ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഈ മാസം 12-ന് 24 മണിക്കൂർ ദേശീയ പണിമുടക്ക് നടത്തും. പണിമുടക്ക് ദിനത്തിൽ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രധാന ഒഴിവാക്കലുകൾ
ശബരിമല തീർഥാടകർക്ക് തടസ്സമുണ്ടാകില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കി. മാരാമൺ കൺവൻഷന്റെ പശ്ചാത്തലത്തിൽ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കി. പാൽ, പത്രം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ആംബുലൻസ്, ഫയർ ഫോഴ്സ് എന്നീ അത്യന്താപേക്ഷിത സർവീസുകൾ സാധാരണ പോലെ പ്രവർത്തിക്കും.
സ്തംഭിക്കുന്ന മേഖലകൾ
അത്യാവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ മേഖലകളും നിശ്ചലമാകും.ഗതാഗതം മാർഗങ്ങളായ സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ലോറി എന്നിവ നിരത്തിലിറങ്ങില്ല. കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകൾ പങ്കെടുക്കുന്നതിനാൽ സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ട്.വ്യാപാര കടകമ്പോളങ്ങൾ, ഷോപ്പിംഗ് മാളുകൾ, വഴിയോര കച്ചവടങ്ങൾ എന്നിവ പൂർണ്ണമായും അടഞ്ഞുകിടക്കും.പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല.ഐടി, വ്യവസായം, തോട്ടം മേഖല, തുറമുഖം, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം എന്നിവയും പണിമുടക്കിന്റെ ഭാഗമാകും.
പണിമുടക്കിന് പിന്നിലെ ആവശ്യങ്ങൾ
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംയുക്ത കർഷകമോർച്ച, കർഷക തൊഴിലാളി സംഘടനകൾ, സി.പി.എം, സി.പി.ഐ തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എൻജിഒ സംഘ് വിട്ടുനിൽക്കും
അതേസമയം, ഫെബ്രുവരി 12-ന് നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള എൻജിഒ സംഘ് അറിയിച്ചു. ഇത് രാഷ്ട്രീയപ്രേരിതമായ പണിമുടക്കാണെന്നും സംസ്ഥാന ജീവനക്കാരുടെ പ്രശ്നങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി എൻജിഒ സംഘ് സമരത്തെ തള്ളിപ്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."