മതരാഷ്ട്രവാദവും തീവ്രപ്രബോധന ശൈലിയും നമ്മുടെ വഴിയല്ല
കുണിയ: ഇസ്‍ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത്തുക്കളായ മുൻഗാമികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന പാൻ-ഇസ്‍ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തോടനബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്‍ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്‍ലിം യുവാക്കളെ മുഖ്യധാരയിൽ നിന്ന് വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷം എന്ന വ്യാജേന പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വഴി നടത്തുന്ന ബൗദ്ധികമായ കടന്നുകയറ്റങ്ങളെയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജൻഡകളെയും തിരിച്ചറിയേണ്ടതുണ്ട്. അഹ്‍ലിസ്സുന്ന വൽ ജമാഅത്തിന്റെ പൈതൃകമായ സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇത്തരം വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിർത്താനും എല്ലാവരും രംഗത്തിറങ്ങണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ട് നടന്ന ആദർശം സെഷനിലാണ് പ്രമേയം അവതരിപ്പിച്ചത്.
33313 പ്രതിനിധികളുമായി ചരിത്രമായ ക്യാപിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സെഷനിൽ തന്നെ ആദർശവിശുദ്ധിയും നിലപാടുകളിലെ കണിശതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസിയുടെ സൂറതുൽ മുൽക് ഉള്ളടക്കത്തോടെ ആരംഭിച്ച സെഷനിൽ ക്യാംപ് അമീർ ഡോ. സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര പ്രതിനിധികൾക്ക് നിർദേശങ്ങൾ നൽകി. എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് മുബഷിർ തങ്ങൾ ജമലുല്ലൈലി ആമുഖഭാഷണം നടത്തി.
നമ്മുടെ ആദർശമെന്ന വിശയത്തിൽ സമസ്ത കേന്ദ മുശാവറ അംഗം പി.എം അബ്ദുസലാം ബാഖവി വടക്കേക്കാടും ആദരവാണ് ആധാരം എന്ന വിഷയത്തിൽ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും വിശ്വാസം, യുക്തം, വ്യക്തം എന്ന വിഷയത്തിൽ ശുഹൈബുൽ ഹൈതമി വാരാമ്പറ്റയും സംസാരിച്ചു.
ആദർശം അരിക്കിട്ടുറപ്പിച്ച സംസാരങ്ങൾക്ക് ശേഷം പാനൽ ഡിസ്‌കഷനും നടന്നു. ബശീർ അസ്അദി നമ്പ്രം മോഡറേറ്ററായ ഡിസ്‌കഷനിൽ അബ്ദുൽ ജലീൽ ദാരിമി ദുബൈ, അബ്ദുൽ വഹാബ് ഹൈതമി ചീക്കോട്, അശ്‌റഫ് അൻവരി പൈങ്കണ്ണിയൂർ എന്നിവർ പാനലിസ്റ്റുകളായി. എം.എ ചേളാരി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."