ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ച് ജിസിസി; അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം
റിയാദ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി). മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും എണ്ണ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജിസിസി പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രാദേശിക സുരക്ഷ തകർക്കുന്ന ഇറാൻ്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ആവശ്യപ്പെട്ടു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) ഉടൻ പാലിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈനിക നടപടികളിൽ ജിസിസി രാജ്യങ്ങളെ കുറ്റപ്പെടുത്തുന്ന ഇറാന്റെ വാദങ്ങളെ സെക്രട്ടറി ജനറൽ തള്ളിക്കളഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, സ്വന്തം സുരക്ഷയും വിഭവങ്ങളും സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടി നൽകാൻ ജിസിസി രാജ്യങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പരമാധികാരത്തെ മാനിക്കണമെന്നും അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ജിസിസി ആവശ്യപ്പെട്ടു. ഏത് ഭീഷണിയെയും നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
the gulf cooperation council (gcc) has strongly condemned iran's recent attacks on infrastructure and oil facilities, urging the un security council to enforce resolution 2817 (2026) for regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."