രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസത്തിന്റെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഡിലെ ബസ്തര്‍ ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണെന്നും അമിത് ഷാ പറഞ്ഞു. നക്‌സലിസം തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചട്ടം 193 പ്രകാരം നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഷാ.
ബസ്തറില്‍ നിന്ന് മാവോയിസം ഏതാണ്ട് പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. ബസ്തറിലെ ഓരോ ഗ്രാമത്തിലും സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി ക്യാംപയിന്‍ ആരംഭിച്ചു. മേഖലയിലെ ഓരോ ഗ്രാമത്തിലും റേഷന്‍ കടകള്‍ തുറക്കാന്‍ നടപടിയെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും സ്ഥാപിച്ചു. ചുവപ്പ് ഭീകരതയുടെ നിഴല്‍ പതിഞ്ഞത് കൊണ്ടാണ് ബസ്തറിലെ ജനങ്ങള്‍ പിന്നിലാക്കപ്പെട്ടത്. അതുകൊണ്ടാണ് വികസനം അവരിലേക്ക് എത്താതിരുന്നത്. ഇന്ന് ആ നിഴല്‍ നീങ്ങി. ആയുധം താഴെ വെക്കുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കും. അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കും,' അമിത് ഷാ പറഞ്ഞു.
നക്‌സലൈറ്റുകള്‍ 12 സംസ്ഥാനങ്ങളിലായി സൃഷ്ടിച്ച ചുവപ്പ് ഇടനാഴി കാരണം ആ പ്രദേശങ്ങളില്‍ നിയമവാഴ്ച്ച തകര്‍ന്നിരുന്നു. നക്‌സലിസം മൂലം 20000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 12 കോടി ജനങ്ങള്‍ വര്‍ഷങ്ങളോളം വികസനമില്ലാതെ ദാരിദ്ര്യത്തില്‍ കഴിഞ്ഞു. 2014ല്‍ 126 ജില്ലകളില്‍ നക്‌സല്‍ സ്വാധീനമുണ്ടായിരുന്നത് ഇപ്പോള്‍ രണ്ട് ജില്ലകളിലായി കുറഞ്ഞു. 2024 മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 706 നക്‌സലൈറ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. 2218 പേര്‍ പിടിയിലാവുകയും, 4839 പേര്‍ കീഴടങ്ങുകയും ചെയ്‌തെന്നും അമിത് ഷാ സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."