സർക്കാർ ഓഫിസ് പ്രവൃത്തി ദിനങ്ങൾ അഞ്ചിലേക്ക്; ശനി അവധി അംഗീകരിച്ച് സർവിസ് സംഘടനകൾ; സർക്കാർ തീരുമാനം ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങൾ അഞ്ചാക്കി ചുരുക്കി ശനിയാഴ്ച അവധി നൽകുന്നത് തത്ത്വത്തിൽ അംഗീകരിച്ച് സർവിസ് സംഘടനകൾ. ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ സർവിസ് സംഘടനകൾ നിർദേശം സ്വാഗതം ചെയ്തത്.
എന്നാൽ ആരോഗ്യവകുപ്പിലെ സംഘടനകൾ ഇതുസംബന്ധിച്ച നിർദേശങ്ങളിൽ ആശങ്ക അറിയിച്ചു. ജോലി സാഹചര്യം കണക്കിലെടുത്ത് വകുപ്പിലെ ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്ന കാര്യത്തിൽ പ്രാഥമിക ചർച്ചയും അഭിപ്രായ ശേഖരണവുമാണ് നടത്തുന്നതെന്നായിരുന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചത്. സർക്കാരുമായി ആലോചിച്ച ശേഷം ലീവ് അടക്കമുള്ള കാര്യങ്ങളിൽ ആവശ്യമെങ്കിൽ തുടർചർച്ചയാകാമെന്നും ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.
അതേസമയം പ്രവൃത്തിദിനം വെട്ടിച്ചുരുക്കുന്നത് സ്വാഗതം ചെയ്തെങ്കിലും കാഷ്വൽ ലീവ് ഉൾപ്പടെ മറ്റ് അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. കേന്ദ്ര സർവിസിൽ കാഷ്വൽ ലീവ് എട്ടാണെന്നും സംസ്ഥാന സർവിസിൽ 20 കാഷ്വൽ ലീവുണ്ടെന്നുമുള്ള പരാമർശം പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായപ്പോഴാണ് സർവിസ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിൽ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോൾ ആഴ്ചയിൽ ഏഴ് മണിക്കൂർ, മാസം 21 മണിക്കൂർ, വർഷം 36 ദിവസം കുറവുണ്ടാകും.
അധിക സമയവും ഫ്ളക്സി സമയവും
പ്രവൃത്തിദിനം കുറയ്ക്കുമ്പോൾ പ്രതിദിന ജോലിസമയം വർധിപ്പിക്കാമെന്ന നിർദേശം സംഘടനകൾ മുന്നോട്ടുവച്ചു. കൂടാതെ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ജീവനക്കാർക്കായി 'ഫ്ളക്സി ടൈം' എന്ന നിർദേശവും യോഗത്തിലുയർന്നു. രാവിലെ താമസിച്ചു വരുന്ന ജീവനക്കാർക്ക് വൈകുന്നേരം അധിക സമയം ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് ഈ നിർദേശം.
ഭരണച്ചെലവ് കുറയ്ക്കാം
ഭരണപരിഷ്‌കാര കമ്മിഷൻ റിപ്പോർട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ടിന്റെയും ചുവടുപിടിച്ചാണ് ആഴ്ചയിൽ രണ്ട് ദിവസം ഓഫിസുകൾക്ക് അവധി നൽകുന്നതിനെക്കുറിച്ച് ആലോചന സജീവമാക്കുന്നത്. ഓഫിസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം, സർക്കാർ വാഹനങ്ങളുടെ സഞ്ചാരം എന്നിവ ലാഭിക്കാമെന്നതാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഭരണച്ചെലവ് കുറയ്ക്കാം. കൂടുതൽ സമയം മറ്റാവശ്യങ്ങൾക്കു ലഭിക്കും. ജീവനക്കാരുടെ ഉൽപാദന ക്ഷമതയും കാര്യശേഷിയും കൂട്ടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."