സംഭൽ സംഘർഷം; പൊലിസ് വെടിവയ്പ്പിൽ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ
ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭലിൽ സംഘ്പരിവാർ അവകാശവാദം ഉന്നയിക്കുന്ന ഷാഹി മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിനിടെ അഞ്ചുപേരെ വെടിവച്ചുകൊന്ന സംഭവത്തിൽ പൊലിസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.
അഞ്ചുപേരെ വെടിവച്ചുകൊല്ലുന്നതിൽ സമാപിച്ച 2024 നവംബറിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലിസ് അനുജ് ചൗധരി, ഇൻസ്‌പെക്ടർ അനുജ് തോമർ എന്നിവർക്കെതിരേ കേസെടുക്കാൻ സംഭൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നൽകിയ ഉത്തരവിനാണ് ജസ്റ്റിസ് സമിത് ഗോപാലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
സംഭവം നടക്കുമ്പോൾ സംഭൽ സർക്കിൾ ഓഫിസറായിരുന്ന അനുജ് ചൗധരി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഈ മാസം 24ലേക്ക് മാറ്റി. പൊതുസേവകർക്കെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മുൻകരുതലുകൾ മജിസ്‌ട്രേറ്റ് കോടതി അവഗണിച്ചുവെന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവ് വന്ന് ഒരു മാസം ആകാറായിട്ടും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ യു.പി പൊലിസ് തയാറായിരുന്നില്ല. പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മുഹമ്മദ് ആലമിന്റെ (23) കുടുംബം സമർപ്പിച്ച ഹരജിയിലായിരുന്നു നേരത്തെ വിവാദ ഓഫിസറായ അനുജ് ചൗധരി അടക്കം 12 ഉദ്യോഗസ്ഥർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭാൻഷു സുധീർ ഉത്തരവിട്ടത്. പൊലിസ് സമർപ്പിച്ച റിപ്പോർട്ടും മെഡിക്കൽ രേഖകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി, പൊലിസിന്റെ ഭാഗത്തുനിന്ന് ക്രിമിനൽ കുറ്റം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു.
യു.പി പൊലിസിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ഉത്തരവിട്ട മജിസ്‌ട്രേറ്റ് വിഭാൻഷു സുധീറിനെ ദിവസങ്ങൾക്കുള്ളിൽ സുൽത്താൻപൂരിലേക്ക് സ്ഥലം മാറ്റുകയുംചെയ്തു. സംഭാൽ പള്ളിയിൽ സർവേയ്ക്ക് ഉത്തരവിട്ട സിവിൽ ജഡ്ജി ആദിത്യ സിങ്ങാണ് നിലവിൽ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."