ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടമായി; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വിവരം. ഇമ്രാന്‍ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ സഫ്ദര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്. 2025 ഒക്ടോബര്‍ വരെ ഇമ്രാന്‍ ഖാന് സാധാരണഗതിയിലുള്ള കാഴ്ചശക്തിയുണ്ടായിരുന്നു.
തടങ്കലില്‍ കഴിയുമ്പോള്‍ ചികിത്സ ലഭിക്കാത്തതിനാലാണ് പിതാവിന് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതെന്ന് ഇമ്രാന്‍ ഖാന്റെ മകന്‍ കാസിം ഖാന്‍ ചൂണ്ടിക്കാട്ടി.
''റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് എന്റെ പിതാവ് ഇമ്രാന്‍ ഖാന്റെ വലതു കണ്ണിന്റെ കാഴ്ചശക്തിയുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടുവെന്നും 15% കാഴ്ചശക്തി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുമാണ്. 922 ദിവസത്തെ ഏകാന്ത തടവാണ് അദ്ദേഹത്തിന്. രക്തപരിശോധന നിഷേധിക്കല്‍ ഉള്‍പെടെ വൈദ്യശാസ്ത്രപരമായ അവഗണന നേരിടുകയാണ് അദ്ദേഹം. ജയിലില്‍ ശരിയായ ചികിത്സ മനഃപൂര്‍വ്വം നിഷേധിച്ചതിന്റെ നേരിട്ടുള്ള അനന്തരഫലമാണിത്,'' കാസിം ഖാന്‍ എക്സില്‍ എഴുതി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാന്‍ അദ്ദേഹത്തിന് കഴിയില്ല. 73 വയസുള്ള ഇമ്രാന്‍ ഖാന് സ്വന്തം ഡോക്ടര്‍മാരെ കാണാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കളുമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചത്.
a report prepared for the supreme court of pakistan claims that former prime minister imran khan has lost 85 percent vision in his right eye due to alleged medical negligence during detention, raising serious health concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."