയാക്കിയതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
എം.എൽ.എ ടി.ഐ. മധുസൂദനനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. 28 രസീതുകൾ മുറിച്ചതിൽ 8 എണ്ണത്തിന്റെ പണം മധുസൂദനൻ പാർട്ടിക്ക് നൽകിയിട്ടില്ല. അതേസമയം ഇക്കാര്യത്തിൽ പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും കുഞ്ഞികൃഷ്ണൻ വെല്ലുവിളിച്ചു.
അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാർട്ടി അവർക്ക് കുടപിടിക്കുകയാണ്. ജനങ്ങളിൽ നിന്ന് പിരിക്കുന്ന പണത്തിന് കൃത്യമായ കണക്ക് ബോധിപ്പിക്കാൻ നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് രേഖകളുടെ ആവശ്യമില്ല, എല്ലാം മനഃപാഠമാണ്. നിങ്ങൾ നിശ്ചയിക്കുന്ന ഏത് വേദിയിലും സംവാദത്തിന് ഞാൻ വരാം. ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കേസ് കൊടുക്കട്ടെ എന്നും വി. കുഞ്ഞികൃഷ്ണൻ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യമായി വെല്ലുവിളിച്ചു.
സി.കെ.പി. പത്മനാഭനെതിരായ നടപടിയിൽ പാർട്ടി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ നഗരസഭയിൽ സി. വൈശാഖ് വിമതനായി മത്സരിച്ച് വിജയിച്ചത് പാർട്ടിക്കുള്ളിലെ അതൃപ്തിയുടെ തെളിവാണ്. വിമർശനം ഉന്നയിക്കുന്നവരെ ശത്രുതാപരമായ കണ്ണിലൂടെ കാണുന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുത്തലുകൾ വരുത്തി ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്നും, എന്നാൽ തെറ്റായ പ്രവണതകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പയ്യന്നൂരിലെ സി.പി.എമ്മിൽ ഈ വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.
V. Kunjikrishnan, a former CPM Area Secretary and District Committee member, alleges that significant amounts were embezzled from funds collected in the name of C.V. Dhanaraj, a slain party worker. He specifically points to K.P. Madhu (former Area Secretary) and T.I. Madhusoodanan (Payyannur MLA), claiming that:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."