കുടുംബശ്രീ ഉല്‍പന്നങ്ങളുമായി മലമ്പുഴയിലെ ലാഭശ്രീ സൂപ്പര്‍മാര്‍ക്കറ്റ്
മലമ്പുഴ: കുടുംബശ്രീ യൂനിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കി ലാഭശ്രീ സൂപ്പര്‍ മാര്‍ക്കറ്റ്. മലമ്പുഴ സി.ഡി.എസ് കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് കുടുംബശ്രീ യൂനിറ്റുകളുടെ ഉത്പന്നങ്ങളുമായി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.
99 ശതമാനവും കുടുംബശ്രീ ഉത്പന്നങ്ങളാണെങ്കിലും അരി, പഞ്ചസാര എന്നിവ കേരളത്തിന് പുറത്തുനിന്നാണ് കൊണ്ടുവരുന്നത്. കുടുംബശ്രീ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് കൂടിയാണിത്.
പൊതുവിപണിയിലേതിനേക്കാള്‍ വിലക്കുറവിലാണ് ഉത്പന്നങ്ങള്‍ ഇവിടെനിന്ന് നല്‍കുന്നത്. ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയ വിലയെക്കാള്‍ 30ശതമാനം കുറച്ച് കുടുംബശ്രീ അംഗങ്ങള്‍ക്കും 25 ശതമാനം വിലകുറച്ച് പൊതുജനങ്ങള്‍ക്കും നല്‍കും.
കഞ്ചിക്കോട്, കല്ലേപ്പുള്ളി, പിരായിരി, പല്ലശ്ശന എന്നീ യൂനിറ്റുകളില്‍ തയ്യാറാക്കുന്ന ഉത്പന്നങ്ങളാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കൊണ്ടുവരുന്നത്. ഇടനിലക്കാരെ ഒഴിവാക്കിയാണ് കച്ചവടം. ചെറുപയര്‍, കടല, ഗോതമ്പ് തുടങ്ങി 260 ഓളം ഉത്പന്നങ്ങള്‍ വിപണനത്തിനായി ഇവിടെ എത്തിച്ചിട്ടുണ്ട്.
ഓണം വിഭവങ്ങള്‍ക്കുള്ള ഉത്പന്നങ്ങളുംഉണ്ട്. കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും മലമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ചേര്‍ന്നാണ് കുടുംബശ്രീ ഡെവലപ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ചിരിക്കുന്നത്.
ഗ്രാമീണ വനിതകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്വയംതൊഴിലിലൂടെ സാമ്പത്തിക സുരക്ഷ കൈവരിക്കുകയെന്നതാണ് സൂപ്പര്‍മാര്‍ക്കറ്റിന് പിന്നിലെ ലക്ഷ്യം. ഒന്നരമാസത്തിനുള്ളില്‍ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലേക്കുകൂടി സൂപ്പര്‍മാര്‍ക്കറ്റ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റേറ്റ് റൂറല്‍ വുമണ്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.ജി. സുരേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."