ഒമാനടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും തിങ്കളാഴ്ച ബലിപെരുന്നാള്‍ ; കുവൈത്തില്‍ പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍ മാത്രം മതിയെന്ന് അധികൃതര്‍
മനാമ: കേരളത്തോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളും തിങ്കളാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ പുരോഗമിക്കുന്ന സഊദി അറേബ്യക്കു പുറമെ ജി.സി.സി രാഷ്ട്രങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം നാളെയാണ് ബലി പെരുന്നാള്‍.
തിങ്കളാഴ്ച കാലത്ത് സൂരോദയം കഴിഞ്ഞ് 20 മിനിറ്റ് കഴിയുന്നതോടെ മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ആരംഭിക്കും. അതാതു രാജ്യങ്ങളിലെ ഔഖാഫ്-മതകാര്യ വകുപ്പുകള്‍ക്കു കീഴില്‍ ഇതിനായി പള്ളികളും ഈദ് ഗാഹുകളും നേരത്തെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഗള്‍ഫ് രാഷ്ടങ്ങളിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്.
ഈദ് നമസ്‌കാരാനന്തരം ഉദ്ഹിയത്ത് അടക്കമുള്ള കര്‍മ്മങ്ങളും മലയാളി സംഘടനകളുടെ കീഴില്‍ നടക്കും. ബഹ്‌റൈനില്‍ സമസ്ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ ജിദ്ഹഫ്‌സ് ഏരിയയില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും കാലത്ത് 5.45 ന് സനാബീസ് അല്‍ ശബാബാ ഓഡിറ്റോറിയത്തില്‍ ഈദ് മുസ്വല്ല നടക്കും. തുടര്‍ന്ന് ഈദ് മുലാഖാത്ത് എന്ന പേരില്‍ ബഹ്‌റൈനിലുടനീളമുള്ള സമസ്ത ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക പെരുന്നാള്‍ സംഗമങ്ങളും ഉദ്ഹിയ്യത്ത് കര്‍മ്മവും നടക്കും.
അതേ സമയം കുവൈത്തില്‍ ഇത്തവണയും ഈദ്ഗാഹുകള്‍ക്ക് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ കുവൈത്തിലെ ഈദ് പ്രാര്‍ത്ഥനകള്‍ മസ്ജിദുകളില്‍ മാത്രമായി ഒതുങ്ങും.
തുറസ്സായ സ്ഥലങ്ങളിലെ ഈദ്ഗാഹുകള്‍ നിര്‍ത്തലാക്കാന്‍ എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ കാരണത്താലാണ് ബലിപെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രമായി നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഈദുല്‍ ഫിത്വര്‍ നിസ്‌കാരവും പള്ളികളില്‍ മാത്രമായിരുന്നു നടന്നത്.
ഇതടിസ്ഥാനത്തില്‍ കുവൈത്തിലെ വിവിധ മലയാളി സംഘടനകളടക്കമുള്ളവര്‍ സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിസ്‌കാരങ്ങളും പള്ളികളിലാണ് നടക്കുക.
കുവൈത്ത് ഔഖാഫിനു കീഴില്‍ ജുമുഅ നടക്കുന്ന പള്ളികളില്‍ മാത്രമേ ഈദ് നിസ്‌കാരങ്ങളും സംഘടിപ്പിക്കാവൂവെന്നും തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ നടത്താന്‍ ആര്‍ക്കും അനുമതി ലഭിച്ചിട്ടില്ലെന്ന് കുവൈത്ത് മതകാര്യ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി വലീദ് ഷിഹാബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
ഗള്‍ഫിലെ മത സംഘടനകള്‍ക്കു പുറമെ വിവിധ പ്രവാസി കൂട്ടായ്മകളും ബലി പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. മിക്ക ഗള്‍ഫ് രാഷ്ടങ്ങളിലും പൊതുവെ ശാന്തമായ കാലാവസ്ഥയതിനാല്‍ പ്രവാസികളുടെ ആഘോഷ രാവുകള്‍ സജീവമാക്കാന്‍ നാട്ടില്‍ നിന്നുള്ള വന്‍ താരനിരയാണ് ബഹ്‌റൈനടക്കമുള്ള മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും എത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."