ചെക്ക്പോസ്റ്റുകളിൽ സുരക്ഷ വർധിപ്പിച്ച് എക്‌സൈസ്; 13 ഓഫിസർമാരെ കൂടി നിയമിക്കാൻ തീരുമാനം
കോഴിക്കോട്: അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കേരളത്തിലെത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചെക്ക്പോസ്റ്റുകളിൽ സുരക്ഷ വർധിപ്പിച്ച് എക്‌സൈസ്. സംസ്ഥാന അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകളിലുൾപ്പെടെ കൂടുതൽ ഓഫിസർമാരുടെ സേവനം ഉറപ്പുവരുത്താനാണ് എക്‌സൈസ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ ചെക്ക്പോസ്റ്റുകളിൽ 13 സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തിക പുതുതായി സൃഷ്ടിച്ചു. ഇവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാരെ വിന്യസിപ്പിക്കാനാണ് തീരുമാനം.
തിരുവനന്തപുരം അരുവിക്കര ചെക്ക്പോസ്റ്റിലും പെരുമ്പഴുതൂർ ചെക്ക്പോസ്റ്റിലും രണ്ട് വീതം സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തികയും നെയ്യാൻ ഡാം, അറക്കുന്ന്കടവ്, മാവിളക്കടവ്, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ഒന്നു വീതം സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തികയും പുതുതായി അനുവദിച്ചിട്ടുണ്ട്. കൊല്ലം അച്ചൻകോവിൽ ചെക്ക്പോസ്റ്റിൽ രണ്ട് എക്‌സൈസ് ഓഫിസർമാരുടെ തസ്തികയും അനുവദിച്ചു. പാലക്കാട് നടുപ്പുണിയിലുള്ള ചെക്ക്പോസ്റ്റിൽ രണ്ട് തസ്തികകളാണ് അധികമായി അനുവദിച്ചത്. വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ ഒരു സിവിൽ എക്‌സൈസ് ഓഫിസറുടെയും കാസർകോട് പെർള ചെക്ക്‌പോസ്റ്റിലും ആദൂർ ചെക്ക്പോസ്റ്റിലും ഒരു സിവിൽ എക്‌സൈസ് ഓഫിസറുടെ തസ്തികയും അനുവദിച്ചിട്ടുണ്ട്.
ചരക്കുലോറികളിലും രാത്രികാല സർവിസ് നടത്തുന്ന ബസുകളിലുമായിരുന്നു നേരത്തെ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ബൈക്കുകളിലും കാറുകളിലും വരെ ലഹരിവസ്തുക്കൾ കടത്തുന്നുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്തും കപ്പിൾ ട്രിപ്പെന്ന് തെറ്റിദ്ധരിപ്പിച്ചുമെല്ലാമാണ് ഇപ്പോൾ കൂടുതലായും ലഹരി കടത്തുന്നതെന്നാണ് എക്‌സൈസിനും പൊലിസിനും ലഭിച്ച വിവരം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങൾ ലഭിക്കുമ്പോൾ മാത്രമായിരുന്നു നേരത്തെ പരിശോധന നടത്താറുള്ളത്. എന്നാൽ, ഇപ്പോൾ ഏതുസമയവും ലഹരി കടത്താമെന്ന അവസ്ഥയായതോടെ എല്ലാവാഹനങ്ങളും പരിശോധിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സേനാംഗങ്ങളെ ചെക്ക് പോസ്റ്റുകളിൽ വിന്യസിപ്പിക്കാൻ എക്‌സൈസ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."