ന്യൂനപക്ഷ ക്ഷേമം ബജറ്റിലുണ്ട്, ഫലത്തിലില്ല; ചെലവഴിക്കാതെ കെട്ടി കിടക്കുന്നത് കോടികൾ
കോഴിക്കോട്: സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുകയിൽ ഗണ്യമായ ഭാഗം ചെലവഴിക്കാതെ പോകുന്നു. കഴിഞ്ഞ പത്തുവർഷവും മുഴുവൻ തുക ചെലവഴിച്ചിട്ടില്ല. ഏറ്റവും മോശമായത് കഴിഞ്ഞ അഞ്ചു വർഷമാണ്. നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് ഈ കെടുകാര്യസ്ഥതയുടെ കണക്ക്.
2023-24ൽ പ്ലാൻ പ്ലാനേതര വിഭാഗങ്ങളിലായി 93.18 കോടി നീക്കിവച്ചപ്പോൾ ചെലവഴിച്ചത് 34.4 കോടി മാത്രം. ഈ വർഷം 63 ശതമാനത്തിന് മേലെ ന്യൂനപക്ഷങ്ങൾക്ക് നഷ്ടമായി. 2016-17 മുതലുള്ള ബജറ്റ് വിഹിതവും ബ്രാക്കറ്റിൽ ചെലവും. 2016-17: 121.38 (105.61) 87%, 2017-18: 114.07(98.82) 84%, 2018-19: 125.92 (87.94) 69%, 2019-20: 79.51 (40.5) 51%, 2020-21: 67.03(44.99) 67%, 2021-22: 148.57 (129.46) 87%, 2022-23: 93.87 (44.15) 46%, 2023-24: 93.17 (34.40) 37%, 2024-25: 115.72 (58.34)50%, 2025-26: 126.14(35.09) 27%.
ഈ സാമ്പത്തിക വർഷം സ്‌കോളർഷിപ്പുകൾ എല്ലാം ഫെബ്രുവരിയിൽ കൊടുത്തു തീർക്കുമെന്നാണ് ഈ മാസം നാലിന് നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എൻ.ഐ.സി പോർട്ടലിന്റെ സാങ്കേതിക പിന്തുണ കിട്ടാതിരുന്നതിനെ തുടർന്ന് സി.ഡിറ്റിന്റെ സഹായത്തോടെ പുതിയ സോഫ്റ്റ് വെയർ തയാറാക്കിയെന്നും വിശദീകരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പി.എം.ജെ.വി.കെ പദ്ധതികൾക്ക് 2023ന് ശേഷം കേന്ദ്രം തുക അനുവദിച്ചിട്ടില്ലെന്നും അതിനാൽ സംസ്ഥാന വിഹിതവും ചെലവഴിച്ചില്ലെന്നും പറയുന്നു.
2025-26 സാമ്പത്തിക വർഷം ഇമ്പിച്ചിബാവ ഭവന നിർമാണ പദ്ധതിക്ക് നീക്കിവച്ച അഞ്ചു കോടിയിൽ 81.5 ലക്ഷം മാത്രമാണ് ഇതിനകം ചെലവിട്ടത്. സി.എ- സി.എസ് സ്‌കോളർഷിപ്പിന് നീക്കിവച്ച തുകയുടെ 17 ശതമാനവും കരിയർ ഗൈഡൻസിൽ 45 ശതമാനവും ഐ.ടി.ഐ റീ ഇംപേഴ്‌സ്‌മെന്റിൽ 10.75ഉം ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിൽ 14.79 ഉം വകുപ്പ് ആധുനിക വൽക്കരണത്തിൽ 66.61ഉം ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ഓഹരി മൂലധനത്തിൽ 13.91 ശതമാനവും ചെലവഴിച്ചു. ആകെ 105.63 കോടി രൂപ വിവിധ പദ്ധതികൾക്കായി നീക്കിവച്ചതിൽ 24.09 കോടി (22.80 %) മാത്രമാണ് ചെലവഴിച്ചത്. മാർച്ച് 31നകം ഇത് പൂർണമായി ചെലവഴിക്കാൻ നടപടി സ്വീകരിക്കുമെന്ന് നിയമസഭയെ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ജൻ വികാസം കാര്യക്രം പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ 24 കോടിയും സംസ്ഥാനത്തിന്റെ 16 കോടിയും നീക്കിയിരുപ്പുണ്ടെങ്കിലും ഇതിനകം ചെലവഴിച്ചത് രണ്ടും ചേർത്ത് ഏഴു കോടിയാണ്. വിവാഹ പൂർവ കൗൺസലിങ് 50 ലക്ഷം, സ്വയംതൊഴിൽ പദ്ധതി അഞ്ചുകോടി എന്നിവക്ക് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. സൗജന്യ കരിയർ പദ്ധതിയായ പാസ് വേഡിൽ 1.2 കോടിയിൽ 54 ലക്ഷമാണ് ചെലവിട്ടത്. 20 കോടി നീക്കിവച്ച മാർഗദീപം സ്‌കോളർഷിപ്പിൽ 18.95 കോടി വിതരണം ചെയ്തു. സി.എം റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോറിറ്റീസ് പദ്ധതിയുടെ 6 കോടിയിലും അനക്കമില്ല. മദർതെരേസ സ്‌കോളർഷിപ്പ് അടക്കം മിക്ക പദ്ധതികളിലും ചില്ലിക്കാശ് ചെലവായിട്ടില്ല. ടി.സിദ്ദീഖ്, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം, ആബിദ്ഹുസൈൻ തങ്ങൾ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഈ വിവരങ്ങൾ നൽകിയത്.
significant portion of the amount allocated in the budget for minority welfare in the state remains unspent. the full allocation has not been utilized in any of the past ten years. the situation has been worst in the last five years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."