തൃശൂർ പൂരം വിവാദം: ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി SIT റിപ്പോർട്ട്; വിരൽ ചൂണ്ടുന്നത് തിരുവമ്പാടി ദേവസ്വത്തിന് നേരെ
തിരുവനന്തപുരം: 2024-ലെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പൊലിസിനും ഉദ്യോഗസ്ഥർക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. പൂരം കലക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പകരം, തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
മഠത്തിൽ വരവ് സമയത്ത് പൊലിസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടായതെന്നാണ് വിശദീകരണം.പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് വിഘാതമാകുന്ന രീതിയിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ തിരുവമ്പാടി ദേവസ്വം കൈക്കൊണ്ടു. മുൻവർഷങ്ങളിലും പൊലിസുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.പൂരം തടസ്സപ്പെട്ടതിന് പിന്നിൽ വല്ല ആസൂത്രിത നീക്കവും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ എഡിജിപി തലത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമേ അന്തിമ നിഗമനത്തിലെത്തൂ.
ശാസ്ത്രീയ ഫലങ്ങൾ വൈകുന്നു:
റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ രേഖകളുടെയും ശാസ്ത്രീയ പരിശോധനാ ഫലം ഇനിയും ലഭ്യമായിട്ടില്ല. 2024 ഒക്ടോബറിലാണ് കേസിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും അടുത്ത പൂരവും കണക്കിലെടുത്ത് വിഷയത്തിൽ പെട്ടെന്നൊരു അന്തിമ തീരുമാനം സർക്കാർ തലത്തിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."