മുൻഭാര്യയോടുള്ള പക; കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലണ്ടനിൽ നിന്ന് ആർസെനിക് വിഷം അയച്ചു: ഫാർമസിസ്റ്റ് അറസ്റ്റിൽ
ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ലണ്ടനിൽ നിന്ന് യുവാവ് അയച്ചത് മാരകമായ ആർസെനിക് വിഷം. ഒടുവിൽ ഡോക്ടറുടെ കൃത്യമായ ഇടപെടലും നിരീക്ഷണവും പൊലിസ് നടത്തിയ അന്വേഷണവും കൂടി ആയപ്പോൾ പുറത്തുവന്നത് സിനിമയെ വെല്ലുന്ന ക്രൂരതയുടെ കഥ. മാരകമായ വിഷബാധയേറ്റ് ഒരാൾ മരിക്കുകയും നിരവധി പേരെ മരണവക്കിലെത്തിക്കുകയും ചെയ്ത കേസ്. ഹൈദരാബാദിൽ നടന്ന കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസിസ്റ്റ് അജിത് കുമാർ മുപ്പാരപ്പ് (45) എന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
സംശയം തോന്നിച്ചത് ആ 'വെളുത്ത വരകൾ'
2023 ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ബാല ശശിരേഖ എന്ന യുവതിയുടെ രോഗലക്ഷണങ്ങളാണ് ഈ വൻ ഗൂഢാലോചനയുടെ ചുരുളഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രം പിന്നിട്ട ശശിരേഖയ്ക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും ശരീരത്തിൽ നീരും അനുഭവപ്പെട്ടിരുന്നു. പരിശോധിച്ച ന്യൂറോളജിസ്റ്റ് ഡോ. താരകനാഥ് യുവതിയുടെ നഖങ്ങളിൽ അപൂർവ്വമായ വെളുത്ത വരകൾ ശ്രദ്ധിച്ചു. ആർസെനിക് വിഷബാധയുടെ ലക്ഷണമായിരുന്നു അത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ശശിരേഖയുടെ ശരീരത്തിൽ സാധാരണയുള്ളതിനേക്കാൾ പത്തിരട്ടി വിഷാംശമാണ് ഡോക്ടർ കണ്ടെത്തിയത്. വൈകാതെ കുടുംബത്തിലെ മറ്റുള്ളവരിലും ഇതേ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങി.
വിവാഹവീട്ടിൽ മരണമെത്തിയത് ഉപ്പിലൂടെയും മുളകിലൂടെയും
സിരിഷ എന്ന യുവതിയുടെ മുൻഭർത്താവായിരുന്നു അജിത് കുമാർ. ഗാർഹിക പീഡനത്തെത്തുടർന്ന് സിരിഷ ഇയാളിൽ നിന്നും വിവാഹമോചനത്തിന് അപേക്ഷ നൽകിയതാണ് അജിത്തിനെ പ്രകോപിപ്പിച്ചത്. സിരിഷയുടെ ഇപ്പോഴുള്ള കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാനായിരുന്നു പ്രതിയുടെ പദ്ധതി.
ഫാർമസിസ്റ്റായ അജിത്, തന്റെ സഹോദരി വഴി സംഘടിപ്പിച്ച ആർസെനിക് വിഷം ഉപ്പിലും മുളകുപൊടിയിലും കലർത്തി പാക്കറ്റുകളിലാക്കി. സിരിഷയുടെ പിതാവ് ഹനുമന്ത റാവുവിന്റെ വീട്ടിലേക്ക് ഒരു ഓൺലൈൻ ഡെലിവറി ഏജന്റ് വഴി ഇത് എത്തിച്ചു. സംശയം തോന്നാതിരുന്ന കുടുംബം ഈ വിഷം കലർന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ആഹാരം പാകം ചെയ്തു കഴിച്ചു.
സംഭവത്തിൽ സിരിഷയുടെ അമ്മ ഉമ മഹേശ്വരി (62) വിഷബാധയേറ്റ് 2023 ജൂലൈ 5-ന് മരിച്ചു. ഉമ മഹേശ്വരിയുടെ ഭർത്താവ് ഹനുമന്ത റാവു, മകൻ പൂർണേന്ദർ, മരുമകൾ ശശിരേഖ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരേണ്ടി വന്നു.
പരാജയപ്പെട്ട കൊലപാതക ശ്രമങ്ങൾ
വിഷപ്രയോഗത്തിന് മുൻപും സിരിഷയുടെ കുടുംബത്തെ കൊലപ്പെടുത്താൻ അജിത് പലതവണ ശ്രമിച്ചിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. സിരിഷയുടെ പിതാവിനെ വാഹനം ഇടിപ്പിച്ചു കൊല്ലാൻ 4 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
പോസ്റ്റ്‌മോർട്ടത്തിൽ പോലും കണ്ടെത്താൻ കഴിയാത്ത Succinylcholine എന്ന മരുന്ന് കുത്തിവെച്ച് കുടുംബത്തെ കൊല്ലാൻ മൂന്ന് വാടകക്കൊലയാളികളെ നിയോഗിച്ചു. എന്നാൽ ഈ നീക്കങ്ങൾ പരാജയപ്പെട്ടപ്പോഴാണ് പ്രതി ഭക്ഷണത്തിൽ വിഷം കലർത്തി കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്താൻ തീരുമാനിച്ചത്.
യുകെയിൽ നിന്ന് പിടിയിലേക്ക്
സംഭവത്തിൽ കേസെടുത്ത സൈബരാബാദ് പൊലിസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 2025 ജനുവരി 17-ന് ബെർക്ക്‌ഷെയറിലെ മെയ്ഡൻഹെഡിൽ വെച്ച് അജിത്തിനെ യുകെ പൊലിസ് അറസ്റ്റ് ചെയ്തു. തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് അയാൾ കോടതിയിൽ ഹരജി നൽകിയെങ്കിലും നിയമനടപടികൾ പുരോഗമിക്കുകയാണ്. അജിത്തിന്റെ സഹോദരി സുരേഖ ഉൾപ്പെടെ ഒമ്പത് പേരെ പൊലിസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജീവതത്തിലേക്കുള്ള മടക്കം
മരണത്തെ മുഖാമുഖം കണ്ട ശശിരേഖയും കുടുംബവും പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ശശിരേഖ ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു എന്നത് തകർന്ന കുടുംബത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. എങ്കിലും, വിഷബാധ ഏൽപ്പിച്ച ശാരീരിക ആഘാതങ്ങൾ ഇപ്പോഴും യുവതിയെ വിട്ടുമാറിയിട്ടില്ല.
ശ്രദ്ധിക്കുക ആർസെനിക് വിഷബാധ ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അവയവങ്ങളുടെ പരാജയത്തിന് കാരണമാവുകയും ചെയ്യുന്നു. നഖങ്ങളിലെ 'മീസിന്റെ വരകൾ' ഇതിന്റെ പ്രധാന ലക്ഷണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."