'അനധികൃത സര്‍വിസുകള്‍ക്കെതിരേ നടപടിയെടുക്കണം'
കല്‍പ്പറ്റ: സ്‌കൂള്‍ ബസുകളുടെ അനധികൃത സര്‍വിസിനെതിരേയും സ്വകാര്യ ബസുകള്‍ റൂട്ട് മാറി കല്യാണ- വിവാഹ ആവശ്യങ്ങള്‍ക്ക് അനധികൃതമായി സര്‍വിസ് നടത്തുന്നതിനെതിരേയും ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഏതാണ്ട് മുന്നൂറോളം കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും ആയിരത്തി അഞ്ഞൂറോളം ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. മേല്‍ രീതിയിലുള്ള അനധികൃത സര്‍വിസുകള്‍ കാരണം വാഹന ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഒരു വര്‍ഷം രണ്ടു ലക്ഷം രൂപയോളം ഒരു ടൂറിസ്റ്റ് ബസ് ടാക്‌സ് ഇനത്തിലും 60,000 രൂപയോളം ഇന്‍ഷ്വറന്‍സ് ഇനത്തിലും 15,000 രൂപയോളം ക്ഷേമനിധി ഇനത്തിലും സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ ജില്ലയില്‍ ഓട്ടമില്ലാതെ കിടക്കുന്ന അവസ്ഥയാണുള്ളത്.
ജില്ലയില്‍ 3000 ഓളം തൊഴിലാളികളുടെ ഉപജീവന മാര്‍ഗമാണ് ഈ മേഖല. കോണ്‍ട്രാക്ട് കാര്യേജ്, ടൂറിസ്റ്റ് ടാക്‌സി വാഹന ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പല റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കേന്ദ്രീകരിച്ചുള്ള റെന്‍ഡ് എ കാര്‍, കള്ളടാക്‌സികള്‍, മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള സര്‍വീസുകളും അവസാനിപ്പിക്കണം. സ്വകാര്യ ബസുകള്‍ അനുവദിച്ച പെര്‍മിറ്റില്‍ നിന്നും മാറി കല്യാണം, സ്‌കൂള്‍ ടൂറുകള്‍, മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി വ്യപകമായി ഉപയോഗിക്കുന്നതായും ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സനില്‍ പി. ഐസക്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി. രാജുകൃഷ്ണ, ജോയിന്റ് സെക്രട്ടറി ടി.എസ്. ഷാജി, വൈസ് പ്രസിഡന്റ് സി. അബ്ബാസ്, ഷാജി എന്നിവര്‍ പങ്കെടുത്തു.
സംഘടനയുടെ പുതിയ ഭാരവാഹികളായി സനില്‍ പി. ഐസക് പൂക്കോട്ടില്‍ (പ്രസിഡന്റ്), സി. അബ്ബാസ് (വൈ. പ്രസിഡന്റ്), കെ.ബി രാജുകൃഷ്ണ (ജനറല്‍ സെക്രട്ടറി), ടി.എസ്.ഷാജി (ജോ. സെക്രട്ടറി), കെ. അബ്ദ്ദുള്‍കരിം (ഖജാഞ്ചി) സി.എസ്. ദീപു, ഷാനിസ് ബാബു, പ്രിയന്‍ കെതോമസ്, സി.ജിനീഷ്, യു. ധനേഷ്, ഷാജി , ടി.എ. ഫാസില്‍ (എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."