വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച അന്വേഷണം ഇതരസംസ്ഥാന കവര്‍ച്ചാ സംഘത്തെ കേന്ദ്രീകരിച്ച്
കാസര്‍കോട്: ഹൊസങ്കടി കടമ്പാര്‍ മനയിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ഇതരസംസ്ഥാന കവര്‍ച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ച്. കവര്‍ച്ചക്കാര്‍ തുളുവും ഹിന്ദിയും മാത്രമാണ് സംസാരിച്ചതെന്ന വീട്ടുടമ രവീന്ദ്രനാഥ ഷെട്ടിയുടെയും ഭാര്യയുടെയും മൊഴിയെ തുടര്‍ന്നാണ് പൊലിസ് ഈ ദിശയിലേക്ക് അന്വേഷണം മാറ്റിയത്. വീടും പരിസരവും നന്നായി പഠിച്ച കവര്‍ച്ചക്കാര്‍ അന്യസംസ്ഥാന കവര്‍ച്ചാ സംഘത്തെ ഉപയോഗിച്ച് കവര്‍ച്ച നടത്തിയതായാണ് പൊലിസ് സംശയിക്കുന്നത്. ജയിലില്‍ നിന്ന് ഈയിടെ പുറത്തിറങ്ങിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെ കുറിച്ചും പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ, കവര്‍ച്ച നടക്കുന്നതിന്റെ തലേദിവസം വീട്ടിലെത്തിയ അപരിചിതനെ കുറിച്ചും പൊലിസ് അന്വേഷണം തുടങ്ങി. വീടിന്റെ ഗേറ്റിന് പുറത്ത് ബൈക്ക് നിര്‍ത്തി വീടിന് മുറ്റത്തെത്തിയ യുവാവ് ബോര്‍വെല്‍ കമ്പനി ഉടമ ഇബ്രാഹിമിന്റെ വീടാണോയെന്ന് വീട്ടുകാരോട് അന്വേഷിച്ചു. അല്ലെന്നും ആരാണ് ഇങ്ങോട്ട് പറഞ്ഞ് വിട്ടതെന്നും രവീന്ദ്രനാഥ ഷെട്ടി ചോദിച്ചു. ഒരു കച്ചവടക്കാരനാണ് ഇബ്രാഹിമിന്റെ വീട് ഈ ഭാഗത്താണെന്ന് പറഞ്ഞതെന്ന് യുവാവ് പറഞ്ഞു. പാന്റ്‌സും ഷര്‍ട്ടും ധരിച്ച യുവാവ് മലയാളത്തിലാണ് സംസാരിച്ചത്. വൈകുന്നേരം നാലുമണിയോടെയായിരുന്നു യുവാവ് എത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് വീട് കൊള്ളയടിക്കുന്നത്. വീടും പരിസരവും മനസിലാക്കാനാണ് യുവാവ് എത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. രവീന്ദ്രനാഥ ഷെട്ടിയുടെ വീടിന്റെ പരിസരത്തുള്ള മുഴുവന്‍ കച്ചവടക്കാരില്‍ നിന്ന് പൊലിസ് മൊഴിയെടുത്തെങ്കിലും ആരും ഇബ്രാഹിമിന്റെ വീട് ചോദിച്ച് വന്നിട്ടില്ലെന്ന് ബോധ്യമായി. അതിനാല്‍ കൊള്ളസംഘത്തില്‍പ്പെട്ടയാള്‍ തന്നെയാണ് ഇതെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."