കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞാൽ ഇനി പണികിട്ടും; അഞ്ചു വർഷം വരെ തടവ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞുനിർത്തുകയോ സർവിസിനിടയിൽ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരുവിധ ഒത്തുതീർപ്പുമുണ്ടാകില്ലെന്ന് മാനേജ്‌മെന്റ്. ഇത്തരം അക്രമങ്ങൾ അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നും അക്രമികൾക്കെതിരേ പൊതുമുതൽ നശിപ്പിക്കൽ തടയുന്നതിനുള്ള പി.ഡി.പി.പി ആക്ട് പ്രകാരം കേസെടുപ്പിക്കുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
ബസിനുനേരെയുള്ള കല്ലേറ്, ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിക്കൽ, സർവിസ് റദാക്കിക്കുന്ന സാഹചര്യം ഉണ്ടാക്കൽ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടി. പൊതുസേവകന്റെ ജോലി തടസപ്പെടുത്തുന്നത് അതീവ ഗൗരവത്തോടെ കാണണം. വിവിധ വകുപ്പുകൾ പ്രകാരം ചുമത്തുന്ന കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയാത്ത ഗണത്തിൽ പെടുന്നതാണെന്ന് യൂനിറ്റ് ഓഫിസർമാർക്ക് മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി.
ബസിനുണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരം മാത്രം നൽകി കേസ് അവസാനിപ്പിക്കുന്നത് പതിവായിരുന്നു. എന്നാൽ, ഇത്തരം രീതികൾ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെന്നും സി.എം.ഡി പ്രമോജ് ശങ്കർ അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. ഇനി അക്രമങ്ങൾ നടന്നാലുടൻ പൊലിസിൽ റിപ്പോർട്ട് ചെയ്ത് നിയമപരമായ നടപടികൾ പൂർത്തിയാക്കണം. കേസിനെ നിസാരവൽക്കരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് ജാമ്യം ലഭിക്കാത്ത തരത്തിൽ ശക്തമായ വകുപ്പുകൾ ചേർത്ത് കേസ് ചാർജ് ചെയ്യിപ്പിക്കണമെന്നാണ് യൂനിറ്റ് ഓഫിസർമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."