ഭീഷണിയുടെ നിഴലില്‍ സമാധാന ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; കരാറിലെത്തും വരെ ഉപരോധമെന്ന് ട്രംപ്, യു.എസ് സംഘം ഇസ്‌ലാമാബാദിലേക്ക്; വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അവസാനിക്കും
വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ് - ഇസ്‌റാഈല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു.ഭീഷണിയുടെ നിഴലില്‍ സമാധാന ചര്‍ച്ചക്കില്ലെന്നാണ് ഇറാന്‍ അവസാനം നടത്തിയ പ്രതികരണം. അതേസമയം, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സംഘം ഇന്ന് ഉച്ചയോടെ ഇസ്‌ലാമാബാദില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍-അമേരിക്ക രണ്ടാംവട്ട ചര്‍ച്ച ഉച്ചതിരിഞ്ഞ് ഇസ്‌ലാമാബാദില്‍ നടക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനിശ്ചിതത്വങ്ങള്‍ക്കിടേയും ഇറാന്‍ സംഘം ചര്‍ച്ചക്കെത്തുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കരാറില്‍ എത്താനുള്ള മികച്ച അവസരമാണിതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപി വ്യക്തമാക്കി. അതിന് തയാറായില്ലെങ്കില്‍ യുദ്ധം പുനഃരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. കരാറിലെത്തും വരെ ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഉറപ്പുകള്‍ പാലിക്കുന്നതിന് പകരം യു.എസ് നേതാക്കള്‍ നടത്തുന്ന വിരുദ്ധ പ്രസ്താവനകള്‍ കൈപ്പേറിയ സന്ദേശം മാത്രമാണ് നല്‍കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. ചില ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ ഇസ്ലാമാബാദ് ചര്‍ച്ചയില്‍ പങ്കെടുക്കൂ എന്നാണ് ഇറാന്റെ നിലപാട്. നാവിക ഉപരോധം പിന്‍വലിക്കണം എന്നതാണ് ഇതില്‍ പ്രധാനമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിധിവിട്ട ഉപാധികള്‍ സ്വീകാര്യമല്ലെന്നും അമേരിക്കയെ ഇറാന്‍ അറിയിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് പാകിസ്ഥാനില്‍ വേദി ഒരുങ്ങവെ കഴിഞ്ഞ ദിവസം യു.എസ് നടത്തിയ പ്രകോപനത്തെ തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു ഇറാന്‍. ഇന്നലെ രാവിലെ ഇറാനിലേക്ക് വന്ന കണ്ടെയ്നര്‍ കപ്പല്‍ യു.എസ് നാവികസേന പിടിച്ചെടുത്തതാണ് ഇറാനെ പ്രകോപിപ്പിച്ചത്. കപ്പലിനു നേരെ ആക്രമണം നടത്തിയതോടെ തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. അടുത്ത മണിക്കൂറുകളില്‍ ഇറാന്‍, യു.എസ് യുദ്ധക്കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തു. കപ്പല്‍ യു.എസ് കസ്റ്റഡിയില്‍ വച്ച സാഹചര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണ് ഇറാനുള്ളത്. ചരിത്രപരമായ വിശ്വാസവഞ്ചന യു.എസ് തുടരുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. അര്‍ഥവത്തായ ചര്‍ച്ച തുടരണമെന്ന് യു.എസിന് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ കരാര്‍ തുടക്കം മുതല്‍ യു.എസ് ലംഘിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ബഗായ് പറഞ്ഞു. മുമ്പ് ചര്‍ച്ച നടക്കുന്നതിനിടെ നടന്ന ആക്രമണം ഇറാന്‍ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ ചര്‍ച്ചയ്ക്ക് അയക്കില്ലെന്ന് പറഞ്ഞ ട്രംപ് ഇന്നലെ വാന്‍സ് തന്നെ ചര്‍ച്ചയ്ക്ക് പാകിസ്ഥാനിലേക്ക് പോകുമെന്ന് വ്യക്തമാക്കുകയായിരുന്നു. യു.എസ് പ്രസിഡന്റിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജെറേഡ് കുഷ്നര്‍ എന്നിവരാണ് ചര്‍ച്ചയില്‍ യു.എസിന്റെ ഭാഗത്തെ പ്രമുഖര്‍.
ഹോര്‍മുസ് കടലിലെ ഉപരോധം പിന്‍വലിച്ച് ഇറാനെ ചര്‍ച്ചയ്ക്ക് പാകിസ്ഥാനിലെത്തിക്കാന്‍ മധ്യസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും ഫോണില്‍ പലതവണ സംസാരിച്ചു. രണ്ടു ദിവസത്തിനകം ഇറാനുമായി രമ്യതയിലെത്താനാണ് യു.എസ് നീക്കം. എത്രയുംവേഗം ഇറാനുമായി കരാറിലെത്തുമെന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇറാന് ആണവയുധം ഉണ്ടാകരുത് എന്ന ഒറ്റ നിബന്ധന മാത്രമേ ഉള്ളൂവെന്നും ട്രംപ് പറഞ്ഞു.
diplomatic efforts to end tensions between iran and united states remain uncertain as both sides exchange strong statements, with possible talks in islamabad amid rising conflict concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."