മദ്യം വാങ്ങാൻ പണം നൽകിയില്ല; ദളിത് യുവാവിനെതിരെ ക്രൂരമായ അതിക്രമം; പ്രതി പിടിയിൽ
ഭോപ്പാൽ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലുള്ള അംബാഹ് പട്ടണത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന ഈ അതിക്രമത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
അംബാഹ് സ്വദേശിയായ ധർമ്മേന്ദ്ര സിംഗ് തോമർ എന്ന 32-കാരനാണ് കേസിൽ അറസ്റ്റിലായത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പൊലിസ് അറിയിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കതാരെ വാലി ഗാലിയിൽ താമസിക്കുന്ന ദളിത് യുവാവാണ് ഇരയെന്ന് തിരിച്ചറിഞ്ഞു.
മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടത് യുവാവ് നിരസിച്ചതോടെയാണ് ധർമ്മേന്ദ്ര തോമർ ക്രൂരത തുടങ്ങിയത്. യുവാവിനെക്കൊണ്ട് നിർബന്ധപൂർവ്വം ഏത്തമിടീക്കുകയും സ്വന്തം മുഖത്തടിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.ഏഴ് മാസം മുമ്പ് നടന്ന സംഭവമാണിതെന്ന് പൊലിസ് കണ്ടെത്തി. ഉപദ്രവം ഭയന്ന് യുവാവ് പരാതി നൽകാനോ വീട്ടുകാരെ അറിയിക്കാനോ തയ്യാറായിരുന്നില്ല. എന്നാൽ വീഡിയോ പ്രചരിച്ചതോടെ പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതിയുടെ വീടിന് സമീപമായിരുന്നു യുവാവ് വാടകയ്ക്ക് താമസിച്ചിരുന്നത്. അതിക്രമത്തിന് ശേഷം ഭയന്ന യുവാവും കുടുംബവും അവിടെനിന്നും താമസം മാറിയിരുന്നു.
നിയമനടപടികൾ:
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾക്ക് പുറമെ, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും (SC/ST Act) പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.ഒരാളെ ബോധപൂർവം ഉപദ്രവിക്കുന്നതിനെതിരെയാണിത് (മുൻപ് IPC 323). ഇതിന് ഒരു വർഷം വരെ തടവോ 10,000 രൂപ പിഴയോ ലഭിക്കാം.കൂടാതെ പൊതുസ്ഥലത്തെ അശ്ലീല പ്രദർശനം, അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി വകുപ്പ് 296 ഉൾപ്പെടെയുള്ളവയും ചുമത്തിയിട്ടുണ്ട്.വീഡിയോ പുറത്തുവന്നതോടെ ദളിത് സംഘടനകളും പൊതുസമൂഹവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിലവിൽ പ്രതി റിമാൻഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."