തീവണ്ടിയില്‍ നിന്ന് പമ്പാനദിയിലേക്ക് ചാടിയ യുവതിയെ ഓട്ടോഡ്രൈവറും സുഹൃത്തുംചേര്‍ന്ന് രക്ഷപെടുത്തി
ചെങ്ങന്നൂര്‍:ഓടുന്ന തീവണ്ടിയില്‍ നിന്ന് പമ്പായാറ്റിലേക്ക് എടുത്തുചാടിയ യുവതിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് രക്ഷപെടുത്തി. ആറന്മുള വല്ലന സ്വദേശിയായ യുവതിയാണ് കല്ലിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിലൂടെ പോയ തീവണ്ടിയില്‍ നിന്ന് നദിയിലേക്ക് ചടിയത്.
സംഭവം അറിഞ്ഞെത്തിയ മുണ്ടകാവ് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ കോട്ടൂര്‍ കിഴക്കേതില്‍ അശോക് കുമാര്‍ (ബിജു 40) സുഹൃത്ത് കൊട്ടാരത്തില്‍ സുധീഷ് ദേവരാജന്‍ (39) എന്നിവര്‍ നദിയിലേക്ക് ചാടി. മുങ്ങി താണുകൊണ്ടിരുന്ന യുവതിയെ രക്ഷപെടുത്തി കരക്കെത്തിച്ചു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് അവശ നിലയിലായ യുവതിയെ ഉടന്‍തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ട്രെയിനില്‍ നിന്നുള്ള ചാട്ടത്തിനിടെ റെയില്‍വേ മേല്‍പ്പാലത്തില്‍ തട്ടി യുവതിയുടെ ഇടത് തുടയെല്ലുകള്‍ ഒടിയുകയും വയറ്റിലും പുറത്തും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ന്യൂഡല്‍ഹി തിരുവനന്തപുരം കേരളാ എക്‌സ്പ്രസ്സ് കല്ലിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിലൂടെ കടന്നു പോയപ്പോള്‍ ട്രെയിനില്‍ നിന്നും ഒരു യുവതി നദിയിലേക്ക ചാടുന്നത് മുണ്ടന്‍കാവ് ആറാട്ട് കടവില്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ കണ്ടു. ഇവര്‍ ഉച്ചത്തില്‍ ബഹളം വെച്ച് സമീപവാസികളെ അറിയിച്ചു. കുളിക്കടവിന്റെ സമീപം താമസിക്കുന്ന അശോക് കുമാറിന്റെ ഭാര്യ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.
പുത്തന്‍കാവ് പള്ളിക്ക് സമീപം ഓട്ടം കഴിഞ്ഞ് ടൗണിലേക്ക് വരികയായിരുന്ന ബിജു ഉടന്‍ സംഭവസ്ഥലത്തെത്തി നദിയിലേക്ക് ചാടുകയായിരുന്നു. ഒപ്പം സമീപവാസിയായ സുഹൃത്ത് സുധീഷും ചാടി. ഇരുവരും ചേര്‍ന്ന് യുവതിയെ ആറിനക്കരെയുള്ള നായ്പ്പള്ളി കടവിലേക്ക് വലിച്ചു കയറ്റി.
പ്രേമനൈരാശ്യമാണ് ആത്മഹത്യക്ക് ശ്രമിക്കുവാന്‍ കാരണമെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."