നിതിന്റെ കുടുംബം അഞ്ചരക്കണ്ടി കോളജിലെത്തി; മകനെ കൊന്നവരെ കാണേണ്ടെന്ന് അച്ഛൻ; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി
കണ്ണൂർ: നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് അച്ഛനും സഹോദരി ഭർത്താവുമെത്തിയത്.
എന്നാൽ, കോളേജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങി. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛൻ്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ നടത്താനാണ് തീരുമാനം.
52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. നാളിതുവരെ ആയിട്ടും പ്രതികളെ കണ്ടെത്താൻ പൊലിസിനായിട്ടില്ലെന്നും, ഇത് വലിയ വീഴ്ച്ചയാണെന്നും ആക്ഷൻ കൗൺസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ ഒരു ഡോക്ടറാവേണ്ട കുട്ടിയെയാണ് കൊന്നത്, അല്ലെങ്കിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് കൊന്നതെന്നും 10 കോടി രൂപ നഷ്ട പരിഹാരം കുടുംബത്തിന് നൽകണമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. അതേസമയം, കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലേക്ക് ദളിത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് കോളേജ് മാനേജ്മെൻറ് നിയോഗിച്ച ബൗൺസർമാർ സമരക്കാരെ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."