റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്; കഴിഞ്ഞ 38 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ വൻ കുറവ്. 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ 38 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇറക്കുമതി എത്തിയിരിക്കുന്നത്. റഷ്യയെ മാത്രം ആശ്രയിക്കുന്നതിന് പകരം കൂടുതൽ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ പുതിയ നയമാണ് ഇതിന് പിന്നിൽ. 2025 നവംബറിൽ 3.7 ബില്യൺ ഡോളറായിരുന്ന ഇറക്കുമതി ഡിസംബറിൽ 2.7 ബില്യൺ ഡോളറായി കുറഞ്ഞു. 27.1 ശതമാനം ആണ് ഇടിവ്.
ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 34 ശതമാനത്തിൽ നിന്ന് 24.9 ശതമാനമായി ചുരുങ്ങി. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്. ഡിസംബറിൽ റഷ്യ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങിയത്. 2024ൽ ഇത് 16 രാജ്യങ്ങളായിരുന്നു. റഷ്യയിൽ നിന്നുള്ള കുറവ് നികത്താൻ അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചു. 2024 ഡിസംബറിനെ അപേക്ഷിച്ച് യു.എസിൽ നിന്നുള്ള ഇറക്കുമതിയിൽ 31 ശതമാനം വർധനവുണ്ടായി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പ്രതികാരചുങ്കം കുറയ്ക്കുന്നതിന് പകരമായി, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."